അമിതമായ ഫേസ്ബുക്ക് ഉപയോഗം ദാമ്പത്യങ്ങൾക്ക് വിള്ളൽ വീഴാൻ കാരണമാകുന്നു. ഭർത്താക്കൻമാർ ഫെയ്‌സ്ബുക്കിന് അടിമപ്പെട്ടുവെന്ന് ആരോപിച്ച് വനിതാ കമ്മീഷന് മുന്നിൽ എത്തുന്ന പരാതികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഉത്തരാഖണ്ഡ് വനിതാ കമ്മീഷനിലാണ് സ്ത്രീകളുടെ പരാതി പ്രവാഹം. സോഷ്യൽ മീഡിയയിലെ ഭർത്താക്കൻമാരുടെ ചാറ്റിംഗ് ആണ് സ്ത്രീകളെ അലോസരപ്പെടുത്തുന്നത്.

ഭർത്താക്കൻമാരുടെ സോഷ്യൽ മീഡിയ ഉപയോത്തിനെതിരെ ആഴ്ചയിൽ 34 പരാതികളെങ്കിലും ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷൻ വെളിപ്പെടുത്തി. ഇത് ആദ്യമായാണ് ഇത്രയും പരാതികൾ ലഭിക്കുന്നതെന്നും വനിതാ കമ്മീഷൻ അംഗങ്ങൾ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഭർത്താക്കൻമാർ മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതായും സ്ത്രീകൾ ആരോപിച്ചു. 2005ലെ ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് സ്ത്രീകളുടെ പരാതികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭർത്താക്കൻമാരുടെ സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് പലപ്പോഴും ശാരീരിക പീഡനത്തിന് ഇരയാകേണ്ടി വരുന്നതായും പരാതിക്കാരായ സ്ത്രീകൾ ആരോപിച്ചു.

സോഷ്യൽ മീഡിയ കുടുംബ ബന്ധങ്ങൾ തകർക്കുന്നെന്ന് പഠന റിപ്പോർട്ട് കഴിഞ്ഞ വർഷത്തിൽ പുറത്തു വന്നിരുന്നു. അമിതമായ ഫേസ്ബുക്ക് ഉപയോഗം ദാമ്പത്യങ്ങൾക്ക് വിള്ളൽ വീഴാൻ കാരണമാകുന്നെന്നാണ് പഠനം നടത്തിയ ബ്രിട്ടീഷ് അഭിഭാഷക സംഘം പറയുന്നത്. ബ്രിട്ടീഷ് അഭിഭാഷക ഏജൻസിയായ സ്ലേറ്റർ ആൻഡ് ഗോർഡൻ ലോയേഴ്‌സ് ആണ് സോഷ്യൽ മീഡിയ കുടുംബ ബന്ധങ്ങളിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠനം നടത്തിയത്.

Loading...