തിരുവനന്തപുരം :ഇന്ത്യൻ സേനകൾക്ക് ആകാശക്കരുത്തു കൂട്ടാൻ പുതിയ 3 ഉപഗ്രഹങ്ങൾ കൂടി. ശത്രുവിന്റെ ഒളിത്താവളത്തിലെ സൂക്ഷ്മദൃശ്യങ്ങൾ വരെ പകർത്താൻ കഴിയുന്ന കാർട്ടോസാറ്റ് 3 അടുത്ത 25 നും അതിർത്തിയിലെ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ കഴിയുന്ന റിസാറ്റ്–2 ബിആർ 1, ബിആർ 2 ഉപഗ്രഹങ്ങൾ ഡിസംബറിലും ഐഎസ്ആർഒ വിക്ഷേപിക്കും.

സൈനികാവശ്യങ്ങൾക്കു മാത്രമായി കഴിഞ്ഞ ഏപ്രിലിൽ എമിസാറ്റ്, മേയിൽ റിസാറ്റ് 2 ബി ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതിനു പിന്നാലെയാണ് ഇന്ത്യ ആകാശത്ത് വീണ്ടും ചാരക്കണ്ണുകൾ വിന്യസിക്കുന്നത്. പിഎസ്എൽവി സി–47, 48, 49 റോക്കറ്റുകൾ ഉപയോഗിച്ചായിരിക്കും വിക്ഷേപണം. കാർട്ടോസാറ്റിനൊപ്പം യുഎസിന്റെ 13 ചെറിയ ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കുന്നുണ്ട്.

കാർട്ടോസാറ്റ് 3

25 സെന്റിമീറ്ററിന്റെ ദൂരവ്യത്യാസത്തിലിരിക്കുന്ന വസ്തുക്കളെപ്പോലും 509 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ നിന്നു വേർതിരിച്ചറിയാനും ദൃശ്യം പകർത്താനും ശേഷിയുള്ള ക്യാമറയാണു കാർട്ടോസാറ്റ് 3 ൽ ഉള്ളത്. ശത്രുപാളയത്തിലെ മനുഷ്യർക്കൊപ്പം തോക്കുകളുടെയും ബോംബുകളുടെയും വരെ വിവരങ്ങൾ സേനയ്ക്കു ലഭിക്കും.

16 കിലോമീറ്റർ വ്യാപ്തിയുള്ള മേഖല ഒറ്റദൃശ്യത്തിൽ പകർത്താനുളള സ്പേഷ്യൽ റേഞ്ചുമുണ്ട്. ഭീകരകേന്ദ്രങ്ങളിലെ ഒളിത്താവളങ്ങൾക്കുള്ളിലെ ദൃശ്യം വരെ പകർത്താൻ കഴിയുന്ന മൾട്ടിസ്പെക്ട്രൽ, ഹൈപ്പർ സ്പെക്ട്രൽ ഉപകരണങ്ങളും കാർട്ടോസാറ്റിലുണ്ട്.

റിസാറ്റ്

കടുകട്ടി മേഘങ്ങളെയും ഇരുട്ടിനെയും മറികടന്നു ചിത്രങ്ങൾ പകർത്താൻ കഴിയുന്ന ഉപഗ്രഹങ്ങളാണു റിസാറ്റ് ബിആർ1, 2 എന്നിവ. അതിർത്തിയിലെ നുഴഞ്ഞുകയറ്റം നിരീക്ഷിക്കാനാണ് ഇവ ഉപയോഗിക്കുക.

കരുത്തന്മാർ ഇനിയും

ജിസാറ്റ്–1, ജിസാറ്റ്–2, റിസാറ്റ്–1എ, ജിസാറ്റ് 32 തുടങ്ങിയ സൈനികാവശ്യങ്ങൾക്കു കൂടി ഉപയോഗിക്കാവുന്ന ഉപഗ്രഹങ്ങൾ ഐഎസ്ആർഒയുടെ അടുത്ത വർഷത്തെ വിക്ഷേപണപ്പട്ടികയിലുണ്ട്.

Loading...