m v jayarajan_462x600എം.വി ജയരാജൻ

രാജ്യവ്യാപകമായി സംഘപരിവാർ നേതൃത്വത്തിൽ ദളിത്‌വേട്ട കടുത്തരീതിയിൽ തുടരുന്ന സാഹചര്യത്തിലാണ് മനുഷ്യരെയെല്ലാം ഒന്നിപ്പിച്ചുകൊണ്ട് ചട്ടമ്പിസ്വാമി ദിനത്തിൽ ‘നമ്മളൊന്ന്’ ഘോഷയാത്ര സാക്ഷരകേരളത്തിൽ നടക്കുന്നത്. മനുഷ്യപക്ഷം ചേർന്ന് ചിന്തിക്കുന്നവരെല്ലാം നമ്മളൊന്ന് പരിപാടിക്കൊപ്പം ഉണ്ട് എന്നതാണ് വലിയ ആശ്വാസം. ഇത് പുതിയ നവോത്ഥാന മുന്നേറ്റമാണ്. രാജ്യമാകെ തിരികൊളുത്തപ്പെട്ട നവോത്ഥാന മുന്നേറ്റം. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 70-ാം വാർഷിക ദിനത്തിൽ രാഷ്ട്രപിതാവിന്റെ ജന്മനാടായ ഗുജറാത്തിൽ അന്ന് രണ്ട് അമ്മമാർ ഉയർത്തിയ പതാകയാണ് ഈ നവോത്ഥാനമുന്നേറ്റത്തിന്റെ തുടക്കം.

അഷ്ടമി രോഹിണിനാളിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളുണ്ട്. അതിരാവിലെയാണതെല്ലാം. വിശ്വാസികളായ എല്ലാവരും കക്ഷി-രാഷ്ട്രീയ ഭേദമെന്യേ അതിന്റെ ഭാഗമാവാറും ഉണ്ട്. അതാണ് യഥാർത്ഥ ശ്രീകൃഷ്ണ ജയന്തി. എന്നാൽ തെരുവിൽ കുഞ്ഞുങ്ങളെ ഉൾപ്പടെ പിഢിപ്പിച്ചും മനുഷ്യരെ വിഘടിപ്പിച്ചും ആർ.എസ്.എസ് നടത്തുന്നത് വിശ്വാസത്തെ ചൂഷണം ചെയ്തുള്ള സംഘപരിവാരിന്റെ രാഷ്ട്രീയപ്രവർത്തനമാണ്. ശ്രീകൃഷ്ണ ജയന്തി ലക്ഷ്യം വച്ച് ബോംബ് നിർമ്മിച്ച ആർ.എസ്.എസ്സിന്, ദളിതരെ ഉൾപ്പടെ ആക്രമിച്ച് കൊലപ്പെടുത്തുന്ന സംഘപരിവാറിന്, ശ്രീകൃഷ്ണന്റെ പേരുപറയാൻ പോലും യോഗ്യതയില്ലെന്ന് യഥാർത്ഥ വിശ്വാസികൾ ഉൾപ്പടെ ഇന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

നമ്മളൊന്ന് പരിപാടി ചട്ടമ്പി സ്വാമി ദിനം മുതൽ അയ്യങ്കാളി ദിനം വരെ നീളൂന്ന ഓരോ പ്രദേശത്തേയും ജനകീയ മുന്നേറ്റമാണ്. നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന രാജ്യത്ത്, ജാതിയുടേയും മതത്തിന്റേയും പേരിൽ മനുഷ്യരെ വിഘടിപ്പിക്കാൻ പരിശ്രമം മുറുകുന്ന സംഘപരിവാർ ഭരണകാലഘട്ടത്തിൽ ‘നമ്മളൊന്ന്’ പരിപാടിയുടെ പ്രാധാന്യം ഏറെയേറെ വലുതാണ്. ശ്രീനാരായണ ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ പ്രഖ്യാപനത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഘട്ടത്തിൽ കൂടിയാണ് ‘മനുഷ്യരൊന്ന്’ എന്ന ഐക്യപ്പെടലിന്റെ സന്ദേശം പങ്കുവെയ്ക്കുന്ന ‘നമ്മളൊന്ന്’ പരിപാടി നടക്കുന്നത്.

ബുധനാഴ്ച നടക്കുന്ന നമ്മളൊന്ന് പരിപാടി മനുഷ്യരെയാകെ ഒന്നിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ അത് വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു

Loading...