നിഫ്റ്റി ഒരല്പം അപകടകരമായ സ്ഥിതിവിശേഷത്തിലേക്കാണ് നീങ്ങുന്നതെന്നും കരുതലോടെ നീങ്ങാനും കഴിഞ്ഞയാഴ്ച നിർദ്ദേശിച്ചിരുന്നു. മുന്നോട്ടുള്ള യാത്ര തുടരാൻ 9,274 ഭേദിക്കുക എന്നത് വലിയൊരു കടമ്പയായി മാറിയിരിക്കുകയാണെന്നും 9152-ലെ സപ്പോർട്ടാണ് ശ്രദ്ധിക്കേണ്ടതെന്നും ഇതിനു താഴേക്കുള്ള ക്ലോസിങ്, തകർച്ചയുടെ തുടക്കമാവുമെന്നുമാണ് എഴുതിയിരുന്നത്.

കഴിഞ്ഞയാഴ്ച ആദ്യ മൂന്നു ദിവസം നിഫ്റ്റി 9,173-9,247 നിലവാരത്തിനുള്ളിലായിരുന്നു നിലനിന്നിരുന്നത്. എന്നാൽ അവസാന ദിവസം നിഫ്റ്റി സകല നിയന്ത്രണവും നഷ്ടപ്പെട്ട് 9,151 നിലവാരത്തിൽ എത്തി ക്ലോസ് ചെയ്തു.

കഴിഞ്ഞയാഴ്ചകളിൽ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ ചൂണ്ടുപലകയാവുന്നത് ഒരു തിരുത്തലിലേക്കാണെന്ന് സൂചിപ്പിച്ചല്ലോ. ഇത് ദീർഘമായ ഒരു തിരുത്തലാകുമോ അതോ ഒരു ചെറിയ, ഷാർപ്പായ തിരുത്തലിൽ അവസാനിക്കുമോ എന്നതാവും ഇനി ചിന്തിക്കേണ്ടത്. ഒപ്പംതന്നെ ഈയൊരു ചക്രവ്യൂഹത്തിൽ നിന്നു രക്ഷപ്പെടണമെങ്കിൽ എന്തു വേണമെന്നും.

നിഫ്റ്റിക്ക് വരുന്ന ദിനങ്ങളിൽ ഉയർന്ന തലത്തിൽ നിർണായകമാവുന്നത് 9,183 നിലവാരമാണ്. ഇതിനു താഴെ ക്ലോസിങ് അടിസ്ഥാനത്തിൽ നിലനിൽക്കുന്നിടത്തോളം താഴേക്കുള്ള നീക്കത്തിനു ശക്തി കൂടുകയേയുള്ളു. ഇനി താഴെ ശ്രദ്ധിക്കേണ്ടത് 9,136-9,119 നിലവാരമാണ്. ഈ നിലവാരം നഷ്ടപ്പെട്ടാൽ പിന്നെ 9,019-8,966 നിലവാരങ്ങലിലേക്ക് ഒരു തകർച്ച നേരിടേണ്ടി വരാം. ഈ നിലവാരങ്ങൾ നഷ്ടപ്പെട്ടാൽ ഇപ്പോഴത്തെ തിരുത്തൽ തകർച്ചയിലേക്ക് വഴിമാറുകയും ചെയ്യും. മുകളിലേക്ക് ശ്രദ്ധിക്കേണ്ടത് 9,183 നിലവാരമാണെന്നു പറഞ്ഞുവല്ലോ. ഇത് ക്ലോസിങ് അടിസ്ഥാനത്തിൽ കടത്തിയെടുത്താൽ പിന്നെ വീണ്ടും 9,274 എന്ന നിലവാരത്തിലെ റെസിസ്റ്റൻസ് ആവും ശ്രദ്ധാകേന്ദ്രം. ഇതു ഭേദിക്കാതെ ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടം തരണം ചെയ്യാനാവില്ല. ആഗോള തലത്തിൽ ഉരുണ്ടുകൂടുന്ന ‘കാർമേഘങ്ങൾ’ ഈ അവസരത്തിൽ വലിയ സ്വാധീനം വിപണിയിൽ ചെലുത്തുകയും ചെയ്യും. കരുതലോടെ നീങ്ങുക. ഇനി കഴിഞ്ഞ വാരങ്ങളിൽ നിർദ്ദേശിച്ച ഒാഹരികളിലേക്ക്:

ഡിവീസ് ലാബ്: 623 രൂപ നിലവാരത്തിൽ നിർദ്ദേശിച്ച ഡിവീസ് ലാബ് ഓഹരി കഴിഞ്ഞയാഴ്ച 664 രൂപ നിലവാരം വരെ മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. 670 രൂപ നിലവാരമായിരുന്നു നിശ്ചയിച്ചിരുന്ന ടാർജറ്റ്. 648 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. ഓഹരി കൈയിലുള്ളവർ സ്റ്റോപ് ലോസ് 619-ലേക്ക് ഉയർത്തി പൊസിഷൻ നിലനിർത്തുക.

എച്ച്.ഡി.എഫ്.സി. ബാങ്ക്: 1,422 നിലവാരത്തിൽ നിർദ്ദേശിച്ച ഈ ഓഹരി കഴിഞ്ഞയാഴ്ച 1,450 വരെ മുന്നേറ്റം നടത്തിയിരുന്നു. 1,440 നിലവാരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്റ്റോപ് ലോസ് പരിധി നിർദ്ദേശിച്ചിരുന്നത് 1,401-ലായിരുന്നു. അത് 1404 നിലവാരത്തിലേക്ക് ഉയർത്തി പൊസിഷൻ നിലനിർത്തുക.

ടാറ്റാ സ്റ്റീൽ: കഴിഞ്ഞയാഴ്ച 488 രൂപ നിലവാരത്തിൽ  ഹ്രസ്വകാല നിക്ഷേപത്തിനു നിർദ്ദേശിച്ച ടാറ്റാ സ്റ്റീൽ ഓഹരി തൊട്ടടുത്ത ദിവസം തന്നെ 475 എന്ന സ്റ്റോപ് ലോസിൽ എത്തിയിരുന്നു. പൊസിഷൻ ഒഴിവാക്കുക.

ഈയാഴ്ചത്തെ ഓഹരി
ഹിന്ദുസ്ഥാൻ പെട്രോളിയം: ഈ ആഴ്ച നിർദ്ദേശിക്കുന്നത് ഹിന്ദുസ്ഥാൻ പെട്രോളിയം ഓഹരിയാണ്. 530-545 നിലവാരത്തിനുള്ളിൽ ഈ ഓഹരിയിൽ ഹ്രസ്വകാല നിക്ഷേപം പരിഗണിക്കാം. 522 നിലവാരത്തിൽ സ്റ്റോപ് ലോസോടെ 605 രൂപയിലേക്ക് ടാർജറ്റ് നിശ്ചയിക്കാം.

Loading...