Subscribe to MalayalamNewspress:

ഗോത്രവര്‍ഗക്കാര്‍ അമ്പെയ്ത് കൊലപ്പെടുത്തിയ അമേരിക്കന്‍ യുവാവിന്റെ മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹത്തിലെ തീര്‍ത്തും ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപ് ആണ് നോര്‍ത്ത് സെന്റിനല്‍. അവിടെ മാത്രം ജനിച്ചു മരിച്ചു ജീവിക്കുന്ന ഗോത്രമനുഷ്യരാണ് സെന്റിനല്‍സ് എന്നറിയപ്പെടുന്നത്. കാടിനെയും കടലിനെയും ആശ്രയിച്ചാണ് സെന്റിനെല്‍ ദ്വീപ് നിവാസികളുടെ ജീവിതം.

പുറത്തുനിന്നുള്ള സന്ദര്‍ശകരെ ഇവര്‍ അമ്പെയ്ത് പ്രതിരോധിക്കും. പുറത്തുനിന്നുള്ളവര്‍ ദ്വീപില്‍ പ്രവേശിക്കരുതെന്ന് ഇന്ത്യന്‍ നിയമവും വിലക്കുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ സെന്റിനെല്‍ ഉള്‍പ്പെടുന്ന ദ്വീപുസമൂഹത്തെ കോളനിവത്ക്കരിക്കാന്‍ ശ്രമിക്കുമ്പോള്‍ 8000 പേരോളം ഇവിടെയുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ദീര്‍ഘനാളായുള്ള ഏകാന്തവാസത്തെത്തുടര്‍ന്ന് ഇവരുടെ പ്രതിരോധശക്തി ക്ഷയിച്ചു. അസുഖങ്ങള്‍ക്കും അണുക്കള്‍ക്കുമെല്ലാം എളുപ്പം കീഴടങ്ങാനുള്ള സാധ്യതയുണ്ട്.

Loading...

കണക്കുകളില്‍ 150 ആണ് നിലവില്‍ ഇവിടുത്തെ ജനസംഖ്യ. എന്നാല്‍ ചിത്രങ്ങളും മറ്റും ആസ്പദമാക്കിയുള്ള ദേശീയ സെന്‍സസ് പ്രകാരം പതിനഞ്ചോളം പേര്‍ മാത്രമേ ഇപ്പോള്‍ ഈ ദ്വീപിലുള്ളൂ എന്നും കരുതപ്പെടുന്നു. ഗോത്രവിഭാഗത്തെപ്പറ്റി ഇന്ന് പുറംലോകത്തിനറിയാവുന്ന കാര്യങ്ങളെല്ലാം ചിത്രങ്ങളിലൂടെയോ ബോട്ടുകളില്‍ ഒരു നിശ്ചിത അകലത്തില്‍ നിന്ന് നോക്കി മനസ്സിലാക്കുകയോ ചെയ്തവയാണ്. നഗ്‌നരാണ് ഇവര്‍. സ്ത്രീകള്‍ നാരുകള്‍ കൊണ്ടുള്ള ചരടുകള്‍ അരയിലും തലയിലും കഴുത്തിലും ചുറ്റാറുണ്ട്. പുരുഷന്മാര്‍ മാലകളും തലയില്‍കെട്ടുകളും ധരിക്കാറുണ്ട്. ചിലര്‍ മുഖത്ത് ചായം പൂശാറുമുണ്ട്. അമ്പും വില്ലും കുന്തവും ഇവര്‍ സ്ഥിരമായി ഉപയോഗിക്കുന്ന ആയുധങ്ങളാണ്. ചില ചിത്രങ്ങളില്‍ ഇത് കാണാം.

അവസാനമായി ദ്വീപിലെത്തിയ അലന്‍ ഡയറിക്കുറിപ്പില്‍ പറയുന്നതിങ്ങനെ: ‘അഞ്ച് അടി 5 ഇഞ്ച് ഉയരമുള്ള മനുഷ്യര്‍, അവര്‍ മുഖത്ത് മഞ്ഞ ചായം പൂശിയിരിക്കുന്നു’. ഗോത്രവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കായുള്ള അഭിഭാഷക സംഘമായ സര്‍വൈവല്‍ ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത് ഇങ്ങനെ: ‘കരുത്തുള്ള ആരോഗ്യമുള്ളവര്‍, നിരവധി കുട്ടികളും ഗര്‍ഭിണികളായ സ്ത്രീകളും ഇവര്‍ക്കിടയിലുണ്ട്.

1960കളില്‍ നരവംശശാസ്ത്രജ്ഞര്‍ ദ്വീപ് ഇടക്കിടെ സന്ദര്‍ശിച്ചിരുന്നു. ദ്വീപുവാസികള്‍ക്ക് സമ്മാനങ്ങളും മറ്റും നല്‍കിയാണ് അവര്‍ സന്ദര്‍ശനം സാധ്യമാക്കിയിരുന്നത്. എന്നാല്‍ പോകെപ്പോകെ ശാസ്ത്രജ്ഞരെയും ഇവര്‍ ദ്വീപിലേക്ക് പ്രവേശിപ്പിക്കാതെയായി. എതിര്‍പ്പിനെത്തുടര്‍ന്ന് ശാസ്ത്രജ്ഞരും പിന്‍വാങ്ങി. 2004ല്‍ സുനാമിയുണ്ടായപ്പോള്‍ ദ്വീപിന് മുകളിലൂടെ പറന്ന ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്ടറിനെ ഇവര്‍ അമ്പെയ്ത് വീഴ്ത്താനൊരുങ്ങി. പിന്നാലെ സെന്റിനെല്‍ ദ്വീപിലേക്ക് സന്ദര്‍ശനം പാടില്ലെന്ന് അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സുരക്ഷിത ദൂരത്തുനിന്ന് ഇവരുടെ ആരോഗ്യകാര്യങ്ങളും മറ്റും ഉദ്യോഗസ്ഥര്‍ ഇടക്കിടെ നിരക്ഷീച്ചുപോരുന്നുണ്ട്. ഒരു ചെറിയ പനി പോലും ഇവരില്‍ എളുപ്പം പടര്‍ന്നുപിടിക്കാനും അതുവഴി ഈ ഗോത്രത്തിന് വംശനാശം സംഭവിക്കാനും ഇടയാകുമെന്ന് കരുതപ്പെടുന്നു.

1981 -ല്‍ ഹോങ്കോങ്ങില്‍ നിന്നുള്ള ഒരു കപ്പല്‍ ഈ ദ്വീപിനടുത്ത് മണലില്‍ ഉറച്ചുപോകാന്‍ ഇടയായി. പിറ്റേന്ന് രാവിലെ അന്‍പതോളം നഗ്‌നരായ മനുഷ്യര്‍ അമ്പും വില്ലും മറ്റു ആയുധങ്ങളുമായി കരയില്‍ നില്‍ക്കുന്നത് കപ്പലില്‍ ഉള്ളവര്‍ കണ്ടു. അവര്‍ തടികൊണ്ടുള്ള ചങ്ങാടം നിര്‍മിക്കാന്‍ ഒരുങ്ങുകയായിരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ ക്യാപ്റ്റന്‍ തുടര്‍ന്ന് അപകട സന്ദേശം അയക്കുകയും കപ്പല്‍ ജീവനക്കാരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് സെന്റിനല്‍സ് വാര്‍ത്തയില്‍ നിറയുന്നത് 2006-ല്‍ ആണ്. ദിശതെറ്റി ദ്വീപില്‍ അകപ്പെട്ട ഇന്ത്യക്കാരായ രണ്ട് മല്‍സ്യതൊഴിലാളികളെ ദ്വീപ് നിവാസികള്‍ കൊലപ്പെടുത്തി.

സെന്റിനല്‍ ദ്വീപില്‍ തെങ്ങ് വളരുകയില്ല എങ്കിലും തേങ്ങകള്‍ ഇവര്‍ക്ക് പ്രിയങ്കരമാണ്. ഇങ്ങനെ 1991 -ല്‍ ആണ് ആദ്യമായും അവസാനമായും സെന്റിനല്‍സുമായി ഇടപെഴകാന്‍ അവസരം ഉണ്ടായത്. ഈ പര്യവേഷണത്തില്‍ ബോട്ടിനു ദ്വീപിന്റെ വളരെ അടുത്ത് എത്താനായി. മാത്രവുമല്ല ഇട്ടുകൊടുത്ത തേങ്ങകള്‍ സെന്റിനല്‍സ് എടുത്തുകൊണ്ടുപോവുകയും ചെയ്തു. തേങ്ങ എന്ന് അര്‍ഥം വരുന്ന ‘ഗാഗ ‘ എന്ന ജറാവ ഗോത്രഭാഷ ഉച്ചരിക്കുകയും അത് മനസ്സിലാക്കാക്കി സെന്റിനല്‍സ് സൗഹാര്‍ദ്ദപരമായി ഇടപെടുകയും ചെയ്തു. ഇത് ചിത്രീകരിക്കുകയും ചെയ്തിരുന്നു.

Subscribe to MalayalamNewspress: