ഇതുവരെ നടത്തിയ ഗവേഷണങ്ങള്‍ക്കോ, ശാസ്ത്രങ്ങള്‍ക്കോ ഉത്തരം നല്‍കാനാകാത്ത ദുരൂഹതയാണ് സൈബീരിയയിലെ ഇര്‍കുട്‌സ്‌ക് മേഖലയില്‍ കണ്ടെത്തിയ പാറക്കൂട്ടം. ഒറ്റനോട്ടത്തില്‍ കഴുകന്‍ കൂട് പോലെ തോന്നും.

1994 ല്‍ ഈ മേഖലയില്‍ ഗവേഷണം നടത്തുകയായിരുന്ന വാഡിം കൊല്‍പകൊവ് എന്ന ശാസ്ത്രഞ്ജനാണ് ഈ പാറക്കൂട്ടം കണ്ടെത്തിയത്. തുടര്‍ന്ന് നിരവധി ഗവേഷകര്‍ ഇതിനെക്കുറിച്ച് ആഴത്തില്‍ അറിയാന്‍ ശ്രമിച്ചു. 250 വര്‍ഷം പഴക്കമുള്ളതായി കണ്ടെത്തി. പാറ്റംസ്‌കീ എന്ന് അവര്‍ ഇതിനും പേരും നല്‍കി. അപ്പോഴും പാറക്കൂട്ടത്തിന്റെ ചരിത്രത്തെക്കുറിച്ചും അതിന്റെ സ്വഭാവത്തെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ കിട്ടിയില്ല. അന്യഗ്രഹ ജീവികള്‍ നിര്‍മിച്ചതാകാമെന്നും ഉല്‍ക്ക പതിച്ചതാകാമെന്നും അഗ്‌നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമാമാകാമെന്നും വാദങ്ങളുയര്‍ന്നു. എന്നാല്‍ ആധികാരികമായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

എന്നാല്‍ ഈ ഭാഗത്തുള്ള പ്രദേശവാസികള്‍ക്കു ഇതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നതായി പഠനത്തില്‍ നിന്നും വ്യക്തമായി. ദുഷ്ടശക്തികളുടെ കേന്ദ്രമാണ് ഈ പാറക്കൂട്ടമെന്നു നാട്ടുകാര്‍ വിശ്വസിക്കുന്നു. ഇവിടെയെത്തുന്നവരുടെ ജീവന്‍ അപായപ്പെടുമെന്നും സമീപത്തെത്തുന്നതു പോലും അപകടമാണെന്നും ഇവര്‍ അവകാശപ്പെടുന്നു. സമീപത്തേക്കു പോയവര്‍ ഒന്നുകില്‍ മരണമടയുകയോ കാണാതാകുകയും ചെയ്തിട്ടുണ്ട്.

പാറക്കൂട്ടത്തിന്റെ നിശ്ചിത ചുറ്റളവില്‍ എത്തുന്ന മനുഷ്യരുടെ ഊര്‍ജം താഴുകയും ഊഷ്മാവില്‍ വ്യത്യാസം അനുഭവപ്പെടുകയും ചെയ്തതായി ഇവര്‍ പറയുന്നു. ഈ വാദങ്ങളുടെ ചുവട് പിടിച്ച് നടത്തിയ പഠനത്തില്‍ പാറക്കൂട്ടം ചെറിയ തോതില്‍ ഉയരുകയും താഴുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും പാറക്കൂട്ടത്തിനടുത്തുള്ള സസ്യലതാദികള്‍ക്കു മികച്ച വളര്‍ച്ചയാണുള്ളതെന്ന വസ്തുത വിരോധാഭാസവും.

റഷ്യയിലെ ഏറ്റവും നിഗൂഢതയേറിയ സ്ഥലം എന്നാണ് ഇവിടം ഇപ്പോള്‍ അറിയപ്പെടുന്നത്. ഈ വിചിത്രമായ ആകൃതി സ്വാഭാവികമായി ഉണ്ടായതാണോ അതോ ആരുടെയെങ്കിലും സൃഷ്ടിയാണോയെന്നും പരിശോധിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഗവേഷണം കൂടുതല്‍ ഊര്‍ജിതമാക്കാനും ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്താന്‍ പരമാവധി ശ്രമിക്കാനും ശാസ്ത്രഞ്ജര്‍ തീരുമാനിച്ചിരിക്കുകയാണ്.

Loading...