ഏതെങ്കിലും ഒരു വിദേശ ഭാഷ പഠിച്ചിരിക്കുന്നതു കരിയറിനു വളരെ നല്ലതാണ്. പക്ഷേ, വിരലില്‍ എണ്ണാവുന്നതിലധികം വിദേശ ഭാഷകള്‍ ഉള്ളിടത്ത് ഏതു പഠിക്കും എന്നു പലര്‍ക്കും ആശയക്കുഴപ്പം ഉണ്ടാകും. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കിട്ടുന്നത് ഏത് ഭാഷയക്കാണെന്ന അറിവ് ഇതിനൊരു പരിധി വരെ പരിഹാരമാകും. എന്നാല്‍ കേട്ടോ, ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം ലഭിക്കാന്‍ സാധ്യതയുള്ളതു ചൈനീസ് ഭാഷ അറിയാവുന്നവര്‍ക്കാണ്.

തൊഴില്‍ പരസ്യങ്ങള്‍ക്കു വേണ്ടിയുള്ള സേര്‍ച്ച് എഞ്ചിന്‍ കമ്പനിയായ ആഡ്‌സ്യുണയുടേതാണ് ഈ കണ്ടെത്തല്‍. രണ്ടര ലക്ഷത്തിലധികം തൊഴില്‍ പോസ്റ്റിങ്ങുകള്‍ വിലയിരുത്തി നടത്തിയ പഠനമാണ് ഇന്ത്യയിലും ചെനീസ് ഭാഷയുടെ അപ്രമാദിത്തം വിളിച്ചോതിയത്. പത്തു ഭാഷകളെ ഉള്‍പ്പെടുത്തിയാണു പഠനം നടത്തിയത്. ചൈനീസ് ഭാഷ അറിയാവുന്നവര്‍ക്കു ശരാശരി 11,89,234 രൂപ വാര്‍ഷിക പ്രതിഫലം ലഭിക്കുമെന്നാണു പഠനത്തില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചൈനീസ് ഭാഷ അറിയാവുന്നവര്‍ക്കുള്ള ആവശ്യകത 80 ശതമാനത്തോളം വർധിച്ചിട്ടുണ്ടെന്ന് ആഡ്‌സ്യുണ പറയുന്നു. എന്നാല്‍ ശമ്പളം കൂടുതലായതു പോലെ ചൈനീയ് ഭാഷ ജോലികള്‍ ലഭിക്കാനുള്ള മത്സരവും കടുത്തതാണ്. കാരണം 587 തൊഴില്‍ ഒഴിവുകള്‍ മാസമാണു കഴിഞ്ഞ മാസം ചൈനീസ് ഭാഷ അറിയുന്നവര്‍ക്കു വേണ്ടി ലിസ്റ്റ് ചെയ്യപ്പെട്ടത്.

ചൈനീസ് കഴിഞ്ഞാല്‍ പിന്നെ ഡിമാന്‍ഡ് ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍ ഭാഷകള്‍ക്കാണ്. ഫ്രഞ്ച് അറിയാവുന്നവര്‍ക്കു പ്രതിവര്‍ഷം ശരാശരി 9,83,769 രൂപയാണു ശമ്പളം. സ്പാനിഷ് അറിയാവുന്നവര്‍ക്കു 9,80,379 രൂപയും ജര്‍മ്മന്‍ അറിയാവുന്നവര്‍ക്കു 9,51,375 രൂപയുമാണ് പ്രതിവര്‍ഷ ശരാശരി ശമ്പളം. ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍ ഭാഷ അറിയുന്നവരില്‍ അധ്യാപര്‍ക്കാണു കൂടുതല്‍ ശമ്പളം ലഭിക്കുന്നത്. ഫ്രഞ്ചില്‍ 1364 ഒഴിവുകളും സ്പാനിഷില്‍ 1150 ഒഴിവുകളും ജര്‍മ്മനില്‍ 1392 ഒഴിവുകളുമാണ് ഡിസംബറില്‍ ലിസ്റ്റ് ചെയ്യപ്പെട്ടത്.

ഈ ഭാഷകള്‍ കഴിഞ്ഞാല്‍ പിന്നെ പ്രാമുഖ്യം ഇന്ത്യക്കാരില്‍ നല്ലൊരു ശതമാനത്തിനും ഇപ്പോള്‍ അറിയാവുന്ന ഇംഗ്ലീഷിനാണ്. ഇംഗ്ലീഷറിയുന്നവര്‍ക്കു ലഭിക്കാവുന്ന ശരാശരി പ്രതിവര്‍ഷ ശമ്പളം 6,06,988 രൂപ മാത്രമാണെങ്കിലും ഇംഗ്ലീഷ് ഭാഷയില്‍ 25,570 ഒഴിവുകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. ജപ്പാനീസ് അറിയുന്നവര്‍ക്കു പ്രതിവര്‍ഷം ശരാശരി 5,37,088 രൂപയും ഡച്ച് ഭാഷക്കാര്‍ക്കു 5,20,000 രൂപയും അറബി അറിയുന്നവര്‍ക്കു 5,19,707 രൂപയും ലഭിക്കും.

ശമ്പളം ഇവയെ അപേക്ഷിച്ചു കുറവാണെങ്കിലും പ്രാദേശിക ഭാഷ അറിയുന്നവര്‍ക്കും ജോലിയില്‍ ആവശ്യകത വർധിക്കുന്നുണ്ട്. ഉദാഹരണത്തിനു പഞ്ചാബിയും ബംഗാളിയുമൊക്കെ അറിയുന്നവര്‍ക്കുള്ള തൊഴില്‍ ഒഴിവുകളില്‍ വന്‍ വർധന കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്.

courtesy: manorama

Loading...