ഔറംഗാബാദ്: സുഹൃത്തിനെ കൊലപ്പെടുത്തി വ്യാജ ആത്മഹത്യ സൃഷ്ടിക്കാൻ ശ്രമിച്ച യുവതി പിടിയില്‍. കാമുകനൊപ്പം ജീവിക്കാനായാണ് സോനാലി ഷിന്‍ഡെ എന്ന 30 കാരി കടുംകൈ ചെയ്തത്. മരണത്തിന് ഉത്തരവാദി ഭര്‍ത്താവാണെന്ന് ആത്മഹത്യകുറിപ്പ് തയ്യാറാക്കിയാണ് സൊനാലി കൂട്ടുകാരിയെ വകവരുത്തി കത്തിച്ചത്.

കൂട്ടുകാരിയായ റുക്മാന്‍ഭായ് മാലി (31) യെ കൊലപ്പെടുത്തിയതിനു ശേഷം സോനയുടെ വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയോടെയാണ് മൃതദേഹം അഗ്‌നിക്കിരയായത്. കാമുകന്‍ വൈഷ്ണവും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. മഹാരാഷ്ട്രയിലെ ജല്‍ഗാവോണ്‍ ജില്ലയിലെ ചലിസ്‌ഗോണിലാണ് സംഭവം നടന്നത്.

മെയ് 24 ന് പിസദേവിയിലെ ഒരു കൃഷിയിടത്തില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തു. ഇതൊടാപ്പം ആത്മഹത്യാകുറിപ്പും ഉണ്ടായിരുന്നു. തന്റെ ഭര്‍ത്താവ് മദ്യപാനിയാണെന്നും ശാരീരിക പീഡനത്തിന് ഇരയായതായും ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നു. അന്വേഷണത്തില്‍ മരിച്ചത് സോനാലിയാണെന്ന നിഗമനത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സോനാലിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം ഭര്‍ത്താവിനെതിരെ അന്വേഷണം നടത്തിയ പൊലീസ് സോനാലി ജീവിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനടുത്ത് കണ്ടെത്തിയ കുറിപ്പ് അന്വേഷണഉദ്യോഗസ്ഥരുടെ മനസില്‍ സംശയം സൃഷ്ടിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. അതേസമയം ഹര്‍സല്‍ സ്വദേശിയായ റുക്മാന്‍ബായി മാലിയെ കാണാതായ സംഭവത്തിലും അന്വേഷണം തുടങ്ങി.

ഷിര്‍ദ്ദി, അഹമ്മദ്‌നഗര്‍, നാസിക്, സൂററ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തിയ സോനാലിയെ പൊലീസ് ചളിസഗോണ്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് പിടികൂടിയതോടെ നാടകത്തിന് തിരശീല വീഴുകയായിരുന്നു. അറസ്റ്റിലായ സോനാലി റുക്മാന്‍ബായിയെ കൊലപ്പെടുത്തിയതായി സമ്മതിക്കുകയായിരുന്നു.

Loading...