ഇൻസ്റ്റാൾമെന്റിന് സാധനങ്ങൾ വിൽക്കാൻ വരുന്ന ആളുകൾ കൂടുതലും പതിവായി വരാറുള്ളത് ഞായറാഴ്ചകളിലാണ്. ഒരു വീട്ടിലേയ്ക്ക് ആവശ്യമായ ഏറെക്കുറെ സാധനങ്ങൾ ഇത്തരക്കാരുടെ കയ്യിൽ ഉണ്ടാകും. തവണകളായി തുക അടച്ചു തീർക്കാം എന്നതിനാൽ ചിലയിടങ്ങളിൽ ഇത്തരക്കാർക്ക് സ്വീകാര്യത കൂടുതലാണെന്ന് തോന്നുന്നു.

പറഞ്ഞു വരുന്നത് ഇവരെപ്പോലെ ഞായറാഴ്ച സീസൺ സന്ദർശകരായ മറ്റൊരു കൂട്ടരെ കുറിച്ചാണ്. പെണ്ണുകാണൽ മഹാമഹം ടീമ്സ്. എല്ലാവരെയും കുറിച്ചല്ല, സ്ത്രീധന മോഹികളായ, അങ്ങനെ അല്ല, സ്ത്രീധനത്തോടുള്ള ആർത്തി മൂത്ത് പ്രാന്ത് ആയ കുറച്ച് പേരെ കുറിച്ചാണ്. പറഞ്ഞും കെട്ടും ഒക്കെ സ്ത്രീധന വിരോധം പഴക്കം ചെന്ന ഒന്നാണെങ്കിലും ചിലതൊക്കെ പറയാതിരിക്കാനും വയ്യ.

പല കല്യാണത്തിനും പോയിട്ടുണ്ടെങ്കിലും അതിനുള്ളിലെ ചില നൂലാ മാലകളെ കുറിച്ച് ഒന്ന് ഇരുത്തി ചിന്തിച്ച് തുടങ്ങിയത് ഉണ്ണി ചേച്ചീടെ ആദ്യത്തെ പെണ്ണുകാണൽ കഴിഞ്ഞപ്പോഴാണ്. അന്ന് മുതൽ ഔചിത്യം അന്വേഷിച്ചിട്ടും ഇന്നും കൃത്യമായ ഒരു ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ് ഈ സ്ത്രീധന തട്ടിന്റെ അളവുകോലിനെ കുറിച്ചുള്ളത്. സർക്കാർ ജീവനക്കാരാണ് വിവാഹ മാർക്കറ്റിന്റെ ഏറ്റവും മുകളിലത്തെ തട്ടിൽ നിൽക്കുന്ന കൂട്ടർ. എന്തൊക്കെ വകകൾ എടുത്തുവച്ചാലും ഈ തട്ട് ഉയർന്ന് തന്നെ ഇരിയ്ക്കും.

അന്ന് ഉണ്ടായ സംഭവം പറയാം. ചായ കൊടുക്കാൻ ട്രേയുമായി നടന്നു വരുന്ന ഉണ്ണി ചേച്ചി. സോഫയിൽ ഇരിക്കുന്ന ഉണ്ണി ചേച്ചീടെ അച്ഛനും മാമനും പിന്നെ പെണ്ണുകാണാൻ വന്ന ചെറുക്കനും ചെറുക്കന്റെ അളിയനും ബ്രോക്കറും. പുള്ളിക്കാരി പയ്യനെ നോക്കി ചായ കൊടുക്കുന്നു… ചെറുക്കനെ നോക്കുന്നു… ചെറുക്കൻ പെണ്ണിനെ നോക്കുന്നു… ചായകൊടുത്ത് മാറി നിക്കുന്നു… ഇതൊക്കെ കണ്ട ഞങ്ങൾ പെൺപട അക്ഷമയോടെ പലഹാരപാത്രങ്ങൾ കാത്ത് നിൽക്കുന്നു. ഇതിനിടയിൽ ഒരു സെക്കന്റ് നീണ്ട നിശബ്ദതയെ കീറിമുറിച്ച് കൊണ്ട് ബ്രോക്കർ ചെറുക്കനോട്… ” പെണ്ണിൻറെ പേര് ചോദിയ്ക്ക്”. ആ കീഴ്വഴക്കവും കഴിഞ്ഞപ്പോൾ പെണ്ണിന്റെയും ചെറുക്കന്റെയും റോൾ കംപ്ലീറ്റഡ്. പിന്നെ എല്ലാം ചെറുക്കന്റെ അളിയന്റെ വകയായിരുന്നു. കുടുംബ മഹിമ മനഃപാഠമാക്കിയപോലെ പറഞ്ഞൊപ്പിച്ചു. ചെറുക്കന് സ്വന്തമായി വീടുണ്ട്. സർക്കാർ സ്കൂളിൽ “അധ്യാപകനാണ്”. പിന്നെ പയ്യന്റെ അളിയനാണെന്ന് സ്വയം പരിചയപ്പെടുത്താനും വസ്തുവും കാറും ആഭരണവും ഒക്കെ വാരിക്കോരി സ്ത്രീധനം നൽകിയാണ് പയ്യൻ സഹോദരിയുടെ കല്യാണം നടത്തിയതെന്നും പറഞ്ഞ് സ്വയം തരാം താഴ്ത്താനും അദ്ദേഹം മറന്നില്ല. അളന്നു മുറിച്ച് ചിലവ് കഥ പറഞ്ഞപ്പോൾ തന്നെ സ്ത്രീധനമായി എന്ത് കെങ്ങനെ വേണം എന്നുള്ള പൂർണരൂപം കിട്ടിയത് കൊണ്ടാണോ എന്നറിയില്ല, പിന്നെ ആ പാർട്ടിക്കാരെ ഉണ്ണിച്ചേച്ചീടെ വീട്ടിൽ അടുപ്പിച്ചിട്ടില്ല. ഇതിനിടയിൽ പെണ്ണിനും ചെറുക്കനും ഇഷ്ടമാണോ എന്നൊന്നും ചോദിക്കുന്നത് ഞാൻ കേട്ടില്ല. ചോദിച്ചു എന്ന് ആരും പറഞ്ഞും കേട്ടില്ല.

വീടുകൾ കയറിയിറങ്ങി കയ്യിലുള്ള വസ്തു ആവശ്യക്കാർക്കു കച്ചവടം ചെയ്യുന്ന ഈ ഇൻസ്റ്റാൾമെന്റുകാരെ കാണുമ്പോൾ എന്തൊക്കെയോ എവിടെയൊക്കെയോ ഒരു സാമ്യം ഇല്ലേയെന്നു ഒരു സംശയം.

  • അശ്വതി.എസ്സ്

Loading...