അടൂർ: മൂർഖൻ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് അഞ്ചൽ ഏറം വെള്ളിശ്ശേരിൽ വീട്ടിൽ ഉത്രയെ(25) കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പറക്കോട് ശ്രീസൂര്യയിൽ സൂരജിനെയും (27) പാമ്പുകളെ നൽകിയ പാരിപ്പള്ളി കുളത്തൂർക്കോണം കെ.എസ് ഭവനിൽ ചാവരുകാട് സുരേഷ് കുമാറിനെയും (47) സൂരജിന്റെ പറക്കോട്ടുള്ള വീട്ടിലും ഏനാത്തും എത്തിച്ചു തെളിവെടുപ്പു നടത്തി. പാമ്പിനെ കൈമാറിയത് ഏനാത്ത് പഴയ ചന്തമുക്ക് ജംക്‌ഷനിലേക്കുള്ള വഴിയരികിലെ പെട്ടിക്കടയ്ക്കു മുന്നിലായിരുന്നുവെന്ന് സൂരജും സുരേഷും സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഏപ്രിൽ 24ന് ഉച്ചയ്ക്ക് ഒന്നിനായിരുന്നു കൈമാറ്റം. ലോക്ഡൗണിൽ ഇവിടെ ആളൊഴിഞ്ഞിരുന്നു. തൊട്ടടുത്തുള്ള കടയിലെ നിരീക്ഷണ ക്യാമറ പ്രവർത്തിച്ചിരുന്നില്ല. സൂരജ് ബൈക്കിലും സുരേഷ് സ്കൂട്ടറിലുമാണ് എത്തിയതെന്നും പറഞ്ഞു. തെളിവെടുപ്പു സമയത്ത് സുരേഷ് കരയുന്നുണ്ടായിരുന്നു. രാവിലെ 11 മണിയോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ. അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെയും കൊണ്ട് പറക്കോട്ടെ വീട്ടിൽ എത്തി. ഈ സമയം വീടിനു മുൻപിലുള്ള റോഡിൽ വൻ ജനക്കൂട്ടമാണുണ്ടായിരുന്നത്.

താൻ നിരപരാധിയാണെന്നും ഉപദ്രവിച്ചും ഭീഷണിപ്പെടുത്തിയുമാണ് കുറ്റം സമ്മതിപ്പിച്ചതെന്നും സൂരജ് മാധ്യമങ്ങളോടു പറഞ്ഞു. ഉത്രയുടെ വീട്ടിൽ പാമ്പിനെ കൊണ്ടുചെന്നതെന്നു പറയുന്ന കുപ്പി പൊലീസുകാർ തന്നെ അവിടെ കൊണ്ടുവച്ചതാണെന്നും അതിൽ തന്റെ കൈ വിരലുകളുടെ അടയാളം ബലമായി പതിപ്പിച്ചതായും സൂരജ് ആരോപിച്ചു.

Loading...