വെള്ളിത്തിരയിലെ പ്രണയ ജോഡികൾ ജീവിതത്തിൽ ഒന്നിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. ആരാധനയേക്കാൾ കൂടുതൽ‍ ബഹുമാനത്തോടെയാണ് പ്രേക്ഷകർ തെന്നിന്ത്യൻ താരജോഡികളായ സൂര്യയെയും ജ്യോതികയെയും നോക്കിക്കാണുന്നത്. പ്രണയകാലത്തിലെ സ്നേഹവും കരുതലും ഒട്ടും കുറയാതെ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നതാണ് അവരുടെ മാതൃകാദാമ്പത്യത്തിന്റെ രഹസ്യമെന്ന് ആരാധകർ പലകുറി മനസ്സിലാക്കിയതുമാണ്.

പൊതുവേദിയിൽ സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളിലെല്ലാം തന്നെ താരദമ്പതികൾ പങ്കാളികളെക്കുറിച്ച് നല്ലവാക്കുകൾ പറയാറുണ്ട്. തന്റെ വിജയത്തിനു പിന്നിൽ ജ്യോതികയാണെന്ന് പലകുറി സൂര്യപറഞ്ഞിട്ടുണ്ട്. സൂര്യ ഇല്ലാതെ താനില്ലെന്നും തന്റെ അച്ഛനുമമ്മയുമെല്ലാം സൂര്യയാണെന്നും ജ്യോതികയും പലകുറി പറഞ്ഞിട്ടുണ്ട്.

സൂര്യയെപ്പോലെ ഒരു ഭർത്താവിനെക്കിട്ടിയ താൻ ഭാഗ്യവതിയാണെന്നും സ്വാർഥതയില്ലാതെ എങ്ങനെ സ്നേഹിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സൂര്യയെന്നും അവർ പറയുന്നു. സൂര്യയുടെ പകുതി ഗുണമെങ്കിലും മകന് ലഭിക്കണമെന്ന് താൻ ആത്മാർഥമായി ആഗ്രഹിക്കാറുണ്ടെന്നും ജ്യോതിക പറയുന്നു. സ്നേഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമുള്ള കൃത്യമായ നിർവചനങ്ങൾ പോലും താൻ മനസ്സിലാക്കിയത് സൂര്യയിൽ നിന്നാണെന്നും അവർ പറയുന്നു.

പങ്കാളിയെ ഏതു കാര്യമാണ് സന്തോഷിപ്പിക്കുന്നത് എന്ന് കണ്ടെത്തിയാൽ അതു സ്നേഹമാണെന്നും സ്നേഹത്തിന് തുല്യത എന്നും കൂടി അർഥമുണ്ടെന്നും ജ്യോതിക പറയുന്നു. എന്നാൽ പങ്കാളിക്ക് നമ്മളേക്കാൾ കൂടുതൽ സ്പേസ് നൽകുമ്പോഴാണ് അവിടെ പ്രണയമുണ്ടാവുന്നതെന്നും ജ്യോതിക പറയുന്നു.സൂര്യ തനിക്കാവശ്യമായ സ്പേസ് മാത്രമല്ല തനിക്ക് അർഹമായ ബഹുമാനം തരുന്നുണ്ടെന്നും മറ്റാരും തന്നെക്കുറിച്ച് മോശമായി ഒരു വാക്കു പറയാനുള്ള സാഹചര്യം സൂര്യ സൃഷ്ടിക്കില്ലെന്നും ജ്യോതിക പറയുന്നു. തനിക്കൊരു പ്രശ്നം വരുകയാണെങ്കിൽ ആദ്യം അതു പറയുക സൂര്യയോടാണെന്നും ജ്യോതിക പറയുന്നു.

തനിക്ക് സുഖമില്ലാത്ത സമയങ്ങളിൽ സൂര്യ തന്നോടൊപ്പം തന്നെ കാണുമെന്നും സൂര്യയുടെ കെയറിങ്ങിനെപ്പറ്റി പ്രണയ കാലത്തു തന്നെ ബോധ്യപ്പെട്ടിരുന്നുവെന്നും വിവാഹം കഴിഞ്ഞാലും ഈ കെയറിങ് നിലനിൽക്കുമെന്ന ഉറപ്പുണ്ടായിരുന്നതുകൊണ്ടാണ് സൂര്യയെ വിവാഹം കഴിച്ചതെന്നും പറഞ്ഞുകൊണ്ടാണ് ജ്യോതിക അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ മനസ്സു തുറന്നത്.

Loading...