കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമസ്വരാജ് സഞ്ചരിച്ച വിമാനവുമായുള്ള ബന്ധം 14 മിനിറ്റ് നേരത്തേക്ക് നഷ്ടമായത് ആശങ്ക പരത്തി. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് മൗറീഷ്യസിലേക്ക് പോയ മേഘദൂത് എന്ന വിമാനവുമായിട്ടുള്ള ബന്ധമാണ് നഷ്ടമായത്. മൗറീഷ്യസ് വ്യോമാതിര്‍ത്തിയിലൂടെ വിമാനം സഞ്ചരിക്കുന്ന വേളയിലായിരുന്നു സംഭവം. തുടര്‍ച്ചയായി 10 മിനിറ്റിലധികം നേരം വിമാനവുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെ മൗറീഷ്യന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അപായ മുന്നറിയിപ്പ് നല്‍കി.

ഇന്നലെ വൈകുന്നേരം നാലിന് തിരുവനന്തപുരത്ത് നിന്നുമാണ് വിമാനം യാത്ര തിരിച്ചത്. ഇത് ആദ്യം ചെന്നൈ ഫ്‌ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഏരിയയിലേക്കാണ് പ്രവേശിച്ചത്. അതിനു ശേഷം മൗറീഷ്യസ് വ്യോമാതിര്‍ത്തിയില്‍ എത്തിയതോടെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായി. ഇത് 14 മിനിറ്റ് നേരത്തേക്ക് തുടര്‍ന്നു. ഇതാണ് ആശങ്കയക്ക് കാരണമായത്. അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം ഒരു വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി തുടര്‍ച്ചയായി 30 മിനിറ്റ് നേരം ബന്ധപ്പെടാന്‍ സാധിക്കാതെ വന്നാല്‍ അതിനെ കാണാതായെന്ന് കണക്കാക്കണം. വിമാനത്തിന്റെ ബന്ധം നഷ്ടമായ ശേഷം ആദ്യത്തെ 10 ാം മിനിറ്റിലും പിന്നീട് 20 മിനിറ്റിന് ശേഷം അപായ മുന്നറിയിപ്പുകള്‍ നല്‍കും. ഈ മുന്നറിയിപ്പ് ലഭിക്കുന്ന വിമാനം സഞ്ചരിക്കുന്ന പാതയിലുള്ള എയര്‍ട്രാഫിക് കണ്‍ട്രോളുകള്‍ വിമാനം കണ്ടെത്താന്‍ ശ്രമിക്കും.

Loading...