ന്യൂഡൽഹി: ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി തന്റെ ഹീറോയാണെന്നു കേന്ദ്രമന്ത്രി ഉമാഭാരതി. അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു. എനിക്ക് പതിനഞ്ചോ പതിനാറോ വയസ്സുള്ളപ്പോഴാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അന്നുമുതൽ സ്വാമിയും ജോർജ് ഫെർണാണ്ടസുമായിരുന്നു എന്റെ നായകന്മാരെന്നും ഉമ പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം സുബ്രഹ്മണ്യൻ സ്വാമി ധീരനായ വ്യക്തിയാണ്. അതിനാൽത്തന്നെ അദ്ദേഹം പറയുന്നതെന്തും ഞാൻ വിശ്വസിക്കും. അയോധ്യയിൽ രാമക്ഷേത്രനിർമാണം ഈ വർഷമവസാനം തുടങ്ങുമെന്ന അദ്ദേഹത്തിന്റെ വാക്കുകളും താൻ വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു.

കഴിഞ്ഞ ഏപ്രിലിൽ മുംബൈയിൽ നടന്ന ഒരു ചടങ്ങിലാണ് രാമക്ഷേത്രനിർമാണം ഈ വർഷമവസാനത്തോടെ തുടങ്ങുമെന്നു സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത്. ഈ ക്ഷേത്രത്തിലാവും അടുത്ത വർഷത്തെ രാമനവമി ആഘോഷിക്കുകയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

Loading...