തിരുവനന്തപുരം : വ്യാജരേഖ കേസിൽ സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ആണ് സ്വപ്‍നയിൽ ആരോപിക്കപ്പെട്ടിട്ടുള്ളത്.2016 മാർച്ചിൽ കന്റോൺമെന്റ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ബിനോയ്‌ ജേക്കബ് മാത്രമേ പ്രതിയായി ഉണ്ടായിരുന്നുള്ളൂ. 2019ൽ ക്രൈം ബ്രാഞ്ചിലേക്ക് കേസ് മാറിയതിനു ശേഷമാണ് സ്വപ്നയെ കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചത്.

ഹൈക്കോടതി അനുവദിച്ച അഞ്ചുമാസം ജൂലൈ അവസാനം കഴിയുകയാണ്. സ്വപ്ന എയർ ഇന്ത്യ സാറ്റ്സിൽ ജോലി ചെയ്യുന്ന കാലത്താണ് തട്ടിപ്പ് നടത്തിയത്. ഈ കേസിൽ രണ്ടു തവണ സ്വപ്നയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. തുടരന്വേഷണത്തിനായി ഹാജരാകാൻ വീണ്ടും ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിവായി. പിന്നീട് സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടു മുങ്ങി.

എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്തതിനു ശേഷം അവരുടെ കസ്റ്റഡി കാലാവധി തീരുന്ന മുറയ്ക്ക്, സ്വപ്നയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ  വാങ്ങി ചോദ്യം ചെയ്യാനാണു ശ്രമം. ഒന്നാം പ്രതി ബിനോയ്‌ ജേക്കബ് സമാനമായ കേസുകളിൽ കൊച്ചി എയർപോർട്ടിലും ഉൾപ്പെട്ടിട്ടുള്ളതായി അറിയുന്നു.

ഉയർന്ന തസ്തികകളിൽ ജോലി സമ്പാദിക്കാൻ സ്വപ്ന സുരേഷിനെ പോലെ ബിനോയ്‌ ജേക്കബും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയതായി സംശയിക്കുന്നു. ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വിവിധ തലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണെന്നു ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു.

Loading...