കൊച്ചി:കോടതിയിൽ കീഴടങ്ങാൻ പദ്ധതിയിട്ടു കൊച്ചിയിലേക്കു പുറപ്പെട്ട സ്വപ്നയെ പിന്തിരിപ്പിക്കാൻ കൂടെയുണ്ടായിരുന്ന സന്ദീപ് ശ്രമിച്ചിരുന്നുവെന്നാണു സൂചന. ഇക്കാര്യം സന്ദീപ് സ്വർണക്കടത്തു റാക്കറ്റിനെ അറിയിച്ച ശേഷമാണു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനും കീഴടങ്ങൽ വൈകിപ്പിക്കാനും ആലോചനയുണ്ടായത്.

ഇതിനിടയിലാണു സ്വപ്നയും കുടുംബവും സഞ്ചരിച്ച വാഹനത്തെ ചിലർ പിന്തുടരാൻ തുടങ്ങിയത്. മട്ടാഞ്ചേരി റജിസ്ട്രേഷൻ നമ്പരായിരുന്നു വാഹനത്തിന്. എന്നാൽ നമ്പർ വ്യാജമാണെന്നു സംശയമുണ്ട്. കേരളത്തിൽ റോഡ് മാർഗമുള്ള കുഴൽപ്പണക്കടത്തിന് അകമ്പടി പോകുന്ന കൊച്ചിയിലെ ഗുണ്ടാ സംഘമാണു വാഹനത്തിലുണ്ടായിരുന്നത് എന്നാണു സൂചന. കൊച്ചി വിടും മുൻപു തൃപ്പൂണിത്തുറയിൽ വച്ച് മൊബൈ‍ൽ ഫോണിൽ സ്വപ്നയുടെ ശബ്ദം റെക്കോർഡ് ചെയ്ത് അജ്ഞാത വാഹനത്തിലുള്ളവർക്കു കൈമാറിയത് സന്ദീപാണെന്നു പറയുന്നു.

ജീവൻ അപകടത്തിലാണെന്നു തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ സ്വപ്നയുടെ മകൾ വിളിച്ചറിയിച്ചതായി കണ്ടെത്തി. ഈ സമയം മകളുടെ സുഹൃത്ത് ഐബി ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലായിരുന്നു. മകൾ സാറ്റലൈറ്റ് ഫോണിൽ വിളിച്ചതിനാൽ കൃത്യമായ ലൊക്കേഷൻ കണ്ടെത്താൻ സൈബർ സെല്ലിനു കഴിഞ്ഞില്ല. മകളുടെ കൈവശമുള്ള സിംകാർഡ് ഉപയോഗിക്കുന്ന ഫോൺ ഓൺ ചെയ്തു വയ്ക്കാൻ ഐബി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം സുഹൃത്ത് അറിയിച്ചു. തുടർന്നാണ് ബെംഗളൂരുവിലെ ഇവരുടെ ലൊക്കേഷൻ എൻഐഎ കണ്ടെത്തിയത്.

Loading...