കൊച്ചി:മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു നയതന്ത്ര സ്വർണക്കടത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച് പ്രതി സ്വപ്ന സുരേഷ്. അതേസമയം യുഎഇ കോൺസുലേറ്റ് ജനറൽ, അറ്റാഷെ എന്നിവരെ പ്രതിക്കൂട്ടിലാക്കിയാണ് സ്വപ്ന കസ്റ്റംസിന് മൊഴി നൽകിയിരിക്കുന്നത്. നയതന്ത്ര ബാഗിൽ സ്വർണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്നും ഒരു കിലോ സ്വർണം കടത്താൻ അറ്റാഷെയ്ക്ക് 1,000 ഡോളർ വീതം പ്രതിഫലം നൽകിയെന്നും സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നൽകി.

എം. ശിവശങ്കറുമായി തനിക്ക് സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നത്. നേരത്തെ കോൺസുലേറ്റിലും ഐടി വകുപ്പിലും ജോലി ചെയ്ത സമയത്തുള്ള പരിചയമാണ്. അത് സൗഹൃദത്തിലേക്കു വളരുകയായിരുന്നു. സ്വർണക്കടത്തിലെ മറ്റു പ്രതികൾക്കും അദ്ദേഹവുമായി കാര്യമായ ബന്ധമില്ല. ഇപ്പോഴുണ്ടായിരിക്കുന്ന സ്വർണക്കടത്തിനെ കുറിച്ച് അദ്ദേഹത്തിന് അറിവുള്ളതല്ല. ഇക്കാര്യത്തിൽ യാതൊരു പങ്കുമില്ലെന്നും സ്വപ്ന പറഞ്ഞു. 

അതേസമയം യുഎഇ കോൺസുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും എതിരെ സ്വപ്ന കസ്റ്റംസിന് മൊഴി നൽകി. കഴിഞ്ഞ ജൂലൈ മുതൽ സ്വർണം ഇന്ത്യയിലേക്കു കടത്തുന്നതിനെക്കുറിച്ച് ഇവർക്ക് അറിവുള്ളതായിരുന്നു. മാത്രമല്ല, ഇതിന്റെ സാമ്പത്തിക ലാഭത്തിന്റെ വിഹിതം ഇവരും പറ്റിയിട്ടുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തി. 

കഴിഞ്ഞ ദിവസം എൻഐഎ ചോദ്യം ചെയ്യലിൽ എം. ശിവശങ്കറും തനിക്ക് സ്വപ്നയുമായി സൗഹൃദമാണ് ഉള്ളതെന്നായിരുന്നു വെളിപ്പെടുത്തിയത്. തന്റെ സൗഹൃദം സ്വപ്ന ദുരുപയോഗം ചെയ്യുകയായിരുന്നെന്നും സ്വർണക്കടത്തിൽ ബന്ധമില്ലെന്നുമായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസവും അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാൽ ഇദ്ദേഹത്തെ കാണാൻ സരിത്ത് മറ്റ് പ്രതികൾക്കൊപ്പം സെക്രട്ടേറിയറ്റിനുള്ളിൽ എത്തിയതായി പറഞ്ഞിരുന്നു. ഇതിന് തെളിവു ലഭിച്ചാൽ ശിവശങ്കറിനു മേൽ കുരുക്കു മുറുകാനാണ് സാധ്യത. 

ഇന്നലെ എൻഐഎ കോടതി റിമാൻഡ് ചെയ്ത സ്വപ്ന സുരേഷും സന്ദീപ് നായരും കാക്കനാട് ജയിലിലാണ് ഉള്ളത്. ഇരുവർക്കും രാജ്യാന്തര സ്വർണക്കടത്തിലുള്ള ബന്ധം മൊബൈൽ ഫോണിൽ നിന്നു ലഭിച്ചിട്ടുണ്ട്. സൈബർ ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷം ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനിടെ പ്രതികൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിട്ടുണ്ട്.

Loading...