പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും പെൺകുട്ടി ഗർഭിണിയാവുകയും ചെയ്ത കേസ് ഷാർജ ക്രിമിനൽ കോടതിയിൽ. ജിസിസി പാസ്പോർട്ടുള്ള സൈനികനും ജിസിസി സ്വദേശിനിയായ പെൺകുട്ടിയുമാണ് കേസിൽ ഉൾപ്പെട്ടത്. പെൺകുട്ടി സ്കൂളിൽ ബോധരഹിതയായി വീണതോടെയാണ് സംഭവങ്ങൾ പുറം ലോകം അറിഞ്ഞത്. അധ്യാപിക പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ലാബ് റിപ്പോർട്ടിലാണ് വിദ്യാർഥിനി ഗർഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന്, പെൺകുട്ടിയെ ദുബായ് പൊലീസിന് കൈമാറുകയായിരുന്നു.

പൊലീസിന്റെ ചോദ്യം ചെയ്യലിൽ ബന്ധുവായ യുവാവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് പെൺകുട്ടി സമ്മതിച്ചു. ഇയാൾക്ക് തന്നെ ഇഷ്ടമാണെന്നും പക്ഷേ, വിവാഹം കഴിക്കാൻ വീട്ടിൽ അനുവാദം ചോദിക്കാൻ സാധിക്കില്ലെന്നും വിദ്യാർഥിനി പറഞ്ഞു. പെൺകുട്ടിയുടെ മാതാവ് ഈ ബന്ധം സ്വീകരിക്കില്ല എന്നതായിരുന്നു അതിന് കാരണമായി പറഞ്ഞത്. എന്നാൽ, ഉടൻ വിവാഹം കഴിക്കുമെന്ന് പറഞ്ഞ് പെൺകുട്ടിക്ക് രേഖാമൂലം ഉറപ്പു കൊടുത്തിരുന്നു. മാതാവിന്റെയോ സഹോദരിമാരുടെയോ അറിവില്ലാതെ ഇയാൾ പല തവണ വീട്ടിൽ വന്നിരുന്നുവെന്നും വിദ്യാർഥിനി സമ്മതിച്ചു.

അതേസമയം, കോടതിയിൽ യുവാവ് കാര്യങ്ങൾ നിഷേധിച്ചു. വിദ്യാർഥിനിയുമായി അത്തരം ബന്ധമില്ലായിരുന്നുവെന്നും ഇയാൾ പറഞ്ഞു. പക്ഷേ, ലാബ് പരിശോധനയിൽ യുവാവ് പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് വ്യക്തമായി. ജുവനൈൽ സെന്ററിൽ കഴിയുന്ന മകളെ വിട്ടയക്കണമെന്ന് പെൺകുട്ടിയുടെ മാതാവ് ആവശ്യപ്പെട്ടു. പക്ഷേ, കോടതി ജാമ്യം അനുവദിച്ചില്ല. ജിസിസി സ്വദേശിയായ പിതാവും അറബ് സ്വദേശിയായ മാതാവും വിവാഹ മോചിതരാണെന്നും പെൺകുട്ടിയുടെ ഈ അവസ്ഥ യുവാവ് ചൂഷണം ചെയ്യുകയായിരുന്നുവെന്നും ബന്ധുവായ വ്യക്തി കോടതിക്ക് പുറത്ത് ആരോപിച്ചു.

Loading...