ഏറെ നാളായി മമ്മൂട്ടി ആരാധകർ കാത്തിരുന്ന ചിത്രമാണ് ദ ഗ്രേറ്റ്ഫാദർ. ആ കാത്തിരിപ്പ് വെറുതെയായില്ല. ഓരോ നിമിഷവും ത്രില്ലടിപ്പിച്ചാണ് ഗ്രേറ്റ്ഫാദർ മുന്നേറുന്നത്. മമ്മൂട്ടിയിലെ അഭിനേതാവിനേയും താരത്തേയും ഒരുപോലെ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടുള്ള ചിത്രമാണ് ദ ഗ്രേറ്റ് ഫാദർ. സമകാലിക കേരളീയ സമൂഹത്തില്‍ വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ആശയത്തിന്റെ മികച്ച അവതരണം.

സന്തോഷത്തോടെ കഴിഞ്ഞിരുന്ന തന്റെ കുടുംബത്തിൽ അപ്രതീക്ഷിതമായി വരുന്ന ഒരു വിപത്തിനെ പിന്തുടരുന്ന ഡേവിഡ് നൈനാൻ എന്ന ബിൽഡറുടെ കഥയാണ് ഗ്രേറ്റ്ഫാദർ. അദ്ദേഹം എങ്ങനെ തന്റെ ലക്ഷ്യത്തിലെത്തുന്നു എന്നുള്ളതാണ് ചിത്രത്തിന്റെ കാതൽ. നമ്മുടെ സമൂഹത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ചില സംഭവങ്ങൾക്കു നേരെ പിടിച്ച കണ്ണാടി കൂടിയാണ് ഈ ചിത്രം. പെണ്‍മക്കളുള്ള ഓരോ പിതാവിലും ഒരു ഡേവിഡ് നൈനാനുണ്ടാകണം എന്ന തോന്നല്‍ പ്രേക്ഷകരില്‍ സൃഷ്ടിക്കുന്നു.

മമ്മൂട്ടിയെ നൂറ് ശതമാനവും സ്‌റ്റൈലിഷ് ആയി അവതരിപ്പിച്ചിരിക്കുകയാണ് ചിത്രത്തിൽ. മമ്മൂട്ടിയിലെ താരപരിവേഷത്തെയാണ് ഗ്രേറ്റ്ഫാദറിൽ സംവിധായകൻ ഹനീഫ് അദേനി കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. അതിന് ശക്തമായ പിന്തുണയുമായി ഛായാഗ്രാഹകൻ റോബി വർഗീസ് രാജുമുണ്ട്. സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതവും ഗോപീ സുന്ദറിന്റെ സംഗീതവും കൈയടി കിട്ടാൻ പോന്നവയാണ്.

മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു വില്ലനെ അവതരിപ്പിക്കാനും അതുവഴി പ്രേക്ഷകനെ ഞെട്ടിക്കാനും ചിത്രത്തിന്റെ തിരക്കഥ കൂടി കൈകാര്യം ചെയ്തിരിക്കുന്ന സംവിധായകൻ ഹനീഫിന് സാധിച്ചിട്ടുണ്ട്. ഒപ്പം ഒട്ടൊന്ന് ഭീതിപ്പെടുത്തുന്ന രീതിയിലുള്ള, മലയാളികൾ അടുത്ത കാലത്തൊന്നും കണ്ട് പരിചയമില്ലാത്ത ക്ലൈമാക്‌സും പ്രേക്ഷകരെ ആകർഷിക്കും.
ബിൽഡറായ ഡേവിഡ് നൈനാൻറേത് സന്തോഷം നിറഞ്ഞുനിൽക്കുന്ന ഒരു കുടുംബമായിരുന്നു. ഭാര്യ ഡോ.മിഷേലും മകൾ സാറയും അടങ്ങുന്ന കുടുംബം. സാറ ലൈംഗികപീഡനത്തിന് ഇരയായതാണ് ആ കുടുംബത്തെ തകർത്തെറിഞ്ഞത്. ഡേവിഡ് എന്ന പിതാവ് ആ സാഹചര്യത്തെ എങ്ങനെ നേരിടുന്നു എന്നും കുറ്റവാളികളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതുമാണ് ചിത്രത്തിൻറെ പ്രമേയം. കുട്ടികളെ പീഡിപ്പിച്ചുകൊല്ലുന്ന ഒരു സീരിയൽ കില്ലറിനെ അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ ആൻഡ്രൂസായി ആര്യയും സിനിമയിലുണ്ട്.

പൂർണമായും മമ്മൂട്ടിയുടെ പ്രകടനമാണ് ദി ഗ്രേറ്റ്ഫാദറിൻറെ ഹൈലൈറ്റ്. ആദ്യ പകുതി ഇമോഷന് പ്രാധാന്യം നൽകുമ്പോൾ രണ്ടാം പകുതി ചടുലമാണ്. തകർപ്പൻ ആക്ഷൻ രംഗങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ സ്‌റ്റൈലും ആക്ഷനും സെൻറിമെൻറ്‌സ് രംഗങ്ങളുമെല്ലാം പ്രേക്ഷകരെ വശീകരിക്കുന്ന വിധം ഒരുക്കാൻ ഹനീഫ് അദേനിക്ക് കഴിഞ്ഞിട്ടുണ്ട്. സമീപകാലത്ത് അരങ്ങേറ്റം കുറിച്ച സംവിധായകരിൽ ഈ ചെറുപ്പക്കാരൻ കൂടുതൽ പ്രതീക്ഷ നൽകുന്നു.

ആര്യ, ആർ.ശ്യാം, സ്‌നേഹ, മാളവിക, മിയ, അനിഘ, ദീപക്, ഐ.എം.വിജയൻ, കലാഭവൻ ഷാജോൺ മുതലായവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. ആര്യ വേഷം മികച്ചതായിട്ടുണ്ട്. മമ്മൂട്ടിയുടെ ഡേവിഡ് നൈനാനും ആര്യയുടെ ആൻഡ്രൂസ് ഈപ്പനും തമ്മിലുള്ള രംഗങ്ങൾ ഇരുവരുടേയും ആരാധകരെ തൃപ്തിപ്പെടുത്തും.
ടെക്!നിക്കൽ പെർഫെക്ഷനോടെ ഒരുക്കിയിരിക്കുന്ന സിനിമ മമ്മൂട്ടി ആരാധകരെ ത്രില്ലടിപ്പിക്കുന്നു. കുടുംബപ്രേക്ഷകരെയും ആകർഷിക്കുന്നു.

Loading...