കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി വീശിയതോടെ. കേരള–തമിഴ്നാട് അതിർത്തിക്കരികെ തേനി പൊട്ടിപ്പുറത്ത് കണികാ പരീക്ഷണശാലയുടെ നിർമാണം ആരംഭിക്കുന്നതിനു നീക്കം ശക്തമായി. പരീക്ഷണശാല സ്ഥാപിക്കുന്നതിനു മുന്നോടിയായി മേഖലയുടെ സംരക്ഷണം തമിഴ്നാ‌ട് പൊലീസ് ഏറ്റെടുത്തു. പൊട്ടിപ്പുറം മലനിര വേലികെട്ടി തിരിച്ചതോടെ നിർമാണ പ്രവർത്തനം ഉടൻതന്നെ ആരംഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ മാസമാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നൽകിയത്. മലനിര വേലികെട്ടിത്തിരിച്ച് ജനങ്ങൾക്കുള്ള പ്രവേശനവും നിരോധിച്ചിരിക്കുകയാണ്.

കേരള–തമിഴ്നാട് അതിർത്തി മേഖലയിൽ ഭൂഗർഭ പരീക്ഷണ ശാലയെത്തുന്നതോടെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്നതാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നത്. തേനിയിലെ സംരക്ഷിത വനമേഖലയായ ബോഡി വെസ്റ്റ് മലനിരകൾക്കടിയിൽ 1300 മീറ്റർ ആഴത്തിലാണ് പരീക്ഷണശാല നിർമിക്കാൻ ഉദ്ദേശിക്കുന്നത്. തേനിയിലെ കണികാ പരീക്ഷണപദ്ധതി കേരളത്തിന്റെയും തമിഴ്നാടിന്റെയും പ്രദേശങ്ങളിൽ ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആശങ്ക.

∙ തമിഴ്നാട്ടിലും പ്രതിഷേധം
മലനിരയ്ക്കുള്ളിൽ രണ്ടര കിലോമീറ്റർ വിസ്തൃതിയിലാണ് പരീക്ഷണശാല നിർമിക്കുന്നത്. പരീക്ഷണശാല നിർമാണത്തിനെതിരെ തമിഴ്നാട് കമ്പത്ത് എംഡിഎംകെ ജനറൽ സെക്രട്ടറി വൈകോയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തിയിരുന്നു. തേനി ജില്ലയ്ക്കടുത്തുള്ള പ്രദേശങ്ങൾ ഭൂകമ്പ സാധ്യതയുള്ള മേഖലയായാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ഈ മേഖലകളിൽ ഭൂഗർഭ തുരങ്കം നിർമിക്കുന്നതും അതിനായി എട്ടുലക്ഷം ചതുരശ്ര അടിയോളം പാറ പൊട്ടിക്കുന്നതും പരിസ്ഥിതിയെ ഏതു തരത്തിലാണ് ബാധിക്കുകയെന്നതു പ്രവചനാതീതമാണ്.

അതോടൊപ്പം ഇവയ്ക്കടുത്തു സ്ഥിതി ചെയ്യുന്ന മുല്ലപ്പെരിയാർ അടക്കമുള്ള 16 അണക്കെട്ടുകൾ അപകടത്തിലാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. കണികാ പരീക്ഷണശാലയ്ക്ക് ആദ്യം കണ്ടെത്തിയ സ്ഥലം നീലഗിരിയിലെ സിങ്കാര കുന്നുകളായിരുന്നു. എന്നാൽ അതു മുതുമല കടുവാ സങ്കേതത്തിൽപ്പെട്ട സ്ഥലമായതുകൊണ്ടു വിവാദമായി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നൽകിയില്ല. ഏറ്റവുമൊടുവിലാണ് തേനിയിലെ പൊ‌ട്ടിപ്പുറത്തിനു നറുക്കു വീണത്. പരീക്ഷണശാലയ്ക്കെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമായി.

∙തുരങ്കമെത്തുന്നത് മതികെട്ടാൻചോലയിലേക്ക്
മതികെട്ടാൻ ചോലവരെ നീളുന്ന തുരങ്കത്തെക്കുറിച്ച് സംസ്ഥാന സർക്കാരിനും കാര്യമായ വിവരങ്ങളില്ല. പരീക്ഷണശാല നിർമിക്കാനുദ്ദേശിക്കുന്ന സ്ഥലം പശ്ചിമഘട്ടത്തിലെ സംരക്ഷിത വനമേഖലയാണ്. ഇവിടെ പരീക്ഷണശാല നിർമിക്കണമെങ്കിൽ എട്ടുലക്ഷം ടൺ പാറയാണ് ജലറ്റിൻ ഉപയോഗിച്ച് പൊട്ടിച്ചുനീക്കേണ്ടത്. ശ്രദ്ധാപൂർവമല്ല പരീക്ഷണശാലയുടെ നിർമാണ

പ്രവർത്തനങ്ങൾ നടക്കുന്നതെങ്കിൽ ലോകപൈതൃക കേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടത്തിന്റെ ഒരുഭാഗം തന്നെയാകും നഷ്ടമാകുക. കേരള അതിർത്തിയോടു ചേർന്നു തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന കണികാ പരീക്ഷണശാലയ്ക്കു വേണ്ടി നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനു മുൻപു കേരള സർക്കാരുമായി കൂടിയാലോചിച്ച് ശാസ്ത്രീയമായി അതിന്റെ ആഘാതപഠനം നടത്തണമെന്നും ആവശ്യം ഉയർന്നിരുന്നു. പരീക്ഷണശാല നിർമാണത്തിനു മുന്നോടിയായി തേനിയിൽനിന്നു പൊട്ടിപ്പുറത്തേക്ക് ഇരട്ടവരി പാത നിർമിക്കുന്നതിനും കേന്ദ്ര സർക്കാർ നീക്കം ആരംഭിച്ചു.

Loading...