ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തെരേസ മേയ് ഇന്നു ചുമതലയേൽക്കും. മികച്ച പ്രഭാഷകയും ബ്രിട്ടിഷ് രാഷ്ട്രീയത്തിലെ തലമുതിർന്ന നേതാവുമാണ് തെരേസ മേയ്. ഏറ്റവും കൂടുതൽ കാലം ആഭ്യന്തരസെക്രട്ടറിയായിരുന്ന തെരേസ മേയ്.

നിലപാടുകളിലെ കണിശതയും കഠിനാധ്വാനവും കറപുരളാത്ത രാഷ്ട്രീയജീവിതവുമാണ് തെരേസ മെയ് എന്ന 59കാരിയെ ബ്രിട്ടിഷ് രാഷ്ട്രീയത്തിന്റെ തലപ്പത്തെത്തിച്ചത്. അവരുടെ തന്നെ വാക്കുകളിൽ, ടെലിവിഷൻ ചർച്ചകൾക്ക് സമയം കളയാത്ത, തീൻമേശയിൽ പരദൂഷണം പറയാത്ത, മദ്യസൽക്കാരങ്ങളിൽ പങ്കെടുക്കാത്ത രാഷ്ട്രീയക്കാരി. പുരുഷമേധാവിത്വം നിറഞ്ഞ ഇംഗ്ലീഷ് രാഷ്ട്രീയത്തിൻറെ വഴികളിൽ വേറിട്ടു സഞ്ചരിച്ചാണ് തെരേസ ഉയരങ്ങളിലെത്തിയത്. പിതാവ് പുരോഹിതനെങ്കിലും പന്ത്രണ്ടാം വയസിൽ പാർട്ടി പതാകയേന്തി തെരേസ. പിതാവിൻറെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാതിരുന്ന മകൾ ഇന്നും ഉറച്ച ദൈവവിശ്വാസി.

ഓക്‌സഫർഡ് യൂണിവേഴ്‌സിറ്റിയിൽ മുൻ പാക് പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയായിരുന്നു കൂട്ടുകാരി. പിന്നീട് ജീവിതത്തിൽ കൂട്ടുകാരനായ ഫിലിപ് മെയെ പരിചയപ്പെടുത്തിയതും ബേനസീർ തന്നെ. മക്കളില്ലാത്ത ദുഃഖം വലുതെങ്കിലും സജീവരാഷ്ട്രീയം എല്ലാം മറക്കാൻ സഹായിക്കുമെനന് തെരേസ പറയും. 1997ൽ മെയ്ഡൻഹെഡിൽ നിന്ന് ആദ്യമായി പാർലമെൻറിലെത്തി. മികച്ച പ്രഭാഷകയായി പേരെടുത്ത തെരേസമെയ് വളരെപ്പെട്ടന്ന് കൺസർവേറ്റീവ് പാർട്ടിയിലെ പ്രധാനിയായി. ആഭ്യന്തര സെക്രട്ടറിയായിരിക്കുമ്പോൾ ഉറച്ചനിലപാടുകളിലൂടെ പേരെടുത്തു.

സ്വവർഗവിവാഹം നിയമപരമാക്കുന്നതിലും ബ്രെക്‌സിറ്റിലും കാമറണിനൊപ്പെം നിന്നെങ്കിലും പൂർണമനസോടെയായിരുന്നില്ല. ഏഷ്യൻ വിമൻ അച്ചീവ്‌മെൻറ് അവാർഡ് വേദിയിൽ സാരി ധരിച്ചെത്തിയ തെരേസ മെയ് ഫാഷൻ ലോകത്തും ശ്രദ്ധേയയാണ്. ബ്രെക്‌സിറ്റ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കുക എന്ന വലിയ വെല്ലുവിളിയാണ് ഇനി പുതിയപ്രധാനമന്ത്രിയെ കാത്തിരിക്കുന്നത്.

Loading...