ഗൾഫ് രാജ്യങ്ങളിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്കുള്ള പിഴയടക്കാൻ ഏകീകൃത സംവിധാനം നിലവിൽ വരും. വിവിധ രാജ്യങ്ങളിൽ വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ വ്യാപകമായി ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പിഴയടക്കാൻ ഏകീകൃത സംവിധാനം കൊണ്ടുവരുന്നത്. നിയമം പ്രാബല്യത്തിൽ വരുന്നതോടെ മറ്റു രാജ്യങ്ങളിൽ ചെന്ന് ഗതാഗത നിയമ ലംഘനം നടത്തി പിഴ അടക്കാതെ രക്ഷപ്പെടുന്നവർക്കു ശിക്ഷ ലഭിക്കും.

നിലവിൽ ഏതെങ്കിലുമൊരു ജിസിസി രാജ്യത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു ഗൾഫ് രാജ്യത്ത് ചെന്ന് ഗതാഗത നിയമ ലംഘനങ്ങൾ നടത്തിയാൽ  പിഴ ചുമത്താൻ സാങ്കേതികമായി തടസ്സമുണ്ടായിരുന്നു. ഗതാഗത നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് പണം  അയക്കുകയാണ് നിലവിലുള്ള രീതി.

ഗതാഗത നിയമലംഘനങ്ങള്‍ക്ക് ചുമത്തുന്ന പിഴയുടേയും അതൊടുക്കുന്നതിനുള്ള രീതിയും ഏകീകരിക്കുന്നതോടെ ഇതിനു പരിഹാരമാവും. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ  ഗൾഫ് രാജ്യങ്ങളിലെ മുഴുവൻ ഗതാഗത വകുപ്പുകളും പരസ്പരം സംയോജിക്കപ്പെടുകയും പിഴയടക്കാനുള്ള  സൗകര്യം നിലവിൽ വരികയും ചെയ്യും.
ഇതോടെ ജി സി സി രാജ്യങ്ങളിലുള്ളവര്‍ക്ക് ഗതാഗത നിയമ ലംഘനത്തിന് പിഴയുണ്ടെങ്കില്അത് അടക്കാതെ രക്ഷപ്പെടാന്കഴിയാത്ത അവസ്ഥയുണ്ടാകും. ഖത്തര്‍, ബഹറൈന്‍, യു എ ഇ എന്നീ രാജ്യങ്ങളില്‍ ഏകീകൃത സംവിധാനം  നടപ്പില്‍ വരുത്താനുള്ള നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം ട്രാഫിക് ജനറല്‍ ഡയറക്റ്ററേറ്റ് മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ഖര്‍ജി വ്യക്തമാക്കി.

പിഴ അടയ്ക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനത്തിന്‍റെ തയ്യാറെടുപ്പുകള്‍ 90 ശതമാനം പൂര്‍ത്തിയായതായും മുഹമ്മദ് സാദ് പറഞ്ഞു. നിയമം വരുന്നതോടെ ഒരു ജി സി സി രാജ്യത്ത് നിയമം ലംഘിച്ച് അടുത്ത രാജ്യത്തേക്ക് ജോലി തേടിപ്പോകുന്ന ഡ്രൈവര്‍മാര്‍ക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. പിഴ ചുമത്തിയതില്‍ അപാകത ഉണ്ടെങ്കില്‍ ഉമടകള്‍ക്ക് അത് ബോധിപ്പിക്കാനും സംവിധാനമുണ്ടാവും. പുതിയ ഏകീകൃത സംവിധാനം വഴി നിയമലംഘനത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ അതിവേഗം നിയന്ത്രണ സംവിധാനത്തില്‍ എത്തും. വേറൊരു രാജ്യത്ത് ഗതാഗത നിയമലംഘനം നടത്തി പിഴ ചുമത്തപ്പെട്ട വാഹനമാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നത് രാജ്യത്തിനു പുറത്തുനിന്നും വാഹനം വാങ്ങുന്നവര്‍ക്ക് ഗുണകരമാകും.

Loading...