തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനത്തിന് ഇരയായ കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനം പൂർണമായും നിലച്ചതായി ആശുപത്രി വൃത്തങ്ങൾ. പൾസ് നിലനിൽക്കുന്നതു വെന്റിലേറ്ററിന്റെയും മരുന്നുകളുടെയും സഹായത്താലാണ്. തുടർന്നു സ്വീകരിക്കേണ്ട നടപടിയെക്കുറിച്ചു ഡോക്ടർമാർ തീരുമാനം എടുക്കും. വെന്റിലേറ്റർ സംവിധാനം തുടരണോ എന്നതു വിദഗ്ധരുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി ന്യൂറോ വിഭാഗം തലവൻ ഡോ. ജി. ശ്രീകുമാർ പറഞ്ഞു.

ഫൊറൻസിക് വിദഗ്ധരും നിയമ വിദഗ്ധരും ഉൾപ്പടെയുള്ളവരുമായി ആലോചിച്ച ശേഷമായിരിക്കും അവസാന തീരുമാനം. ശസ്ത്രക്രിയ കഴിഞ്ഞ് 48 മണിക്കൂറിനുശേഷമെടുത്ത സ്കാൻ റിപ്പോർട്ടിലും കുട്ടി ജീവിതത്തിലേക്കു തിരിച്ചു വരാനുള്ള സാധ്യത ഇല്ലെന്നാണു വ്യക്തമാകുന്നതെന്നും ഡോക്ടർ പറഞ്ഞു.

ഇതിനിടെ, കുഞ്ഞിനെ ക്രൂരമായി മർദിച്ച അമ്മയുടെ ആൺസുഹൃത്ത് തിരുവനന്തപുരം കവടിയാർ നന്ദൻകോട് കടവത്തൂർ കാസിൽ ഫ്ലാറ്റ് എ3യിൽ അരുൺ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഇവർ താമസിച്ച സ്ഥലത്ത് തെളിവെടുപ്പിന് എത്തിച്ചിരുന്നു. നൂറുകണക്കിനു പേരാണ് അരുണിനെ കാണാൻ വീട്ടിലും പരിസരത്തും തടിച്ചുകൂടിയത്. പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. തെളിവെടുപ്പിനു ശേഷം പുറത്തിറക്കുമ്പോൾ അസഭ്യവർഷവുമായി നാട്ടുകാർ ആക്രമിക്കാൻ പാഞ്ഞടുത്തെങ്കിലും പൊലീസ് സംരക്ഷിച്ചു.

പൊലീസ് പറയുന്നത്: തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി യുവതിയും അരുണും ഒരുമിച്ചു കുമാരമംഗലത്തെ വാടകവീട്ടിലാണു താമസം. യുവതിയുടെ ഏഴും നാലും വയസ്സുള്ള 2 ആൺമക്കളും ഒപ്പമുണ്ട്. വ്യാഴാഴ്ച പുലർച്ചെ ഒന്നരയ്ക്കു കുട്ടികളെ വീട്ടിൽ തനിച്ചാക്കി പുറത്തുനിന്നു പൂട്ടി ഇരുവരും ഭക്ഷണം കഴിക്കാൻ പോയി. തിരിച്ചെത്തിയത് പുലർച്ചെ മൂന്നിന്. 2 കുട്ടികളും ഉറങ്ങിപ്പോയിരുന്നു.

ഇളയ കുട്ടി ട്രൗസറിൽ മൂത്രമൊഴിച്ചതുകണ്ട് അരുൺ മൂത്ത കുട്ടിയെ വിളിച്ചുണർത്തി. അനിയനെ മൂത്രമൊഴിപ്പിച്ചു കിടത്താത്തതിനുള്ള ശിക്ഷ തുടങ്ങി. ആദ്യം അടിവയറ്റിൽ ആഞ്ഞു ചവിട്ടി. കട്ടിലിൽ കിടന്നുകൊണ്ടാണ് അരുൺ ഇതു ചെയ്തത്. ആറടി ഉയരമുള്ള അരുണിന്റെ ഒറ്റച്ചവിട്ടിൽ കുട്ടി അകലേക്കു തെറിച്ചു ചുവരിൽ തലയിടിച്ചു വീണു. കുട്ടിയെ കട്ടിലിലേക്കെടുത്തു വീണ്ടും വലിച്ചെറിഞ്ഞു. അപ്പോൾ സ്റ്റീൽ അലമാരയുടെ മൂലയിലിടിച്ചു തലയോട്ടി ഒന്നരയിഞ്ച് നീളത്തിൽ പൊട്ടി. പിന്നെ കുട്ടിയുടെ തല പിടിച്ച് കട്ടിലിന്റെ കാലിൽ ഇടിപ്പിച്ചു.

നിലത്തുവീണ കുട്ടിയെ പലതവണ തൊഴിച്ചു; പല മുറികളിലൂടെ വലിച്ചിഴച്ചു. മുറികളിലെല്ലാം ചോര പടർന്നു. തടയാൻ ശ്രമിച്ച യുവതിയെയും മർദിച്ചു. 4 വയസ്സുള്ള ഇളയ കുഞ്ഞിനെയും മർദിച്ചു; ആ കുഞ്ഞിന്റെ പല്ല് ഒടിഞ്ഞു. തുടർന്നു മുറി വൃത്തിയാക്കി ഇളയ കുഞ്ഞിനെ വീണ്ടും പൂട്ടിയിട്ടു. മൂത്തകുട്ടിയെയുമായി 3.55ന് ആശുപത്രിയിലെത്തി.

Loading...