ദുബായ്: അജ്മാനിൽ ചെക്ക് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി യാത്രാ വിലക്ക് നീക്കാനായി പുതിയ വഴി തേടുന്നു. ജാമ്യ വ്യവസ്ഥയിൽ ഇളവ് നേടാനായി യുഎഇ പൗരന്റെ പാസ്പോർട്ട് കോടതിയിൽ സമർപ്പിച്ചു കൊണ്ടാണ് പുതിയ ശ്രമം. ഇതിനായി തുഷാർ ഇന്ന് കോടതിയിൽ അപേക്ഷ നൽകും.

വിചാരണ തീരുന്നത് വരെയോ അല്ലെങ്കിൽ കോടതിക്ക് പുറത്തു കേസ് ഒത്തുതീർപ്പാകുന്നത് വരെയോ യുഎഇ വിട്ടു പോകരുത് എന്ന വ്യവസ്ഥയിലാണ് അജ്‌മാൻ കോടതി കഴിഞ്ഞ വ്യാഴാഴ്ച തുഷാറിനു ജാമ്യം അനുവദിച്ചത്.ഒത്തുതീർപ്പു ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് തുഷാറിന്റെ പുതിയ നീക്കം.
എന്നാൽ സ്വദേശി പൗരന്റെ ആൾ ജാമ്യത്തിൽ യുഎഇ വിടാൻ കഴിയും എന്നാണ് തുഷാറിന് ലഭിച്ച നിയമോപദേശം.

തുഷാറിന്റെ സുഹൃത്തായ യുഎഇ പൗരന്റെ പേരിൽ കേസിന്റെ പവർ ഓഫ് അറ്റോർണി കൈമാറുകയും അതു കോടതിയിൽ സമർപ്പിക്കാനുമാണ് തീരുമാനം. തുഷാറിന്റെ അസാന്നിധ്യത്തില്‍ കേസിന്റെ ബാധ്യതകള്‍ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്വദേശിയുടെ പാസ്പോര്‍ട്ട് മാത്രമേ സ്വീകാര്യമാവൂ.

സ്വദേശിയുടെ പാസ്പോര്‍ട്ടിൻമേലുള്ള ജാമ്യത്തിൽ നാട്ടിലേക്കു മടങ്ങിയാല്‍ വിചാരണയ്ക്കും മറ്റുമായി കോടതി വിളിപ്പിക്കുമ്പോൾ യുഎഇയില്‍ തിരിച്ചെത്തിയാല്‍ മതിയാകും. തുഷാർ തിരിച്ച് എത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ പാസ്പോര്‍ട്ട് ജാമ്യം നല്‍കിയ സ്വദേശി ഉത്തരവാദിയാകും. ആൾ ജാമ്യത്തിനൊപ്പം കൂടുതൽ തുകയും കോടതിയിൽ കെട്ടിവയ്‌ക്കേണ്ടി വരും. നേരത്തേ തുഷാറിനു ജാമ്യം ലഭിക്കുന്നതിനുള്ള തുകയ്ക്കും നിയമസഹായത്തിനും വ്യവസായി എം.എ.യൂസഫലിയുടെ പിന്തുണയുണ്ടായിരുന്നു.

Loading...