Subscribe to MalayalamNewspress:

വിവാഹം കഴിഞ്ഞ് ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ദാമ്പത്യ ജീവിതത്തില്‍ കല്ലുകടികള്‍ തുടങ്ങും. പലരും അതിനെയെല്ലാം അതിജീവിച്ച് മികച്ച ദമ്പതികളായി തന്നെ തുടരും. എന്നാല്‍ മറ്റു ചിലരോ വിവാഹ മോചനം പോലുള്ള കടുത്ത തീരുമാനങ്ങളിലേക്കാകും ചെറിയ പ്രശ്‌നങ്ങള്‍ പോലും അവരെ എത്തിക്കുക. ഒരു മികച്ച ദാമ്പത്യത്തിന്റെ അടിസ്ഥാന തത്വം എന്ന് പറയുന്നത് ശാരീരികബന്ധം മാത്രമല്ല, മാനസിക അടുപ്പം ഉണ്ടാകുക എന്നത് തന്നെയാണ്. ഇത് ഭാര്യയും ഭര്‍ത്താവും ഒരു പോലെ വിചാരിച്ചാല്‍ മാത്രം ഉണ്ടാകുന്ന ഒന്നാണ്.

രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നു വരുന്ന, വ്യത്യസ്ത ചിന്താഗതികള്‍ ഉള്ള, സൗഹൃദങ്ങളുളള, താല്പര്യങ്ങളുള്ള രണ്ടു വ്യക്തികള്‍ ദാമ്പത്യത്തിലേക്ക് കടക്കുന്നത് അവരരവരുടെ വാശികള്‍ക്കും താല്പര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കിയാണ് എങ്കില്‍ എപ്പോള്‍ അടിയുണ്ടായി എന്ന് ചോദിച്ചാല്‍ മതി. നിങ്ങള്‍ പ്രണയാതുരമായ, പ്രശ്‌നങ്ങള്‍ ഇല്ലാത്ത ഒരു ദാമ്പത്യമാണ് ആഗ്രഹിക്കുന്നത് എങ്കില്‍ റെയിന്‍ബോ മന്ത്രാസ് എന്ന ഈ 7 കാര്യങ്ങള്‍ പിന്തുടരുക

Loading...

സ്റ്റേ പോസറ്റിവ്

എല്ലായ്‌പ്പോഴും പോസിറ്റിവ് ആയിരിക്കുക, അല്ലെങ്കില്‍ അങ്ങനെ ആവാന്‍ ശ്രമിക്കുക. ഒരാള്‍ മൂഡ് ഓഫ് ആകുന്ന അവസ്ഥയില്‍ പങ്കാളിയും അതെ രീതിയില്‍ പെരുമാറിയാല്‍ പിന്നെ കൂടുതല്‍ വഷളാകും കാര്യങ്ങള്‍ എന്നതില്‍ സംശയമില്ല. എല്ലാകാര്യങ്ങളെയും തികഞ്ഞ ശുഭാപ്തിവിശ്വാസത്തോടെ നേരിടുന്ന പങ്കാളി ദാമ്പത്യത്തിലും വീട്ടിലും ഒരേപോലെ സന്തോഷം കൊണ്ടുവരും.

പരസ്പരം പിന്തുണക്കുക

റിസ്‌ക് എടുക്കാന്‍ തീരെ താല്പര്യമുളളവരല്ല ഇന്നത്തെ ആളുകള്‍. എന്നാല്‍ ദാമ്പത്യത്തില്‍ ഒരാള്‍ക്ക് എന്തെങ്കിലും വിധത്തിലുളള പ്രശ്‌നങ്ങള്‍ വരുന്ന പക്ഷം പൂര്‍ണ പിന്തുണയോടെ ഒപ്പം നില്‍ക്കുക എന്നത് പങ്കാളിയുടെ കടമയാണ്. ചിലപ്പോള്‍ നിങ്ങള്‍ക്ക് യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളായിരിക്കും പ്രശ്‌നങ്ങളുടെ രൂപത്തില്‍ വരുന്നത്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള സംസാരം പ്രശ്നപരിഹാരത്തിനു ശേഷം രമ്യമായി നടത്തുക. പരസ്പരം കുറ്റപ്പെടുത്തുന്നത് വിപരീത ഫലം ചെയ്യും. പ്രശനങ്ങളില്‍ കൂടെ നില്‍ക്കുന്നവരെയാണ് നാം ഏറെ സ്‌നേഹിക്കുക എന്നതോര്‍ക്കുക.

ശ്രദ്ധ നല്‍കുക

ഭാര്യമാര്‍ ചിലപ്പോള്‍ അവരുടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യങ്ങളും പങ്കാളിയുമായി പങ്കുവയ്ക്കാന്‍ താല്പര്യമുള്ളവരായിരിക്കും. നിങ്ങള്‍ അഭിപ്രായം പറയേണ്ടതും അല്ലാത്തതുമായ കാര്യങ്ങള്‍ അതില്‍ ഉണ്ടാകും. ഈ സമയത്ത് അസഹിഷ്ണുത കാണിക്കാതെ അവരുടെ വാക്കുകള്‍ ശ്രദ്ധിക്കുക. ഇക്കാര്യം ഭാര്യമാര്‍ക്കും ബാധകമാണ്. കൂട്ടുകാര്‍, സ്‌പോര്‍ട്‌സ്, വാഹനങ്ങള്‍, ബിസിനസ് തുടങ്ങി ഭര്‍ത്താക്കന്മാര്‍ വാചാലരാകുന്ന വിഷയങ്ങള്‍ക്ക് നിങ്ങളും കാതുകള്‍ നല്‍കണം. വീട്ടിലെ എല്ലാ കാര്യങ്ങളും കൂട്ടുത്തരവാദിത്തത്തോടെ ചെയ്യാന്‍ ശ്രമിക്കുക.

തുറന്ന സംഭാഷണം

പ്രണയമോ ദാമ്പത്യമോ ആയിക്കൊള്ളട്ടെ, ആ ബന്ധത്തിന്റെ വിജയത്തിന് പിന്നിലെ നിര്‍ണ്ണായകമായ ഘടകമാണ് തുറന്ന സംഭാഷണങ്ങള്‍. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നും വരുന്ന, വ്യത്യസ്ത പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വ്യക്തികളാണ് നിങ്ങള്‍. ചിലപ്പോള്‍ ചില കാര്യങ്ങള്‍ പരസ്പരം അംഗീകരിക്കാന്‍ കഴിയാത്തതായി ഉണ്ടാകാം. എന്നാല്‍ ഇതിനുളള പരിഹാരം അത്തരം കാര്യങ്ങള്‍ പങ്കാളിയില്‍ നിന്നു മറച്ചു വയ്ക്കുക എന്നതല്ല. അത്തരത്തില്‍ ഒരു തോന്നല്‍ പങ്കാളിക്ക് ഉണ്ടായാല്‍, തന്റെ പ്രാധാന്യം നഷ്ടപ്പെടുന്നു എന്ന തോന്നലുണ്ടായാല്‍ ദാമ്പത്യത്തിന്റെ അടിത്തറയ്ക്ക് തന്നെ വിള്ളലുണ്ടാക്കും എന്നകാര്യത്തില്‍ സംശയം വേണ്ട. അതിനാല്‍ തുറന്ന ചര്‍ച്ചകള്‍ ആകാം എല്ലാ കാര്യത്തിലും.

മറ്റു ദമ്പതിമാരുമായി സൗഹൃദം സൂക്ഷിക്കുക

ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന് അനിവാര്യമായ ഘടകമാണ് സൗഹൃദങ്ങള്‍. ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം മികച്ച സുഹൃത്തുക്കളാകുക എന്നതിന് പുറമെ പൊതുവായുള്ള സുഹൃത്തുക്കളെയും ഉണ്ടാക്കിയെടുക്കുക. സൗഹൃദവലയത്തില്‍ മറ്റ് ദമ്പതിമാര്‍ ഉണ്ടാകുക എന്നതും ഏറെ പ്രധാനമാണ്. കുടുംബജീവിത്തിലെ ചെറിയ പ്രശ്‌നങ്ങള്‍ അസ്വാരസ്യങ്ങള്‍ എന്നിവ ഇല്ലാതാക്കുന്നതിന് ആരോഗ്യകരമായ ഇത്തരം സൗഹൃദങ്ങള്‍ ഗുണകരമാകും.

വ്യത്യസ്തത പരീക്ഷിക്കുക

ജീവിതം എപ്പോഴും ഒരേ ട്രാക്കില്‍ പോയാല്‍ ആര്‍ക്കും ബോറടിക്കും. അതിനാല്‍ ജീവിതത്തില്‍ വ്യത്യസ്തമായതും ഇന്നേവരെ ചെയ്തിട്ടില്ലാത്തതുമായ കാര്യങ്ങള്‍ പങ്കാളികള്‍ ഇരുവരും പരീക്ഷിക്കുക. ഇത്തരം പരീക്ഷണങ്ങളില്‍ ഇരുവരുടെയും അഭിരുചികള്‍ പാലിക്കപ്പെടാനും ശ്രമിക്കുക. യാത്രകള്‍ പോകുക, അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ചെയ്യുക, ഒരുമിച്ച് ജോഗിങ് നടത്തുക, പാചകം ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ ജീവിതത്തില്‍ വ്യത്യസ്തത കൊണ്ടുവരും

പ്രായം മറക്കുക

ജീവിതം മുഴുവന്‍ സീരിയസ് ആയി മുന്നോട്ട് പോകുന്നത് അരോചകമാണ്. പ്രായം കൂടിവരുന്നു എന്ന് പറഞ്ഞു ജീവിതത്തിലെ നല്ലനിമിഷങ്ങള്‍ക്ക് അതിര്‍ത്തി വയ്ക്കേണ്ട ആവശ്യമില്ല. പങ്കാളിയുമൊത്ത് കളിചിരികള്‍ക്കും തമാശകള്‍ക്കും യാത്രകള്‍ക്കുമായി സമയം കണ്ടെത്തുക. ഓഫീസിലെ കാര്യങ്ങള്‍ ഒരിക്കലും കിടപ്പുമുറിയില്‍ എത്തിക്കാതിരിക്കുക.

Subscribe to MalayalamNewspress:

 

 
Loading...