ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുകയെന്നത് പലര്‍ക്കും ഇന്നൊരു ബാലികേറാമലയാണ്, ദുബായ് പോലുള്ള സ്ഥലങ്ങളിലാണെങ്കിലോ പറയുകയും വേണ്ട. പരിചയസമ്പന്നനായ ഡ്രൈവറാണെങ്കില്‍ കൂടി മറ്റു രാജ്യങ്ങളിലെ ടെസ്റ്റുകളില്‍ പലപ്പോഴും പരാജയപ്പെട്ടേക്കാം. ശരിയായ ഒരുക്കങ്ങളും തയ്യാറെടുപ്പുകളുമുണ്ടെങ്കില്‍ എളുപ്പത്തില്‍ തന്നെ ദുബായിലെ ഡ്രൈവിംഗ് ടെസ്റ്റ് പാസാകാം. ഇതിനായി ചില നിര്‍ദേശങ്ങള്‍ താഴെ പറയുന്നു.,

ആവശ്യമായ രേഖകള്‍

യുഎഇ നിയമമനുസരിച്ച് ഡ്രൈവിംഗ് ടെസ്റ്റിനാവശ്യമായ എല്ലാ രേഖകളും നിങ്ങളുടെ പക്കലുണ്ടോയെന്ന് പരിശോധിക്കണം. രജിസ്‌ട്രേഷന്‍ മുതലുള്ള നടപടികള്‍ക്ക് ഇത് ആവശ്യമായിരിക്കും. ആവശ്യമായ രേഖകള്‍ എന്തൊക്കെയെന്ന് നോക്കാം;

  • പാസ്‌പോര്‍ട്ട്
  • ദുബായ് റെസിഡന്‍സ് വിസ
  • ഒറിജിനല്‍ എമിറേറ്റ്‌സ് ഐഡി കാര്‍ഡ്
  • 2 പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ
  • കണ്ണ് പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട്
  • സ്വന്തം രാജ്യത്തെ ലൈസന്‍സ് (ഒറിജിനല്‍, ആവശ്യമെങ്കില്‍), തെളിയിക്കാനായി സത്യവാങ്മൂലം
  • നിങ്ങളുടെ സ്‌പോണ്‍സറുടെ പക്കല്‍ നിന്നും ‘നോ ഒബ്‌ജെക്ഷന്‍ ലെറ്റര്‍’

എഴുത്തുപരീക്ഷ

എഴുത്തുപരീക്ഷയ്ക്കായി ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടത് അത്യാവശ്യമാണ്. ഇത് പിന്നീട് പ്രാക്ടിക്കല്‍ ടെസ്റ്റിനും ഉപയോഗപ്രദമായിരിക്കും. നിങ്ങള്‍ക്ക് എത്രത്തോളം കാര്യങ്ങള്‍ അറിയാമെന്ന് മനസിലാക്കുന്നതിനും കൂടുതല്‍ അറിയുന്നതിനും ഓണ്‍ലൈനായി RTA തിയറി ടെസ്റ്റുകള്‍ ചെയ്ത് നോക്കാം.

പ്രാക്ടീസ്

ഡ്രൈവിംഗ് ടെസ്റ്റിനായുള്ള റൂട്ടുകള്‍ നേരത്തെ തീരുമാനിച്ചിട്ടുണ്ടാകും. കുറഞ്ഞത് ഒന്നു രണ്ടു തവണയെങ്കിലും ഈ റൂട്ടില്‍ ഡ്രൈവിംഗ് പ്രാക്ടീസ് ചെയ്യുക. ഇത് ഡ്രൈവിംഗ് ടെസ്റ്റില്‍ ഉണ്ടേയേക്കാവുന്ന പിഴവുകള്‍ നേരത്തെ മനസിലാക്കാനും അത് തുരുത്താനും സഹായിക്കും.

സിഗ്നല്‍

ട്രാഫിക് സിഗ്നലുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. സിഗ്നല്‍ മനസിലാക്കി വേണം വണ്ടിയോടിക്കാന്‍.

വണ്ടിയോടിക്കുമ്പോള്‍

സ്റ്റിയറിംഗ് വീല്‍ തോന്നിയ പോലെ പിടിച്ച് വണ്ടിയോടിക്കാമെന്ന് വിചാരിച്ചാല്‍ ലൈസന്‍സ് കിട്ടില്ല. ടെസ്റ്റ് എക്‌സാമിനര്‍മാര്‍ ഇക്കാര്യങ്ങളടക്കം പരിശോധിക്കുന്നുണ്ടെന്ന് ശ്രദ്ധിക്കുക. സ്റ്റിയറിംഗ് വീല്‍ പിടിക്കുന്നതിനായി പൊതുവെ 9-3 റൂള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. അതായത് ഇടത്തെ കൈ 9 o’clock പൊസിഷനിലും വലതു കൈ 3 o’clock പൊസിഷനിലും പിടിക്കാം.

തെറ്റുകള്‍ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിക്കുക

മിററുകള്‍ നോക്കുന്നതിലെ പിഴവ്, റോഡുകളില്‍ ശ്രദ്ധിക്കുന്നതിലും മറ്റുമുള്ള അശ്രദ്ധ, സിഗ്നല്‍ നല്‍കുന്നതിലെ പിഴവ് തുടങ്ങിയവയാണ് സാധാരണയായി ഡ്രൈവിംഗ് ടെസ്റ്റിനിടെയുണ്ടാകുന്ന തെറ്റുകള്‍. ഇക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ നല്‍കാന്‍ ശ്രമിക്കണം. മാത്രമല്ല റോഡ് സിഗ്നലുകളും പ്രത്യേകം ശ്രദ്ധിക്കുക.

ചെറിയതാണെങ്കില്‍ പോലും തെറ്റുകള്‍ മനസിലാക്കി തിരുത്തി, ശരിയായ തയ്യാറെടുപ്പുകളും ഉണ്ടെങ്കില്‍ ഡ്രൈവിംഗ് ടെസ്റ്റ് ആദ്യ ചാന്‍സില്‍ തന്നെ പാസാകാം.

By: ജെയ്ഷ ടി.കെ, Malayalam newpress

 

Loading...