നെഹ്‌റു കോളേജിലെ ക്രൂരപീഡനങ്ങളുടെ അണിയറകഥകള്‍ പുറത്തുവന്നു കൊണ്ടിരിക്കെ മറ്റൊരു എഞ്ചിനീയറിംഗ് കോളേജിലെ പീഡനകഥകളുമായി വിദ്യര്‍ത്ഥിനികളുടെ ഞെട്ടിക്കുന്ന വെളിപെടുത്തല്‍.

കോട്ടയം മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജില്‍ നടക്കുന്ന ക്രൂരതകളെക്കുറിച്ച് വെളിപ്പെടുത്തലുകള്‍  നാരദ ന്യൂസ്‌ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഇവിടെ  കോളേജ് ചെയര്‍മാനായ ടോം ടി ജോസഫിന്റെ പീഡനത്തെത്തുടര്‍ന്ന് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനി ടോയ്‌ലെറ്റ് ക്ലീനര്‍ കുടിച്ച് ആത്മഹത്യക്കു വരെ ശ്രമിച്ചിരുന്നു. ടോംസ് എഞ്ചിനീയറിംങ് കോളേജിനെ വിദ്യാര്‍ത്ഥികള്‍ വിളിക്കുന്നത് തന്നെ ക്യാംപെന്നാണ്. കോണ്‍സെന്‍ട്രേഷന്‍ ക്യാംപിന്റെ ചുരുക്കപ്പേരാണ് ക്യാംപ്. ഇതൊരു റെസിഡന്‍ഷ്യല്‍ കോളജാണ്. അതുകൊണ്ട് തന്നെ രാവിലെ അഞ്ചു മണിക്ക് ആരംഭിക്കുന്ന വിദ്യാര്‍ത്ഥി പീഡനങ്ങള്‍ അവസാനിക്കുന്നത് രാത്രി പതിനൊന്നു മണിയോടെയാണ്.

രാത്രിയായാല്‍ കോളേജ് ചെയര്‍മാന്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ കയറിവരുന്നത് പതിവാണെന്ന് ഒരു വിദ്യാര്‍ഥിനി നാരദ ന്യൂസിനോട് പറയുന്നു.രാത്രി എട്ടര കഴിയുന്നതോടെയാണ് അയാള്‍ വരുന്നത്. നമ്മള്‍ ഏതുവേഷത്തിലാണോ അതുപോലെ നില്‍ക്കണം. നൈറ്റ് ഡ്രസ് ഇടുന്ന വിദ്യാര്‍ഥിനികള്‍ക്ക് ഒരു ഷാള്‍ പോലും ഇടാന്‍ സമ്മതിക്കില്ല. പെണ്‍കുട്ടികളുടെ ടീഷര്‍ട്ടിലെ ഡയലോഗുകള്‍ മറ്റുള്ള കുട്ടികളെക്കൊണ്ട് വായിപ്പിച്ച് അര്‍ത്ഥം പറയിപ്പിക്കുക. നിലത്തു കിടക്കുന്ന സാധനങ്ങള്‍ കുനിഞ്ഞ് എടുപ്പിക്കുക തുടങ്ങിയ പരിപാടികളാണു ചെയര്‍മാന്‍ സ്ഥിരം നടത്തുന്നത്. എതിര്‍ത്തു സംസാരിച്ച പെണ്‍കുട്ടിയോടു നീ പഠിക്കേണ്ടവളല്ല, വല്ല റെഡ്‌സ്ട്രീറ്റിലും ജോലി അന്വേഷിക്കൂവെന്നു ചെയര്‍മാന്‍ ആക്ഷേപിച്ചതായും ഒരു വിദ്യാര്‍ഥിനി പറയുന്നു. തനിക്കു തോന്നുമ്പോള്‍ ഹോസ്റ്റലില്‍ കയറുമെന്നും ഒരു യോഗത്തില്‍ ഇരുന്നൂറോളം വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ മുന്നില്‍ വച്ചു ടോം ജോസഫ് വെല്ലുവിളിച്ചെന്നും ഇവര്‍ പറയുന്നു.

mattakkara-toms

ക്ലാസിലേക്ക് വരുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിക്കാന്‍ പാടില്ലെന്നും ഇവിടെ നിയമമുണ്ട്. സംസാരിക്കുന്നതു കണ്ടാല്‍ ക്യാബിനില്‍ വിളിച്ചു വരുത്തി ചീത്തവിളിക്കുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. രണ്ട് ആണ്‍കുട്ടികള്‍ ഒരുമിച്ചു നടക്കുന്നതിനും വിലക്കുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ നോക്കിയാല്‍ അഞ്ഞൂറു രൂപ ഫൈനും ഇവിടെ ഈടാക്കും.ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രണ്ടു കട്ടില്‍ ഒരുമിച്ചിടുന്നതിനും ചെയര്‍മാന്റെ വിലക്കുണ്ട്. മറ്റെ പരിപാടി ഇവിടെ നടക്കില്ലെന്നാണ് ഇതിന് ടോം ജോസഫ് നല്‍കുന്ന വിശദീകരണം. നാലായിരം രൂപ ഹോസ്റ്റല്‍ ഫീസ് നല്‍കുന്ന വിദ്യാര്‍ഥികള്‍ക്ക് രാവിലെ ഇഡ്‌ലിയും ഉച്ചയ്ക്ക് ചോറും മോരുമാണു നല്‍കുന്നത്. വൈകുന്നേരം ഉച്ചയ്ക്കുണ്ടാക്കിയ ചോറും മോരും തന്നെ തരുമെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

ക്ലാസില്‍ അറിയാതെ ഒന്ന് ഉറക്കം തൂങ്ങിയാല്‍ കടുത്ത ശിക്ഷകളാണ് ചെയര്‍മാന്‍ നല്‍കുന്നത്. നാലു നിലയുള്ള കെട്ടിടത്തിന്റെ സ്റ്റെയര്‍കേസ് പത്തുവട്ടം ഓടിക്കയറുക, അല്ലെങ്കില്‍ ഹോസ്റ്റലിലെ ടോയ്‌ലെറ്റുകള്‍ മുഴുവന്‍ വൃത്തിയാക്കണമെന്നുമായിരിക്കും നിര്‍ദേശം. ഹോസ്റ്റലില്‍ ടോയ്‌ലെറ്റ് കഴുകല്‍ മുതല്‍ മെസില്‍ ചപ്പാത്തി പരത്തുന്നതുവരെ വിദ്യാര്‍ഥികളാണെന്നും ഇവര്‍ ആരോപിക്കുന്നു.ക്ലാസ് റൂമിന്റെയും കോളേജിന്റെ മുക്കിലും മൂലയിലും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട് ഇവിടെ.അത് കൊണ്ട് തന്നെ കുട്ടികള്‍ സകലസമയവും നിരീക്ഷണത്തില്‍ ആണത്രെ. മാസത്തിലൊരിക്കല്‍ മാത്രമാണ് വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ പോകാന്‍ അവധി നല്‍കുന്നത്.പള്ളിയില്‍ പോയി  പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞ മുസ്ലിം വിദ്യാര്‍ഥിയെ തീവ്രവാദിയാക്കി അവതരിപ്പിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട് എന്ന് വിദ്യാര്‍ഥികള്‍ വെളിപെടുത്തുന്നു.

Loading...