തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴത്തുക പകുതിയോളം കുറയ്ക്കാൻ കേരള സർക്കാർ നീക്കം. നിരക്ക് സംസ്ഥാനങ്ങൾക്കു നിശ്ചയിക്കാമെന്നു വ്യക്തമാക്കുന്ന കേന്ദ്ര ഉത്തരവ് ലഭിച്ചശേഷം തിങ്കളാഴ്ച ഗതാഗത മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിയമതടസ്സമില്ലെങ്കിൽ പുതുക്കിയ ഉത്തരവിറക്കും. രാഷ്ട്രീയ നേതൃത്വവും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്താകും തീരുമാനമെന്നു ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.

കേന്ദ്രം വ്യക്തത വരുത്തുന്നതുവരെ ഉയർന്ന നിരക്ക് ഈടാക്കരുതെന്നു സംസ്ഥാന സർക്കാർ നിർദേശം നൽകി. പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയാൽ കേസെടുത്തു നോട്ടിസ് നൽകും. അന്തിമ തീരുമാനമായ ശേഷമാകും തുടർനടപടി. മദ്യപിച്ചുള്ള ഡ്രൈവിങ്, അപകടകരമായ ഡ്രൈവിങ് എന്നിവയ്ക്കുള്ള ഉയർന്ന പിഴനിരക്ക് കുറയ്ക്കേണ്ടെന്ന അഭിപ്രായം ശക്തമാണ്. മറ്റു നിയമലംഘനങ്ങൾക്കു നിലവിൽ പറഞ്ഞിരിക്കുന്ന ശരാശരി തുകയിലും താഴെ നിശ്ചയിക്കാൻ നിയമതടസ്സമുണ്ടോയെന്നും പരിശോധിക്കുന്നു.

ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അവലംബിച്ച രീതി പഠിക്കാൻ ഗതാഗത കമ്മിഷണർ ആർ. ശ്രീലേഖയെ ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ ചുമതലപ്പെടുത്തി. തിങ്കളാഴ്ചത്തെ യോഗത്തിൽ ഇരുവരും പങ്കെടുക്കും. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ഗുജറാത്ത് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലെയും ഗതാഗത കമ്മിഷണർമാരുമായി സംസ്ഥാനം ആശയവിനിമയം നടത്തി.

Loading...