ട്രെയിനില്‍ മോഷ്ടാവായ ഹോട്ടല്‍ മുതലാളി അറസ്റ്റില്‍. ചെന്നൈ-കേരള റൂട്ടിലെ ട്രെയിനുകളില്‍ സ്ഥിരം മോഷണം നടത്തിയിരുന്ന തൃശൂര്‍ സ്വദേശി ഷാഹുല്‍ ഹമീദാണ് പിടിയിലായത്. ഇയാള്‍ മലേഷ്യയിലെ ക്വാലാലംപൂരില്‍ ഹോട്ടല്‍ ഉടമയാണ്. വെള്ളിയാഴ്ചയാണ് ഷാഹുല്‍ ഹമീദ് പിടിയിലായത്. രണ്ട് തവണ വിവാഹം കഴിച്ച ഷാഹുല്‍ മൂന്നാം വിവാഹത്തിനായി തയ്യാറെടുത്തിരിക്കെയാണ് റെയില്‍വേ പോലീസിന്റെ പിടിയിലായത്.

വെള്ളിയാഴ്ച ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇയാള്‍ പിടിയിലയാത്. റെയില്‍വേ ഡി.ജി.പി സി. ശൈലേന്ദ്ര ബാബു, ഡി.ഐ.ജി (റെയില്‍വേസ്) വി. ബാലകൃഷ്ണന്‍ എന്നിവര്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് ഷാഹുല്‍ ഹമീദിനെ വലയിലാക്കിയത്. മാന്യമായി വസ്ത്രം ധരിച്ച് ചെന്നൈ റെയില്‍വേ സ്‌റ്റേഷനിലൂടെ അലക്ഷ്യമായി നടക്കുകയായിരുന്ന ഇയാളെ സംശയം തോന്നി പിടികൂടുകയായിരുന്നു. പിടികൂടി ചോദ്യം ചെയ്തപ്പോള്‍ വന്‍ മോഷണത്തിന്റെ വിവരമാണ് പുറത്തുവന്നത്.

2016 മുതലാണ് ഷാഹുല്‍ ഹമീദ് ട്രെയിനില്‍ മോഷണം തുടങ്ങിയത്. മലേഷ്യയില്‍ നിന്ന് ചെന്നൈയിലേക്ക് ഫ്‌ളൈറ്റില്‍ എത്തുന്ന ഇയാള്‍ തുടര്‍ന്ന് കേരളത്തിലേക്കുള്ള ട്രെയിനില്‍ കയറി യാത്ര ചെയ്ത് മോഷണം നടത്തും. ഇയാളില്‍ നിന്ന് 28 ലക്ഷം രൂപ മൂല്യം വരുന്ന 110 ആഭരണങ്ങള്‍ പിടിച്ചെടുത്തു. ഒരു ട്രെയിനില്‍ തന്നെ സ്ലീപ്പര്‍ ക്ലാസ്, എസി ടിക്കറ്റുകള്‍ എടുത്ത് കോച്ചുകള്‍ മാറിമാറിയാണ് മോഷണം നടത്തിയിരുന്നത്. പ്രധാനമായും ഒറ്റയ്്്ക്ക് യാത്ര ചെയ്തിരുന്ന സ്ത്രീകളാണ് ഇയാളുടെ ഇരകള്‍.

ഭാര്യയ്ക്കും മറ്റൊരു പങ്കാളിക്കും ഒപ്പമാണ് ഇയാള്‍ മലേഷ്യയില്‍ ഹോട്ടല്‍ നടത്തുന്നത്. മൂന്നാമത്തെ പങ്കാളിയുടെ ഓഹരി കൂടി വാങ്ങാനുള്ള പണം കണ്ടെത്താനാണ് മോഷണം നടത്തിയിരുന്നത്. ട്രെയിന്‍ പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് ഇയാള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തും തുടര്‍ന്ന് അതേ ട്രെയിനിലെ യാത്രക്കാരെ നിരീക്ഷിച്ച് മോഷണം നടത്തേണ്ടവരെ കണ്ടുവയ്ക്കും തുടര്‍ന്ന് അര്‍ദ്ധരാത്രിക്ക് ശേഷം മോഷണം നടത്തും. താന്‍ ഇതുവരെ നടത്തിയ മുഴുവന്‍ മോഷണങ്ങളുടെയും വിവരങ്ങള്‍ ഇയാള്‍ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

മോഷ്്ടിച്ച ആഭരണങ്ങള്‍ തൃശൂരിലും മുംബൈയിലുമായി വില്‍ക്കുകയോ പണയം വച്ചോ പണമായി മാറ്റുകായിരുന്നു ഇയാളുടെ രീതി. ഈ പണവുമായി മലേഷ്യയിലേക്ക് കടക്കും. നെതര്‍ലാന്റില്‍ നിന്ന് മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കിയിട്ടുണ്ട്. 11 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സ്പാനിഷും ഫ്രഞ്ചും ഉള്‍പ്പെടെ ആറോളം ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യും. എല്ലാ മാസവും അള്‍ജീരിയയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമൊക്കെ മേഡലുകളെ കൊണ്ടുവന്ന് തന്റെ ഹോട്ടലില്‍ ഫാഷന്‍ ഷോ നടത്തുന്നതും ഇയാളുടെ പതിവായിരുന്നു.

Loading...