ട്രംപിന്റെ ആദ്യ ഇന്ത്യൻ സന്ദർശനം കൊഴുപ്പിക്കാൻ പണം വാരിയെറിഞ്ഞ് ഗുജറാത്ത് സർക്കാർ. അഹമ്മദാബാദിൽ ട്രംപ് ചെലവഴിക്കുന്ന 3 മണിക്കൂറുകൾക്കായി അനൗദ്യോഗിക കണക്കുകൾ പ്രകാരം 85 കോടി രൂപയാണു സർക്കാർ ചെലവഴിക്കുന്നത്. സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനുള്ള വാർഷിക ബജറ്റ് വിഹിതത്തിന്റെ ഒന്നരയിരട്ടി !

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ട്രംപിന്റെയും ചിത്രങ്ങളുള്ള ഫ്ലെക്സുകളാണു നഗരത്തിലെങ്ങും. ചേരി പ്രദേശങ്ങളടക്കം നഗരത്തിന്റെ ദൈന്യമുഖം ട്രംപിൽനിന്നു കെട്ടിമറച്ച്, മിനുക്കിയ മുഖം മാത്രം പുറത്തുകാട്ടി നിൽക്കുകയാണു നഗരം.

മകൾ ഇവാൻകയും മരുമകൻ ജാറെദ് കഷ്നറും ഉപദേഷ്ടാക്കളും ഉൾപ്പെടെ 12 അംഗ യുഎസ് സംഘമാണ് ട്രംപിനെ അനുഗമിക്കുന്നത്.മൊട്ടേര സ്റ്റേഡിയത്തിലെ സുരക്ഷ ഇന്നലെ മുതൽ യുഎസ് സംഘം ഏറ്റെടുത്തു.

ട്രംപ് സന്ദർശനം കണക്കിലെടുത്ത് നഗരത്തിൽ സ്കൂളുകൾക്കും ഓഫിസുകൾക്കും ഇന്ന് അവധി നൽകി. റോഡ് ഷോയ്ക്കായി പാതയോരങ്ങളിലും സമ്മേളനത്തിനായി സ്റ്റേഡിയത്തിലും ആളുകളെ നിറയ്ക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനും ബിജെപി ഗുജറാത്ത് ഘടകത്തിനുമാണ്. ഇതിനിടെ, സ്റ്റേഡിയത്തിനു മുന്നിൽ സ്ഥാപിച്ച താൽക്കാലിക കവാടം ഇന്നലെ രാവിലെ ശക്തമായ കാറ്റിൽ തകർന്നു വീണത് സംഘാടകർക്കു തലവേദനയായി. പകരം കവാടം ഇന്ന് സജ്ജമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

വർഷാവസാനം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, യുഎസിലെ ഗുജറാത്തി സമൂഹത്തെ ഒപ്പം നിർത്താൻ കൂടി ലക്ഷ്യമിട്ടാണു സന്ദർശനത്തിന്റെ തുടക്കം അഹമ്മദാബാദിലാക്കാൻ ട്രംപ് തീരുമാനിച്ചത്.

trump-cartoon

Loading...