ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. അമേരിക്ക ഇറാന്‍ പ്രശ്‌നത്തില്‍ കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന നീക്കങ്ങള്‍ക്ക് ഇറാന്‍ തുടക്കിമിട്ടുവെന്ന് റിപ്പോര്‍ട്ട്. അമേരിക്ക തുടര്‍ച്ചയായി ഇറാന്‍ നേതാക്കളെ ലക്ഷ്യമിടുന്നതില്‍ പ്രതിഷേധിച്ചാണ് ഇറാന്റെ പുതിയ നീക്കം. ഇറാനിലെ ആത്മീയ നേതാവിന്റെ അടുത്ത ബന്ധക്കള്‍ക്കും പ്രമുഖര്‍ക്കുമെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണത്തിന് തുടക്കം കുറിച്ചു. ആണവായുധം നിര്‍മിക്കാന്‍ പര്യാപ്തമായ രീതിയിലാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരിക്കുന്നതെന്നാണ് വിവരം.

അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാന്റെ ഭാഗത്ത് നിന്ന് ഭയപ്പെടുന്നത് എന്താണോ, അതുതന്നെയാണ് ഇനി ഇറാനില്‍ നടക്കാന്‍ പോകുന്നത്. ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി തന്നെയാണ് ഭൂമിക്കടയില്‍ നടക്കുന്ന നീക്കങ്ങള്‍ പരസ്യപ്പെടുത്തിയത്. പ്രധാന എണ്ണയുല്‍പാദന രാജ്യമായ ഇറാനുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഏത് സംഘര്‍ഷവും ലോകസമ്പദ്വ്യവ്യവസ്ഥയെ ആകെ ബാധിക്കും. ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ….

ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്താണ് ഇറാനുമായി ആണവ കരാര്‍ ഒപ്പുവച്ചത്. യുറേനിയം സമ്പൂഷ്ടീകരണം നിയന്ത്രിച്ച ഇറാന്‍ ആണവപദ്ധതികളില്‍ നിന്ന് മെല്ലെ പിന്നോക്കം പോയിത്തുടങ്ങി. ഉപരോധങ്ങളില്‍ അയവുവന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്കും നേട്ടമായി. പക്ഷെ ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയതോടെ കഥമാറി. ഇറാന്‍റെ എക്കാലത്തെയും മുഖ്യശത്രുവായ സൗദിയുമായി ട്രംപ് കൈകോര്‍ത്തതോടെ രാജ്യാന്തരനിലപാടുകള്‍ മാറിമറിഞ്ഞു. പിന്നാലെ ഇറാനെതിരെ കൂടുതല്‍ നീക്കം തുടങ്ങി. സിറിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളിലെ ഇറാന്‍ നിലപാടുകള്‍ക്കെതിരെ അമേരിക്ക ശക്തമായി രംഗത്തെത്തി. സൗദി അറേബ്യയുിടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ കൂടി കളത്തിലിറങ്ങിയതോടെ ഇറാനും നിലപാട് കടുപ്പിച്ചു. സൗദി അറേബ്യയുടെ മുഖ്യ ശത്രുക്കളായ യമനിലെ ഹൂതി വിമതരെ സഹായികുന്നത് ഇറാനാണെന്ന് സല്‍മാന്‍ രാജകുമാരന്‍ ആരോപിക്കുന്നു. യുഎന്‍ നീരീക്ഷകരും വിദേശവിദഗ്ധരും സൗദിയുടെ ആരോപണം ശരിവയ്ക്കുന്നുണ്ട്. ഇസ്രായേലിന്റെ സമ്മര്‍ദ്ദഫലമായും ആയുധവിപണിയും ലക്ഷ്യമിട്ടാണ് ട്രംപിന്റെ നീക്കമെന്നു ആരോപണം ഉയര്‍ന്നിരുന്നു. ആണവ കരാറില്‍ നിന്ന് ട്രംപ് പിന്‍മാറി. മാത്രമല്ല, ഇറാനെതിരെ ഉപരോധം ചുമത്തുകയും ചെയ്തു.

ഇറാനിലെ പ്രമുഖര്‍ക്കെതിരെയും സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെയും അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. അമേരിക്ക ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങിയതിനെതിരെ ഫ്രാന്‍സ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. അമേരിക്ക മാത്രമാണ് കരാറില്‍ നിന്ന് പിന്‍മാറിയത്. എന്നാല്‍ മറ്റുള്ളവര്‍ക്ക് അമേരിക്കയെ അനുനയിപ്പിക്കാന്‍ സാധിച്ചില്ല.

തിങ്കളാഴ്ച അമേരിക്ക ഇറാനിലെ കൂടുതല്‍ പ്രമുഖര്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചു. ഇറാനിലെ പരമോന്നത നേതാവായ ആയത്തുല്ലാ അലി ഖാംനഇയുമായി അടുപ്പമുള്ളവര്‍ക്കെതിരെയാണ് പുതിയ ഉപരോധം. ഇതാകട്ടെ ഇറാനെ ചൊടിപ്പിക്കുന്ന നീക്കമായിരുന്നു.

അമേരിക്കന്‍ എംബസി കൈയ്യേറി ഉദ്യോഗസ്ഥരെ തടവിലാക്കിയ ടെഹ്‌റാനിലെ സംഭവത്തിന്റെ 40ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചത്. ആയത്തുല്ലയുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ഉപരോധം. ആണവ കരാറില്‍ നിന്ന് ഒരു പടി കൂടി അകലുകയാണെന്ന ഇറാന്‍ തൊട്ടുപിന്നാലെ പ്രഖ്യാപിച്ചു. ഇറാനില്‍ പ്രസിഡന്റിനേക്കാള്‍ അധികാരമുള്ള സര്‍വാധിപതിയാണ് ആയത്തുല്ല. ഷിയാക്കളുടെ ആത്മീയ നേതാവാണ് ഇദ്ദേഹം. ആയത്തുല്ല അലി ഖാംനഇയെ തൊട്ട് കളിച്ച അമേരിക്കയുടെ നടപടി ഇറാനെ പ്രകോപിപ്പിച്ചു. തങ്ങള്‍ യുറേനിയം സമ്പുഷ്ടീകരിക്കാന്‍ തീരുമാനിച്ചുവെന്ന് ഇറാന്‍ പ്രഖ്യാപിച്ചു.

ആയത്തുല്ലാ അലി ഖാംനഇയുമായി ബന്ധമുള്ള ഒമ്പതു പേര്‍ക്കെതിരെയാണ് അമേരിക്കയുടെ പുതിയ ഉപരോധം. ഖാംനഇയുടെ സ്റ്റാഫ് മേധാവി, ജുഡീഷ്യറി മേധാവി, മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍, ആയത്തുല്ലയുടെ മക്കള്‍ എന്നിവരുള്‍പ്പെടെയുള്ള ഒമ്പതു പേര്‍ക്കെതിരെയാണ് അമേരിക്ക സാമ്പത്തിക വകുപ്പ് ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാനില്‍ ഭരണമാറ്റമാണ് അമേരിക്ക ലക്ഷ്യമിടുന്നതെങ്കില്‍ മധ്യപൂര്‍വദേശത്ത് മറ്റൊരു വന്‍ സംഘര്‍ഷം കൂടി ഉടലെടുക്കും. നിലവില്‍ യുദ്ധസാധ്യതയില്ലെങ്കിലും എല്ലാ വിധത്തിലും ഒരുങ്ങിയിരിക്കാൻ രാജ്യത്തെ വിവിധ സായുധ വിഭാഗങ്ങളോട് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി ആഹ്വാനം ചെയ്തുകഴിഞ്ഞു

നേരത്തെ ഇറാന്‍ വിപ്ലവ ഗാര്‍ഡിനെ മൊത്തം കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു അമേരിക്ക. ഈ നടപടി വിവാദമായിരിക്കെയാണ് പുതിയ ഒമ്പതുപേര്‍ക്കെതിരെ ഉപരോധം ചുമത്തിയിരിക്കുന്നത്. നയതന്ത്രത വിജയം ലഭിക്കാത്തതിനാലാണ് അമേരിക്ക ഉപരോധം ചുമത്തുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവി കുറ്റപ്പെടുത്തി. യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ പുനരാരംഭിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രഖ്യാപിച്ചു. ആണവ കരാറില്‍ നിന്ന് ഒരുപടി തങ്ങള്‍ പിന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ നിയന്ത്രിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്ക് സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഇറാന്‍ കരാറില്‍ നിന്ന് പിന്നാക്കം പോകുന്നത്.

ടെഹ്‌റാനിന് തെക്കുള്ള ഷിയാക്കളുടെ പുണ്യനഗരമായ ഖുമ്മിനോട് ചേര്‍ന്ന നിലയത്തിലാണ് യുറേനിയം സമ്പുഷ്ടീകരിക്കുന്നത്. ഫോര്‍ദോ പ്ലാന്റിലാണ് സമ്പുഷ്ടീകരണം എന്ന് ഹസന്‍ റൂഹാനി പറഞ്ഞു. ഭൂമിക്കടയിലാണ് ഈ നിലയം. ഉപരോധത്തിന് തിരിച്ചടിയായിട്ടാണ് ഈ നീക്കമെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കക്ക് മറക്കാന്‍ സാധിക്കാത്ത നവംബര്‍ നാലിനാണ് അമേരിക്ക പുതിയ ഉപരോധം പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. 1979ല്‍ ഇസ്ലാമിക വിപ്ലവത്തോട് അനുബന്ധിച്ച് ടെഹ്‌റാനിലെ അമേരിക്കന്‍ എംബസി കൈയ്യേറിയ പ്രക്ഷോഭകര്‍ 52 അമേരിക്കന്‍ ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയും 444 ദിവസം ഉപരോധിക്കുകയുമായിരുന്നു. 1979 നവംബര്‍ നാലിന് തുടങ്ങിയ ഉപരോധം 1981 ജനുവരി 20നാണ് ഉപരോധം അവസാനിച്ചത്.

അവാസ് നഗരത്തില്‍ 1980 ലെ ഗള്‍ഫ് യുദ്ധത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള പരേഡ് നടക്കുമ്പോളാണ് ആക്രമണമുണ്ടായത്. തെക്കുപടിഞ്ഞാറന്‍ നഗരമായ അവാസില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരുടെ ശക്തികേന്ദ്രമാണ്. പരേഡ് ഗ്രൗണ്ടിന് സമീപത്തെ പാര്‍ക്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരെപ്പോലെ നിലയുറപ്പിച്ച നാലംഗസംഘമാണ് നാടകീയമായി വെടിയുതിര്‍ത്തത്. പരേഡിന് സാക്ഷ്യംവഹിക്കാനെത്തിയ സാധാരണക്കാര്‍ക്കുനേരെ വെടിവയ്പ്പ് തുടങ്ങിയ സംഘം പിന്നീട് ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കുനേരെ തിരിഞ്ഞു. കൊല്ലപ്പെട്ടവരില്‍ എട്ട് സൈനികരും ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നു.പത്തുമിനിട്ട് നീണ്ട ഏറ്റുമുട്ടലില്‍ രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടു. രണ്ടുപേരെ ജീവനോടെ പിടികൂടി.

വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റും അറബ് ന്യൂനപക്ഷഗ്രൂപ്പും ഏറ്റെടുത്തു. എന്നാല്‍ ഇറാന്‍വിരുദ്ധ നിലപാടുള്ള വിദേശരാജ്യങ്ങളുടെ പിന്തുണയോടെ നടത്തിയ ഭീകരാക്രമണമാണെന്നനിലപാടുമായി ടെഹ്റാന്‍ രംഗത്തെത്തി. അമേരിക്കയുടെ പിന്തുണയുള്ള ഗള്‍ഫ് രാജ്യമാണ് ആക്രമണത്തിന് പിന്നിലവെന്ന് പറഞ്ഞ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ലക്ഷ്യം വച്ചത് സൗദി അറേബ്യ, യുഎഇ, ബഹ്്റൈന്‍ എന്നീ രാജ്യങ്ങളെയായിരുന്നു. സുഹൃദ്രാജ്യങ്ങളെ ആളും ആയുധവും കൊടുത്ത് ഇറാനെതിരെ ഇറക്കുകയാണ് അമേരിക്ക, റൂഹാനി ആഞ്ഞടിച്ചു.

ആക്രമണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പറഞ്ഞ അമേരിക്ക, നിരപരാധികളുടെ ജീവനെടുക്കുന്ന ഒരു തരത്തിലുള്ള ആക്രമണത്തെയും പിന്തുണക്കില്ലെന്നും വ്യക്തമാക്കി. ഇസ്്ലാമിക് സ്റ്റേറ്റാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യം ടെഹ്്റാന്‍ അറിയിച്ചത്. ഇറാഖിലും സിറിയയിലും ഐഎസ് വിരുദ്ധപോരാട്ടം നടത്തുന്നതിനുള്ള പ്രതികാരമണിതെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. പിന്നീട് ഈ നിലപാട് മാറ്റിയ റൂഹാനി സര്‍ക്കാര്‍ , രാജ്യത്തെ തന്നെ വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് അവകാശപ്പെട്ടു. അറബ് ന്യൂനപക്ഷങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭം നയിക്കുന്ന സംഘടനകളെയാണ് ടെഹ്റാന്‍ ലക്ഷ്യംവച്ചത്. സൗദി അറേബ്യയാണ് വിഘടനവാദികളെ വളര്‍ത്തുന്നതെന്നും ആക്ഷേപമുണ്ട്. ഇറാനിലെ ഷിയാ ഭൂരിപക്ഷ സര്‍ക്കാരിനെ തകര്‍ക്കാന്‍ സൗദിയിലെ സുന്നി ഭരണകൂടം ശ്രമിക്കുന്നു എന്ന ആക്ഷേപം കാലങ്ങളായുള്ളതാണ്. ഇതിന് കുടപിടിച്ചുകൊടുക്കുന്നത് അമേരിക്കയാണെന്നാണ് ആക്ഷേപം.

Loading...