തിരുവനന്തപുരം:  കൊറോണ വൈറസ് മൂലം കേരളത്തില്‍ രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയായ അബ്ദുള്‍ അസീസ്  (68) ആണ് മരിച്ചത്. ഈ മാസം 23 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 

ഇന്നലെ അര്‍ദ്ധരാത്രിയോടുകൂടിയാണ് മരണം സംഭവിച്ചത്.  ദീര്‍ഘനാളായി ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും തൈറോയിഡ് സംബന്ധമായ  പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ചികില്‍സയിലായിരിക്കെ ഇദ്ദേഹത്തിന്  കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകുകയും തുടര്‍ന്ന് വൃക്കകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലായതിനാല്‍ ഡയാലിസിസ് തുടങ്ങിയിരുന്നു.

ആദ്യ പരിശോധനില്‍ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാമത്തെ പരിശോധനാ ഫലം പോസിറ്റീവായതോടെ രോഗം സ്ഥിരീകരിച്ചു. 

ഇദ്ദേഹത്തിന് എവിടെ നിന്ന് രോഗം ലഭിച്ചു എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സെക്കന്‍ഡറി കോണ്‍ടാക്ടില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത്. വേങ്ങോടുള്ള പ്രഥമിക ആരോഗ്യകേന്ദ്രത്തില്‍ ജലദോഷം ബാധിച്ചാണ് ആദ്യം എത്തിയത്. തുടര്‍ന്ന് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയെത്തി. അവിടെവെച്ച് കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ക്കോളേജിലേക്ക് മാറ്റുകയായിരുന്നു. 

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും മൃതദേഹം സംസ്‌കരിക്കുക. 

Loading...