തിരുവനന്തപുരം: ഭാര്യയെ മദ്യലഹരിയിലാക്കിയ ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് പോലീസ് പിടിയില്‍. വാമനപുരം സ്വദേശി ആദര്‍ശി(26)നെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റുചെയ്തത്. വേറ്റിനാട് ഐകുന്നത്തില്‍ ശിവാലയത്തില്‍ രാജേന്ദ്രന്‍-ലീന ദമ്പതിമാരുടെ മകള്‍ രാഗേന്ദുവി(21)നെയാണ് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ 23-നാണ് സംഭവം.

പോത്തന്‍കോട് നന്നാട്ടുകാവില്‍ ഭര്‍ത്താവിനോടൊപ്പം വാടകവീട്ടില്‍ താമസിക്കുമ്പോഴാണ് രാഗേന്ദു ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്. പോത്തന്‍കോട് പോലീസ് പ്രാഥമിക പരിശോധന നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി പിതാവ് രാജേന്ദ്രന്‍ നായര്‍ പോത്തന്‍കോട് പോലീസില്‍ പരാതിനല്‍കി. പോലീസ് ഭര്‍ത്താവ് ആദര്‍ശിനെ പിടികൂടി ചോദ്യംചെയ്തു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. 

23ന് രാത്രി പത്തരമണിയോടെ മദ്യലഹരിയിലായിരുന്ന ആദര്‍ശ് രാഗേന്ദുവുമായി വാക്കേറ്റമുണ്ടായി. തുടര്‍ന്ന് അര്‍ധരാത്രിയില്‍ ഇരുമ്പുദണ്ഡുകൊണ്ട് പ്രതി രാഗേന്ദുവിനെ മര്‍ദിച്ചു. ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ കഴുത്തുഞെരിച്ച ശേഷം മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കി. ശേഷം മുണ്ടുപയോഗിച്ച് രാഗേന്ദുവിന്റെ കഴുത്തില്‍ മുറുക്കി മുറിയിലെ ഫാനില്‍ കെട്ടിത്തൂക്കി. കൊലപാതകത്തിനു ശേഷം ആദര്‍ശ് കിടന്ന് ഉറങ്ങിയതായും 24-ന് രാവിലെ ഇയാള്‍ രാഗേന്ദുവിനെ ആശുപത്രിയിലെത്തിച്ചെന്നുമാണ് പോലീസ് പറയുന്നത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ബേബിയുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ. ഗോപി ഡി., എസ്.ഐ.മാരായ അജീഷ് വി.എസ്., രവീന്ദ്രന്‍ കെ. എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Loading...