തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വിദ്യാ ർഥിയെ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിടികൂടാതെ പൊലീസ് ഒത്തുകളിക്കുന്നെന്ന് ആരോപണം . ഇന്നലെ ഉച്ചയ്ക്കു ബൈക്കിൽ പ്രതികളിലൊരാൾ സെക്രട്ടേറിയറ്റിനു മുന്നിലൂടെ പോകുന്നതായി വിദ്യാർഥികൾ വിളിച്ചറിയിച്ചെങ്കിലും പൊലീസിന് യാതൊരു കൂസലുല്ല .മൂന്നാം വർഷം ബിരുദ വിദ്യാർഥിയും എസ്എഫ്ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിൽ ചന്ദ്രനെ കുത്തിയ കേസിലെ പ്രധാന പ്രതികൾ കോളജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി എ.എൻ.നസീം എന്നിവരടക്കം ഏഴു പേരാണ്. ഇവരുൾപ്പെടെ 30 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തെങ്കിലും അന്വേഷിച്ച് ആരുടെയും വീട്ടിൽ പോലും പോയിട്ടില്ല. ഇവർ സ്ഥിരം പോകാറുള്ള പാർട്ടി ഓഫിസിലും സ്റ്റുഡന്റ്സ് സെന്ററിലും യൂണിവേഴ്സിറ്റി ഹോസ്റ്റലിലും പരിശോധന നടത്തിയിട്ടില്ല.

ഇത്രത്തോളം സംഘർഷം നടന്നിട്ടും വെള്ളിയാഴ്ച ക്യാംപസിൽ കയറി പ്രതികളെ പിടിക്കാൻ പൊലീസിനു ധൈര്യമുണ്ടായില്ല. പ്രിൻസിപ്പൽ പൊലീസിനെ വിളിക്കാതെ ഒത്തുകളിച്ചെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. പാർട്ടിയുടെ ഉറപ്പോടെ പ്രതികൾ കീഴടങ്ങുമ്പോൾ അറസ്റ്റ് രേഖപ്പെടുത്താമെന്ന തീരുമാനത്തിലാണു പൊലീസ്. ഇന്നലെ രാവിലെ പൗഡിക്കോണം വരെ പോയെങ്കിലും ഉടൻ മടങ്ങി. ക്രമസമാധാനച്ചുമതലയുള്ള ഡിസിപിയാണ് കേസ് അന്വേഷിക്കുന്നതെന്നു സിറ്റി പൊലീസ് കമ്മിഷണർ പറയുന്നു. പ്രതികളെ ഉടൻ പിടിക്കണമെന്നു കമ്മിഷണർ വയർലസിലൂടെ നിർദേശം നൽകിയെങ്കിലും പൊലീസ് അതു മുഖവിലയ്ക്കെടുത്തിട്ടില്ല. പാർട്ടി ഓഫിസിൽ പോയി പിടിച്ചാൽ കസേര തെറിക്കുമെന്ന ഭയം ഉദ്യോഗസ്ഥർക്കുണ്ട്. ജനുവരിയിൽ മെഡിക്കൽ കോളജ് സ്റ്റേഷനിൽ എസ്ഐയെ ആക്രമിച്ച ഡിവൈഎഫ്ഐ നേതാവിനെ പിടിക്കാൻ അന്നത്തെ ഡിസിപി ചൈത്ര തെരേസ ജോൺ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പരിശോധന നടത്തി. ഉടൻ കസേരയും തെറിച്ചു.

അതിനിടെ, കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടെന്നും പ്രവർത്തകർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. പ്രതികളായ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പൽ കെ. വിശ്വംഭരനും പറഞ്ഞു.

Loading...