കോട്ടയം: ഏറ്റുമാനൂരിനടുത്ത് കാണക്കാരി പ്ലാപ്പള്ളി വീട്ടിൽ പി.എം.മാത്യു (ബേബി) വിന്റെയും ആലിസിന്റെയും മക്കൾ എബിമോൾ, അനുമോൾ, അൻജുമോൾ, ആശാമോൾ, അവർ എന്നും ഒരുമിച്ചായിരുന്നു, പഠനങ്ങൾക്കും മറ്റും വിട്ടുനിൽക്കേണ്ടി വന്നതൊഴിച്ചാൽ…

ആറുവർഷം മുൻപ് ഓസ്‌ട്രേലിയയിൽ എത്തിപ്പെട്ട അൻജുമോൾ അവിടെ നഴ്‌സിങ് പ്രവേശനം നേടി. തുടർന്നു സഹോദരങ്ങളെ ഓസ്‌ട്രേലിയയിൽ എത്തിച്ചു. ഇളയ സഹോദരി ആശാമോൾ രണ്ടുമാസം മുൻപാണ് നഴ്‌സിങ് പഠനത്തിന് ഓസ്‌ട്രേലിയയിൽ എത്തുന്നത്. ജന്മനാടു വിട്ടിട്ടും കാത്തുസൂക്ഷിച്ച സാഹോദര്യത്തിന്റെ തീക്ഷ്ണത ഇന്നലെ ഒരു നിമിഷം കൊണ്ടു വിധി കവർന്നു.

asussies

ആ നാലു സഹോദരിമാരിൽ ഇനി രണ്ടുപേർ മാത്രം. മരിച്ച ആശ, അൻജു എന്നിവരുടെ ഓർമകൾ മാത്രമാണിനി സഹോദരിമാരായ അനുവിനും എബിക്കും… ജന്മനാടു വിട്ട് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലേക്ക് ചേക്കേറിയിട്ടും അവർ പിരിഞ്ഞില്ല. അവർ ഒരുമിച്ചായിരുന്നു. ഒരു വാഹനത്തിൽ യാത്രചെയ്തും, ജോലിസ്ഥലത്തേക്കു കൂട്ടുപോയും… മൂത്ത സഹോദരി എബിമോൾ വിവാഹിതയായതോടെ താമസം മാറ്റിയെങ്കിലും ദിവസവും തമ്മിൽ ഫോണിൽ സംസാരിച്ചും പറ്റുമ്പോഴെക്കെ നേരിൽ കണ്ടും ബന്ധം തുടർന്നു.

asha
ആശ (വലത്തുനിന്ന് ഒന്നാമത്), അൻജു (വലത്തുനിന്ന് രണ്ടാമത്) എന്നിവർ സഹോദരിമാരായ അനു, എബി എന്നിവർക്കൊപ്പം

എന്നാൽ വിധി അവരെ പിരിച്ചു, ബ്രിസ്‌ബെയ്‌നു സമീപം ഇപ്‌സ്്വിച്ചിലുണ്ടായ വാഹനാപകടത്തിൽ നാൽവർ സംഘത്തിനു ഭാവിയുടെ വഴിതെളിച്ച അൻജുമോളും, അൻജു ഒക്കത്തിരുത്തി ലാളിച്ച ആശയുമാണ് മരിച്ചത്. ഇവരുടെ മൂന്നാമത്തെ സഹോദരിയെ ജോലിസ്ഥലത്തുവിട്ട് മടങ്ങുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സെഡാൻ കാർ എതിരേ ചവറുമായി വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇവരുടെ അമ്മ ആലീസിന്റെ മാതൃസഹോദരൻ ആസ്‌ത്രേലിയയിൽ ഉണ്ടായിരുന്ന ഫാ.ജോർജ് കൊണ്ടൂക്കാലയാണ് ഇന്നലെ പകൽ 3 മണിയോടെ അപകട വിവരം നാട്ടിൽ അറിയിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ എറണാകുളം റോഡിൽ കാണക്കാരി ആശുപത്രിപ്പടിക്കു സമീപത്തെ പ്ലാപ്പള്ളിൽ വീട്ടിൽ ജനം കൂടി. സംഭവം അറിയാതെ പകച്ച അമ്മ ആലീസ് വിവരമറിഞ്ഞയുടൻ ബോധരഹിതയായി. ഓസ്‌ട്രേലിയയിൽ നിന്ന് എബിയും അനുവും ബന്ധപ്പെടുന്നുണ്ട്. നാട്ടുകാരും ബന്ധുക്കളും ഒഴുകിയെത്തുന്നു. പക്ഷേ, ആർക്കും ആരെയും ആശ്വസിപ്പിക്കാനാവുന്നില്ല….

australia

ഫാ. ജോർജ് കൊണ്ടൂക്കാലയുടെയും സഹോദരീ ഭർത്താവ് അനീഷിന്റെയും നേതൃത്വത്തിൽ ഓസ്‌ട്രേലിയയിൽ നടപടികൾ സ്വീകരിച്ചു വരികയാണ്. അഞ്ചു ദിവസത്തിനകം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാമെന്നാണു പ്രതീക്ഷ. ഇന്ത്യൻ എംബസിയും യുവതികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുളള എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥർ നേരിട്ട് ബന്ധുക്കളെ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

Loading...