അബുദാബി: അതിവേഗത്തിന്റെ രാജാക്കന്മാർ അണിനിരക്കുന്ന ഫോർമുല വൺ ഗ്രാൻഡ്പ്രീ വ്യാഴാഴ്ച മുതൽ നടക്കും. യാസ് മറീന സർക്യൂട്ടിലെ റേസ് ട്രാക്കിൽ ശനി, ഞായർ ദിനങ്ങളിലായാണ് മത്സരങ്ങൾ നടക്കുക.

സീസണിലെ അവസാന മത്സരത്തിനാണ് അബുദാബി സാക്ഷ്യം വഹിക്കുക. ആൽഫാ റോമിയോ, മെക് ക്ലാരൻ, റെഡ്ബുൾ, വില്യംസ്, ഫെറാരി, മെഴ്സിഡഡ്, റിനോ, ഹാസ്, റേസിങ്‌ പോയന്റ്, ടോറോ റോസോ എന്നീ ടീമുകളാണ് മത്സര രംഗത്തുള്ളത്. യാസ് മറീന സർക്യൂട്ടിലെ 5.554 കിലോമീറ്റർ നീളമുള്ള ട്രാക്കിൽ 55 ഘട്ടങ്ങളായാണ് മത്സരങ്ങൾ നടക്കുക. ഏകദേശം 305.355 കിലോമീറ്ററാണ് ഡ്രൈവർമാർ വണ്ടിയോടിക്കുക.

കഴിഞ്ഞ വർഷത്തെ ചാമ്പ്യനായ മെഴ്സിഡസിന്റെ ലൂയി ഹാമിൽട്ടൺ തന്റെ അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇത്തവണയും ട്രാക്കിലുണ്ട്. കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരനായ ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ, റെഡ് ബുള്ളിന്റെ മാക്സ് വെസ്റ്റാപ്പെൻ എന്നിവരും സീസണിലെ മികച്ച സമയത്തോടെ ട്രാക്കിൽ ഇടിമുഴക്കാൻ തയാറായിട്ടുണ്ട്.

മത്സരവേദിയിലേക്ക് 70 ബസുകളും 3000-ലധികം ടാക്സികളുമാണ് ഇത്തവണ സർവീസ് നടത്തുക. സ്വകാര്യവാഹനങ്ങളുടെ ഒഴുക്ക് തടഞ്ഞ് ഗതാഗതം സുഗമമാക്കാനും കൂടുതൽ സന്ദർശകർക്ക് വഴിയൊരുക്കാനുമാണ് ഇത്.

പ്രത്യേക ബസ് സർവീസ് ‌

അബുദാബി നഗരത്തിൽനിന്ന് യാസ് ഐലൻഡിലേക്കും തിരിച്ചും ബസ് സർവീസുണ്ടായിരിക്കും. മുഹമ്മദ് ബിൻ സായിദിൽനിന്ന് 102, വിമാനത്താവളത്തിൽനിന്ന് സാദിയാത് ദ്വീപ് വഴി യാസ് ഐലൻഡിലേക്ക് എ19, അൽബാഹിയയിൽനിന്നു അൽറഹ്ബ, ഖലീഫ സിറ്റി വഴി യാസ് ഐലൻഡിലേക്കു 216 എന്നീ ബസുകളാണ് സർവീസ് നടത്തുക. കൂടാതെ പാർക്ക് ആൻഡ് റൈഡ് സേവനവും യാസ് മറീനയിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Loading...