ദുബായ്: കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകാനൊരുങ്ങി യു.എ.ഇയിലെ ആരോഗ്യമന്ത്രാലയം .അർബുദം, മൾട്ടിപ്പിൾ സീറോസിസ് എന്നിവ ബാധിച്ച രോഗികൾക്കാണ് ഇൻഷുറൻസ് ലഭിക്കുക .മൻസിൽ ഹെൽത്ത് കെയർ സർവീസസ് , റോഷ് ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇരു കമ്പനികളുടെയും പ്രതിനിധികൾ ആരോഗ്യ, പ്രതിരോധ മന്ത്രാലയവുമായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

സമൂഹത്തിൽ മാനുഷികമൂല്യങ്ങൾ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2018-ൽ ആരോഗ്യമന്ത്രാലയം നടപ്പാക്കിയ ‘രോഗിക്ക് പിന്തുണ’ സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി. പദ്ധതിപ്രകാരം രോഗികൾക്ക് മികച്ച ചികിത്സാസൗകര്യങ്ങളും ഉയർന്നനിലവാരമുള്ള മരുന്നുകളും ഉറപ്പുവരുത്തുമെന്ന് മന്ത്രാലയത്തിലെ ഡ്രഗ് വകുപ്പ് ഡയറക്ടർ ഡോ. റുഖയ്യ അൽ ബസ്താക്കി അറിയിച്ചു.

കരാർപ്രകാരം റോഷ് ഫാർമസ്യൂട്ടിക്കൽസ് വർഷത്തിൽ 100 രോഗികൾക്ക് മരുന്നുകൾ നൽകും. അർഹതപ്പെട്ടവർ അതത് ആശുപത്രികളുമായി ബന്ധപ്പെട്ടാൽ മൻസിൽ ഹെൽത്ത് കെയർ സർവീസസിലേക്ക് റഫർ ചെയ്യപ്പെടും. തുടർന്നായിരിക്കും സേവനങ്ങൾ ലഭ്യമാവുക.

Loading...