രാജ്യത്തെ ജലക്ഷാമം പരിഹരിക്കാന്‍ അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞുമലകളെത്തിക്കാന്‍ യുഎഇ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത അത്ഭുതത്തോടെയായിരുന്നു ലോകം കേട്ടത്. കൂറ്റന്‍ മഞ്ഞുമലകള്‍ കപ്പലില്‍ കെട്ടിവലിച്ച് ഇത്രയും ദൂരം കൊണ്ടുവരികയെന്നത് സാധ്യമാണോയെന്ന് പലരും സംശയിച്ചു. എന്നാല്‍ ഏറെ ശ്രമകരമായ ദൗത്യത്തില്‍ കമ്പനി ഉറച്ചുതന്നെ നില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സ്വകാര്യ കമ്പനിയാണ് പദ്ധതിക്ക് പിന്നില്‍.

ഭീമാകാരമായ മഞ്ഞുമലകള്‍ യുഎഇ തീരങ്ങളില്‍ ഒഴുകി നടക്കുന്ന കാലം വിദൂരമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2020-ഓടെ തന്നെ അന്റാര്‍ട്ടിക്കയില്‍ നിന്നുള്ള മഞ്ഞുമലകള്‍ യുഎഇയുടെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണമായി മാറുമത്രേ. 50 മില്ല്യണ്‍ ഡോളറിലധികം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി ദി നാഷണല്‍ അഡ്വയ്‌സര്‍ ബ്യൂറോ ലിമിറ്റഡ് നടത്തിയത്.

”യുഎഇ ഐസ്‌ബെര്‍ഗ് പ്രോജക്ട് നിലവില്‍ ശാസ്ത്രീയമായും സാങ്കേതികമായും സാമ്പത്തികമായും സാധ്യമായ പദ്ധതി തന്നെയാണ്. 2020-ഓടു കൂടി ഈ പദ്ധതിയിലൂടെ യുഎഇയില്‍ ജലക്ഷാമം പൂര്‍ണമായും പരിഹരിക്കാനാകും. മാത്രമല്ല യുഎഇ ലോകത്തിലെ തന്നെ കുടിവെള്ള കയറ്റുമതിയില്‍ ഒന്നാമതാകും, കമ്പനിയുടെ എംഡി അബ്ദുള്ള മൊഹമ്മദ് സുലൈമാന്‍ അല്‍ ഷെഹി പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്ന പത്ത് രാജ്യങ്ങളിലൊന്നാണ് യുഎഇ. പ്രതിവര്‍ഷം വെറും നാല് ഇഞ്ച് മാത്രമാണ് യുഎഇയില്‍ മഴ ലഭിക്കുന്നത്. എങ്കിലും ആഗോള ശരാശരിയുടെ ഇരട്ടിയാണ് യുഎഇയിലെ ജല ഉപയോഗമെന്നത് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. വരുന്ന 25 വര്‍ഷത്തിനിടെ യുഎഇയില്‍ കടുത്ത ജലക്ഷാമമാണ് ഉണ്ടാകാന്‍ പോകുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് മറികടക്കാനുള്ള പദ്ധതികളിലൊന്നായാണ് അന്റാര്‍്ട്ടിക്ക ഐസ്‌ബെര്‍ഗ് പ്രോജക്ട് എന്ന ആശയവുമുണ്ടായത്.

മസ്ദര്‍ സിറ്റി കേന്ദ്രമായ യുഎഇയിലെ സ്വകാര്യ കമ്പനിയായ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ തന്നെയാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടതും. മഞ്ഞുമലകള്‍ കപ്പലില്‍ കെട്ടിവലിച്ച് കൊണ്ടു വരുകയാണ് പദ്ധതിയിലൂടെ ചെയ്യുക. നൂറ് കോടിയിലേറെ ഗ്യാലന്‍ ശുദ്ധജലം ഓരോ മഞ്ഞുമലയിലുമുണ്ടെന്നാണ് കരുതുന്നത്. അന്റാര്‍ട്ടിക്കയോട് ചേര്‍ന്നുള്ള ഹേഡ് ദ്വീപുകളിലെ മഞ്ഞുമലകളായിരുന്നു ലക്ഷ്യം.

യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നായ ഫുജൈറയില്‍ നിന്നും ഹേഡ് ദ്വീപുകളിലേക്ക് ഏകദേശം 8800 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം കടലിലൂടെ കപ്പലിന്റെ സഹായത്തില്‍ കെട്ടിവലിച്ച് മഞ്ഞുമല എത്തിക്കാനാണ് പദ്ധതി. യുഎഇയുടെ തീരത്തെത്തിച്ചതിന് ശേഷം മഞ്ഞുമലയുടെ ഭാഗങ്ങള്‍ കുടിവെള്ള പ്ലാന്റിലേക്ക് മാറ്റും. പത്ത് ലക്ഷത്തോളം ജനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ശുദ്ധജലം നല്‍കുന്നതിന് ഒരു മഞ്ഞുമല തന്നെ ധാരാളമാണെന്നാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ പറയുന്നത്.

2017ലായിരുന്നു പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനമുണ്ടായത്. എന്നാല്‍ സര്‍ക്കാരിന്റെ ഒരു തരത്തിലുള്ള ഇടപെടലും പദ്ധതിയിലുണ്ടാകില്ലെന്ന് വാര്‍ത്തകള്‍ വന്നത് ഐസ്‌ബെര്‍ഗ് പ്രോജക്ടിന് വലിയ തിരിച്ചടിയായിരുന്നു നല്‍കിയത്. പദ്ധതിയവസാനിപ്പിച്ചു എന്നു തന്നെ കരുതിയിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പുതിയ പ്രഖ്യാപനമുണ്ടായത്.

കഴിഞ്ഞ അഞ്ചു വര്‍ഷമായി തങ്ങള്‍ പദ്ധതിക്കായുള്ള പഠനങ്ങള്‍ നടത്തുകയായിരുന്നുവെന്നും മഞ്ഞുമലകള്‍ കൂടുതല്‍ അലിയാതെ യുഎഇയിലെത്തിക്കുന്നതിനുള്ള സാങ്കേതികവിദ്യ കണ്ടെത്തിയെന്നുമാണ് അല്‍ ഷെഹി മാധ്യമങ്ങളോട് പറഞ്ഞത്. ഇതുവഴി 100 മില്ല്യണ്‍ ടണ്‍ മഞ്ഞുമലകള്‍ കെട്ടിവലിച്ചുകൊണ്ടുവരാന്‍ സാധിക്കുമെന്നും ഈ വര്‍ഷം അവസാനം ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടുമെന്നും അദ്ദേഹം പറഞ്ഞു. അന്റാര്‍ട്ടിക്കയില്‍ നിന്നും ഫുജൈറ വരെ മഞ്ഞുമലകള്‍ കെട്ടിവലിച്ചെത്തിക്കാന്‍ ഒമ്പത് മാസത്തോളമെടുക്കുമെന്നാണ് കരുതപ്പെടുന്നത്. 50 മില്ല്യണ്‍ ഡോളര്‍ മുതല്‍ 120 മില്ല്യണ്‍ ഡോളര്‍ വരെയാകും ചെലവ്. സ്വകാര്യ വ്യക്തികളാണ് പദ്ധതിക്കാവശ്യമായ ഫണ്ട് നല്‍കുന്നത്.

‘ആഗോളതാപനം മൂലം ഐസ് ഉരുകി എത്രത്തോളം വെള്ളമാണ് പാഴായി പോകുന്നത്. ശുദ്ധജലം ലഭിക്കാതെ ലോകത്ത് 1.2 ബില്ല്യണ്‍ ആളുകള്‍ കഷ്ടപ്പെടുന്നുണ്ട്. 2030-ഓടു കൂടി ലോകത്തിലെ 50 ശതമാനത്തിലധികം ആളുകള്‍ക്ക് ജലക്ഷാമം നേരിടേണ്ടി വരുമെന്നാണ് യുഎന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ഐസ്‌ബെര്‍ഗ് പ്രോജക്ടിന്റെ ഗുണം ലോകവ്യാപകമായി തന്നെ ലഭ്യക്കാനാണ് ഉദ്ദേശിക്കുന്നത്.’- അല്‍ ഷെഹി പറഞ്ഞു.

ശാസ്ത്രജ്ഞര്‍, വിദഗ്ധര്‍, അന്റാര്‍ട്ടിക്കയിലെ ഭൂമിശാസ്ത്രകാരന്മാര്‍, ജല പര്യവേഷകര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍വ്വകലാശാലകള്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം 2019 പകുതിയോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിന്റെ പുതിയ വെബ്സൈറ്റും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഓരോ ഘട്ടങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള സംവിധാനമാണ് വെബ്സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്. മാത്രമല്ല വെബ്സൈറ്റില്‍ ശുദ്ധജല ദൗര്‍ലഭ്യമനുഭവിക്കുന്ന രാജ്യങ്ങളിലെ ജീവിതം, വരള്‍ച്ച തടയാനുള്ള മാര്‍ഗങ്ങള്‍ എന്നിവയെല്ലാം വിശദീകരിക്കുന്നുണ്ട്.

മഞ്ഞുമലകള്‍ യുഎഇ തീരത്തെത്തുന്നതോടെ ജലക്ഷാമം പരിഹരിക്കുക മാത്രമല്ല കാലാവസ്ഥയിലും കാര്യമായ മാറ്റം പ്രകടമാകുമെന്ന് കരുതുന്നു. മേഖലയില്‍ നിലവില്‍ ലഭിക്കുന്നതിലും കൂടുതല്‍ മഴ ഇതിലൂടെ ലഭ്യമാകും. വിനോദ സഞ്ചാര മേഖലയിലും ഉണര്‍വേകാന്‍ പദ്ധതിക്കാകും. മഞ്ഞുമലകള്‍ കാണാന്‍ നിരവധിയാളുകള്‍ രാജ്യത്തേക്കെത്തുമെന്നതാണ് ഇതിന് കാരണം. എന്നാല്‍ ലോകം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പദ്ധതി യാഥാര്‍ഥ്യമാകാന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ച് ഇനിയും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്.

By: Jaisha T K, Malayalam News Press

Loading...