സംസാരത്തിനിടെ കളിയാക്കിയതിന് രണ്ട് സുഹൃത്തുക്കളെ യുവാവ് കുത്തിക്കൊന്നു. സംഭവത്തില്‍ ഏഷ്യക്കാരനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഒപ്പം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്തിരുന്നവരെയാണ് ഇയാള്‍ കുത്തിയത്. ഷാര്‍ജയിലെ ലേബര്‍ അക്കൊമഡേഷനിലായിരുന്നു സംഭവമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വാക്കു തര്‍ക്കത്തിനിടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇയാളെ കളിയാക്കുകയായിരുന്നു. ഇതില്‍ കുപിതനായാണ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇരുവരെയും കുത്തിയത്. എന്നാല്‍ കൈയില്‍ കത്തി കരുതിയിരുന്നെങ്കിലും കുത്തിയത് താനല്ലെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

സംഭവം നടക്കുമ്പോള്‍ സ്ഥലത്ത് നിരവധിപ്പേരുണ്ടായിരുന്നെന്നും കുത്തിയത് മറ്റാരോ ആണെന്നും ഇയാള്‍ പറഞ്ഞു. തന്റെ കൈയിലും കുത്തേറ്റിരുന്നുവെന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് ഫെബ്രുവരി 26ലേക്ക് മാറ്റിവെച്ചു.

Loading...