യുഎഇയില്‍ സ്വദേശിവല്‍ക്കരണം ഇരട്ടിയാക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. കഴിഞ്ഞവര്‍ഷം സ്വദേശിവല്‍ക്കരണം ഇരുന്നൂറു ശതമാനം വര്‍ധിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം അദ്ദേഹം ട്വിറ്ററില്‍ കുറിച്ചതാണിത്.

2018ലെ നേട്ടങ്ങള്‍ അവലോകനം ചെയ്യാനും പുതിയ വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്വദേശിവല്‍ക്കരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. യുഎഇയിലെ തൊഴില്‍മേഖലയിലെ സ്വദേശിവത്കരണം കഴിഞ്ഞ വര്‍ഷം 200 ശതമാനം വര്‍ധിപ്പിക്കാനായെന്നും ഈ വര്‍ഷം ഇരട്ടിയാക്കേണ്ടതുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സ്വദേശികള്‍ക്കായി 7,000 വീടുകള്‍ നിര്‍മ്മിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ എല്ലാ പൗരന്മാര്‍ക്കും മാന്യമായ താമസ സ്ഥലം ഉറപ്പുവരുത്തും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ആയിരം കോടി ദിര്‍ഹത്തിന്റെ സാമൂഹിക സഹായ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കി. ഈ വര്‍ഷവും സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ടാകും. കുടുംബങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി പ്രത്യേക നയങ്ങള്‍ രൂപീകരിച്ചു. ഇതേ നയങ്ങള്‍ പിന്‍തുടരുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.

സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ 1999 നവംബറിലാണ് ദ് നാഷണല്‍ ഹൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് ആന്‍ഡ് എംപ്ലോയ്‌മെന്റ് അതോറിറ്റി(തന്മിയ) രൂപീകരിച്ചത്. സ്വകാര്യ മേഖലകളില്‍ സ്വദേശികള്‍ ജോലിക്കു പോകുന്നതിന് തയാറാകാതിരുന്ന സാഹചര്യത്തിലുമായിരുന്നു ഇതിന്റെ രൂപീകരണം. കൂടുതല്‍ ജോലി സമയം, കുറഞ്ഞ കൂലി,പരിശീലനത്തിനുള്ള സംവിധാനങ്ങളുടെ കുറവ്, തൊഴില്‍ സ്ഥലത്തെ ഒറ്റപ്പെടല്‍ എന്നീ കാരണങ്ങളാണ് സ്വദേശികളുടെ തൊഴില്‍ വിമുഖതയ്ക്കു കാരണമെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് മികച്ച തൊഴില്‍ പരിശീലന സ്ഥാനപനങ്ങളുമായി കരാറുണ്ടാക്കി പരിശീലനം നല്‍കിയിരുന്നു.

ഇതിനു പുറമെ മഹാറത്ത് എന്ന സംരംഭവും തുടങ്ങി. തന്മിയ തന്നെ ആളുകളെ കണ്ടെത്തി പരിശീലന കേന്ദ്രങ്ങളില്‍ അയയ്ക്കുന്ന രീതിയായിരുന്നു ഇത്. തൊഴില്‍ അന്വേഷകനോ, തൊഴില്‍ദാതാവിനോ സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയായിരുന്നു ഇതിന് അവലംബിച്ചിരുന്നത്.രാജ്യാന്തര തൊഴില്‍ സംഘടനയുമായും (ഐഎല്‍ഒ) കരാര്‍ ഒപ്പിട്ടിരുന്നു. മുഖ്യമായും സ്വദേശി വനിതകളെ ഉദ്ദേശിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ സാമ്പത്തിക സഹായവും തൊഴില്‍പരിശീലനം ഉള്‍പ്പടെയുള്ളവയും നല്‍കുന്നതിനായിരുന്നു ഇത്. ഇവയെല്ലാം സ്വദേശിവല്‍ക്കരണ നടപടികളെ ത്വരിതപ്പെടുത്തി.

Loading...