ടെഹ്റാൻ : യുക്രെയ്ൻ യാത്രാവിമാനം കഴിഞ്ഞ ബുധനാഴ്ച രാവിലെ ടെഹ്റാൻ വിമാനത്താവളത്തിനു സമീപം തകർന്നുവീണത് ഇറാൻ സൈന്യം തൊടുത്തുവിട്ട മിസൈലേറ്റ്. മനഃപൂർവമല്ലാതെ സംഭവിച്ച തെറ്റെന്ന് തുറന്നുസമ്മതിച്ച ഇറാൻ, സംഭവത്തിൽ അഗാധമായ ഖേദം പ്രകടിപ്പിച്ചു; ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നു പ്രഖ്യാപിച്ചു. എല്ലാ വിവരങ്ങളും പരസ്യപ്പെടുത്താൻ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി സൈനിക നേതൃത്വത്തോട് ആവശ്യപ്പെട്ടു. 

ടെഹ്റാനിൽ നിന്ന് 82 ഇറാൻകാരും 57 കാനഡക്കാരും 11 യുക്രെയ്ൻകാരും ഉൾപ്പെടെ 167 യാത്രക്കാരും 9 ജീവനക്കാരുമായി യുക്രെയ്ൻ തലസ്ഥാനമായ കെയ്‌വിലേക്കു പുറപ്പെട്ട വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീഴുകയായിരുന്നു. ദുരന്തത്തിൽ എല്ലാവരും മരിച്ചു.‘ദുഃഖകരമായ ദിവസം. യുഎസിന്റെ പ്രവൃത്തി മൂലമുള്ള പ്രതിസന്ധിക്കിടെ, മാനുഷികമായ പിഴവ് ദുരന്തത്തിലേക്കു നയിച്ചു’ എന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് പ്രതികരിച്ചത്.

ഇറാന്റെ ഖുദ്‌സ് സേനാ തലവൻ ഖാസിം സുലൈമാനിയെ വധിച്ചതിനു പ്രതികാരമായി ഇറാഖിലെ 2 യുഎസ് സേനാതാവളങ്ങൾക്കു നേരെ ബുധനാഴ്ച പുലർച്ചെ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. ഇതുകഴിഞ്ഞ് 4 മണിക്കൂറിനകമാണ് വിമാനം തകർന്നത്. ഇറാൻ സൈനിക താവളത്തിന്റെ ദിശയിലേക്കു വിമാനം പൊടുന്നനെ തിരിഞ്ഞതോടെ, ശത്രുപക്ഷം അയച്ച ക്രൂസ്മിസൈലാണെന്നു തെറ്റിദ്ധരിച്ച് ആക്രമിച്ചുവെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

Loading...