Home Top 1 ആദായനികുതി കുറച്ചു; ധനികര്‍ക്ക് സര്‍ച്ചാര്‍ജ്, മൂന്ന് ലക്ഷത്തിന് മുകളില്‍ കറന്‍സി ഇടപാടുകള്‍ അനുവദിക്കില്ല

ആദായനികുതി കുറച്ചു; ധനികര്‍ക്ക് സര്‍ച്ചാര്‍ജ്, മൂന്ന് ലക്ഷത്തിന് മുകളില്‍ കറന്‍സി ഇടപാടുകള്‍ അനുവദിക്കില്ല

ന്യൂഡല്‍ഹി: മൂന്നു ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഒഴിവാക്കിക്കൊണ്ട് മോദി സര്‍ക്കാരിന്റെ പൊതുബജറ്റ്.  രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള ആദായനികുതി അഞ്ച് ശതമാനമായി കുറയ്ക്കുകയും ചെയ്തു. നേരത്തെ ഇത് 10 ശതമാനമായിരുന്നു.

മൂന്ന് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ഫലത്തില്‍ ആദായ നികുതി ഉണ്ടാകില്ലെന്നും ധനമന്ത്രി അറിയിച്ചു. അഞ്ച് ലക്ഷം രൂപവരെ ആദായമുള്ളവര്‍ അഞ്ച് ശതമാനവും അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര് 10 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനവും നികുതി അടയ്ക്കണം. 50 ലക്ഷം മുതല്‍ ഒരു കോടി വരെ വരുമാനമുള്ളവരില്‍ നിന്ന് 10 ശതമാനവും ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ നിന്ന 15 ശതമാനം സര്‍ചാര്‍ജ് ഈടാക്കാനും ധനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

രാഷ്ട്രീയപാര്‍ട്ടികളുടെ പണപ്പിരിവിന് കടിഞ്ഞാണിടണമെന്നും ധനമന്ത്രി പറഞ്ഞു. ഇനി മുതല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജനങ്ങളില്‍ നിന്ന് പണമായി പരമാവധി 2000 രൂപ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂവെന്ന് ബജറ്റില്‍ ജെയ്റ്റലി പ്രഖ്യാപിച്ചു.

രണ്ടായിരത്തില്‍ കൂടുതല്‍ തുക സംഭാവനയായി വാങ്ങണമെങ്കില്‍ അത് ചെക്കോ, ഡിജിറ്റല്‍ ഇടപാടിലൂടേയോ മാത്രമേ നടത്താവൂ എന്നും  ജെയ്റ്റലി നിര്‍ദേശിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ ടാക്സ് റിട്ടേണ്‍ കൃത്യമായി സമര്‍പ്പിക്കണമെന്നും ബജറ്റ് പ്രസംഗത്തില്‍ അരുണ്‍ ജെയ്റ്റലി ആവശ്യപ്പെട്ടു.

ഇതോടൊപ്പം ഡിജിറ്റല്‍ ബാങ്കിംഗ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കറന്‍സി രൂപത്തിലുള്ള പണമിടപാടുകള്‍ക്കും അരുണ്‍ ജെയ്റ്റലി നിയന്ത്രണം ഏര്‍പ്പെടുത്തി.

മൂന്ന് ലക്ഷത്തിന് മുകളിലുള്ള പണമിടപാടുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ ഇനി മുതല്‍ അനുവദിക്കില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റിലാണ് ഇത് പ്രഖ്യാപിച്ചത്.

ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തെ കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയ എസ്‌ഐടി മൂന്ന് ലക്ഷത്തിന് മുകളിലുള്ള കറന്‍സി ഇടപാടുകള്‍ നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇത് സര്‍ക്കാര്‍ അംഗീകരിക്കുകയാണ് ചെയ്തതെന്ന് ജെയ്റ്റ്‌ലി വ്യക്തമാക്കി.

Loading...