അശ്ലീല സൈറ്റില്‍ തന്റെ സെല്‍ഫി വച്ച് പ്രൊഫൈല്‍ ഉണ്ടാക്കിയതുകണ്ട് രോഷംകൊണ്ട് നടന്‍ ഉണ്ണി മുകുന്ദന്‍. ചെറി എന്ന പേരിലുള്ള പ്രൊഫൈലിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ഇനി സോഷ്യല്‍മീഡിയയില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നതു നിര്‍ത്തിയെന്നു പറയുകയാണ് നടന്‍. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടന്റെ പ്രതികരണം.

ഇരുപത്തിയഞ്ചു വയസ്സുള്ള ചെറി എന്ന പ്രൊഫൈലിനാണ് ഉണ്ണി മുകുന്ദന്റെ ചിത്രം നല്‍കിയിരിക്കുന്നത്. അവിവാഹിതനാണെന്നും ഡേറ്റിങ്ങിനായി പെണ്‍കുട്ടികളെ തേടുന്നു എന്നും പ്രൊഫൈലില്‍ പറയുന്നു. സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇങ്ങനെ കുറിച്ചു.

‘അബദ്ധത്തില്‍ ആരെങ്കിലും ഈ അക്കൗണ്ടില്‍ കയറിപ്പോവുകയാണെങ്കില്‍ ഞാനിപ്പോഴേ പറയുകയാണ്. ഇത് ഞാനല്ല. എനിക്ക് 25 വയസ്സുമല്ല പ്രായം. ബിരുദധാരിയുമല്ല. ഈ ഡേറ്റിങ്ങ് പരിപാടികള്‍ക്കു പോകാന്‍ എനിക്കു വട്ടൊന്നുമില്ല. എന്റെ പേര് ചെറി എന്നല്ല.’

സോഷ്യല്‍മീഡിയയില്‍ തന്റെ പേരിലും ചിത്രം ഉപയോഗിച്ചുമുളള വ്യാജ പ്രൊഫൈലുകള്‍ ഇതിനു മുമ്പും ഉണ്ണി മുകുന്ദന്‍ തെളിവു സഹിതം ‘പൊക്കിക്കൊണ്ടു’ വന്നിട്ടുണ്ട്. നടന്റെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി പെണ്‍കുട്ടികളുമായി സൗഹൃദം നടിച്ച് പറ്റിക്കുന്നുവെന്ന് നടന്റെ അച്ഛന്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതും വാര്‍ത്തയായിരുന്നു. തന്റെ ഫോട്ടോ വച്ച് വൈവാഹിക വെബ്സൈറ്റുകളില്‍ ഐഡി ഉണ്ടാക്കുന്നവര്‍ക്കെതിരെയും നടന്‍ പരാതി നല്‍കിയിട്ടുണ്ട്.

Loading...