മൂന്നുവയസുകാരിയുടെ വായിലിട്ട് പടക്കം പൊട്ടിച്ച് യുവാവിന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് ദീപാവലി ആഘോഷങ്ങള്‍ക്കിടെ ക്രൂരമായ സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ കുട്ടി തീവ്രപരിചരണവിഭാഗത്തിലാണ്. വായിലും തൊണ്ടയിലുമുള്ള പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മീററ്റിലെ മിലക് ഗ്രാമത്തിലുള്ള ശശികുമാറിന്റെ മൂന്നുവയസ്സുള്ള മകളുടെ വായിലിട്ടാണ് സമീപവാസിയായ യുവാവ് പടക്കം പൊട്ടിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ കൂട്ടിക്കൊണ്ടുപോയ യുവാവ് വായില്‍ പടക്കം വച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തുന്നത്. അപ്പോഴേക്കും യുവാവ് സ്ഥലം വിട്ടു.

പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിക്കായുള്ള അന്വേഷണം ഉര്‍ജിതമാണ്. ആശുപത്രിയില്‍ കഴിയുന്ന കുട്ടിയ്ക്ക് ഇതുവരെ അന്‍പതോളം തുന്നലുകളിട്ടതായി ഡോക്ടര്‍മാര്‍ പറയുന്നു. അപകടത്തില്‍ കുട്ടിയുടെ തൊണ്ടയിലെ പരുക്ക് അതീവഗുരുതരമുള്ളതാണ്.

Loading...