ഖത്തറിനെതിരെ സൗദിയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചിട്ട് 18 മാസം കഴിഞ്ഞിരിക്കുന്നു. എങ്കിലും ഉപരോധത്തെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായ അകല്‍ച്ച ഇതുവരെ പരിഹരിക്കപ്പെട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കന്‍ പ്രതിനിധി രാജിവെച്ചിരിക്കുന്നത്. അമേരിക്കന്‍ മുന്‍ സൈനിക കമാന്റര്‍ ആന്റണി സിന്നിയാണ് രാജിവെച്ചത്. വിവാദത്തില്‍ ഉള്‍പ്പെട്ട രാജ്യങ്ങളെ കുറ്റപ്പെടുത്തിയാണ് ആന്റണി സിന്നിയുടെ രാജി.

സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തുമാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് ആരോപണം. 2017 ജൂണ്‍ അഞ്ചിനാണ് ഉപരോധം പ്രഖ്യാപിച്ചത്. സമവായ നീക്കങ്ങളുമായി ഒട്ടേറെ രാജ്യങ്ങള്‍ രംഗത്തുണ്ട്.

കുവൈത്ത് ആണ് സമാധാന ശ്രമങ്ങളുമായി മുന്നില്‍. കൂടെ തുര്‍ക്കിയും യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമുണ്ട്. അമേരിക്കയുടെ മേഖലയിലെ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു ഗള്‍ഫ് പ്രതിസന്ധി. ഗള്‍ഫിലെ എല്ലാ രാജ്യങ്ങളുമായും അമേരിക്ക അടുത്ത ബന്ധം പുലര്‍ത്തുന്നു. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങള്‍ക്കിടയില്‍ ഐക്യം വേണമെന്ന് അമേരിക്ക തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.

മുന്‍ സൈനിക ഉദ്യോഗസ്ഥനാണ് ആന്റണി സിന്നി. ഇദ്ദേഹത്തെയാണ് അമേരിക്ക ഗള്‍ഫിലേക്കുള്ള സമാധാന ദൂതനായി 2017 ഓഗസ്റ്റില്‍ നിയോഗിച്ചത്. ഉപരോധത്തില്‍ ഏര്‍പ്പെട്ട എല്ലാ രാജ്യങ്ങളുമായും അദ്ദേഹം സംസാരിച്ചു. ഖത്തറുമായും കൂടിക്കാഴ്ച നടത്തി. എന്നാല്‍ പരിഹാരത്തിന് യാതൊരു വഴിയും കാണാത്തതിനെ തുടര്‍ന്ന് അദ്ദേഹം രാജി വെക്കുകയായിരുന്നു.

ചര്‍ച്ച നടത്തിയെങ്കിലും രാജ്യങ്ങളൊന്നും തന്നെ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുകയോ സമാധാന ശ്രമങ്ങള്‍ക്ക് താല്‍പ്പര്യം പ്രകടിപ്പിക്കുകയോ ചെയ്തില്ലെന്ന് ആന്റണി സിന്നി അഭിപ്രായപ്പെടുന്നു. സിന്നി രാജിവെച്ചെങ്കിലും സമാധാന ശ്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കന്‍ ഭരണകൂടം അറിയിച്ചു.

സമാധാനത്തിന്റെ വഴികള്‍ നേരത്തെ തെളിഞ്ഞിരുന്നു. എന്നാല്‍ ഇതിനിടെയാണ് സൗദി മാധ്യമപ്രവര്‍ത്തകര്‍ ജമാല്‍ ഖഷഗി തുര്‍ക്കിയിലെ കോണ്‍സുലേറ്റില്‍ വച്ച് കൊല്ലപ്പെട്ടത്. ഇതോടെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സൗദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. ഇതോടെയാണ് സമാധാന ചര്‍ച്ചകള്‍ നിലക്കുകയായിരുന്നു.

Loading...