ഓസ്‌ട്രേലിയന്‍ ക്ലബ്ബായ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സിനായുള്ള ആദ്യ പ്രഫഷണല്‍ മത്സരം ഇരട്ട ഗോളുകളോടെ അവിസ്മരണീയമാക്കി ജമൈക്കന്‍ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ട്.

മകാര്‍തുര്‍ സൗത്ത് വെസ്റ്റ് യുണൈറ്റഡിനെതിരായ സൗഹൃദ മത്സരത്തിലാണ് ബോള്‍ട്ട് ഫുട്‌ബോളിലുള്ള തന്റെ കഴിവ് ലോകത്തെ കാണിച്ചത്. ബോള്‍ട്ടിന്റെ ഇരട്ട ഗോളുകളടക്കം എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് മകാര്‍തുര്‍ സൗത്ത് വെസ്റ്റിനെതിരേ സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സ് വിജയിച്ചത്. മൂന്നാമത്തെയും നാലാമത്തെയും ഗോളുകളാണ് ബോള്‍ട്ട് നേടിയത്.

എട്ട് ഒളിമ്പിക്‌സ് മെഡലുകള്‍ സ്വന്തമാക്കിയിട്ടുള്ള ബോള്‍ട്ട് 57, 68 മിനിറ്റുകളില്‍ മറീനേഴ്‌സിനായി സ്‌കോര്‍ ചെയ്തു. ഇവിടെ വന്ന് ഞാന്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ലോകത്തെ കാണിക്കാന്‍ സാധിച്ചതില്‍ താന്‍ സന്തോഷവാനാണെന്ന് മത്സര ശേഷം ബോള്‍ട്ട് പറഞ്ഞു.

2017-ല്‍ അത്‌ലറ്റിക്‌സില്‍ നിന്നു വിരമിച്ച ബോള്‍ട്ട് പ്രൊഫഷണല്‍ ഫുട്‌ബോളില്‍ എത്തി മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും വ്യക്തമാക്കിയിരുന്നു.

നേരത്തേ, ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, സണ്‍ഡൗണ്‍സ്, സ്‌ട്രോംസ്‌ഗോഡ്‌സെറ്റ് എന്നീ യൂറോപ്യന്‍ ക്ലബുകളില്‍ ബോള്‍ട്ട് ട്രയല്‍സിന് ഇറങ്ങിയെങ്കിലും ബോള്‍ട്ടിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഒടുവിലാണ് ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മറീനേഴ്‌സ് ബോള്‍ട്ടിനെ ടീമിലെടുക്കുന്നത്.

ആസ്റ്റണ്‍ വില്ലയില്‍നിന്ന് വായ്പാടിസ്ഥാനത്തില്‍ വേണ്ടി കളിക്കുന്ന റോസ് മക്കോര്‍മാക്കാണ് മറീനേഴ്‌സിനു വേണ്ടി എട്ടാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയത്. 42-ാം മിനിറ്റില്‍ ജോര്‍ദാന്‍ മറെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. രണ്ടാം പകുതിയില്‍ ബോള്‍ട്ട് നിറഞ്ഞു കളിച്ചു, പിന്നാലെ അതിനുള്ള ഫലവും അദ്ദേഹത്തിന് കിട്ടി.

Loading...