തിരുവനന്തപുരം: പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ തന്റെ മകൾക്ക് നീതികിട്ടാൻ സൂരജിന് പരമാവധി ശിക്ഷ ലഭിക്കണമെന്ന് മരിച്ച യുവതിയുടെ പിതാവ് വിജയസേനൻ. കേസ് അന്വേഷണം അതിന്റെ പ്രാഥമിക ഘട്ടത്തിലാണ്. തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലും നടപടികളും പുരോഗമിച്ചുവരികയാണ്. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ ശരിയായ വിധത്തിലുള്ള അന്വേഷണമാണ് ഇപ്പോൾ നടന്നുവരുന്നത്. കേസിൽ പ്രതിയായ സൂരജിനെ പൊലീസ് അറസ്റ്റ് ചെയ്തത് കൊണ്ടുമാത്രം കൊല്ലപ്പെട്ട തന്റെ മകൾക്ക് നീതി ലഭിക്കില്ല.

അതിവിദഗ്ദ്ധമായും ആസൂത്രിതമായും മറ്റാരും ചിന്തിക്കാത്ത വിധത്തിലാണ് കൊലപാതകം നടത്തിയത്. സൂരജിന്റെ ക്രിമിനൽ ബുദ്ധിയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. ആദ്യതവണ സ്വന്തം വീട്ടിൽ നടപ്പാക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ദൗത്യമാണ് മരണത്തിന്റെ വായിൽ നിന്ന് ജീവിതത്തിലേക്ക് കരകയറുന്നതിനിടെ സൂരജ് തന്റെ വീട്ടിൽ വന്ന് നടപ്പാക്കിയത്. ഉത്രയുടെ കൊലപാതകത്തിൽ ഭർത്താവ് സൂരജിനെക്കൂടാതെ കുടുംബത്തിനും പങ്കുണ്ട്. മകളെ ആദ്യതവണ പാമ്പ് കടിച്ച സമയത്ത് യഥാസമയം ആശുപത്രിയിലെത്തിക്കാൻ സൂരജിന്റെ വീട്ടുകാർ കൂട്ടാക്കാതിരുന്നത് ഇതിന്റെ തെളിവാണ്. പാമ്പ് കടിയേൽക്കുംമുമ്പ് ഉത്രയ്ക്ക് ഏതോ മയക്കുഗുളിക നൽകിയിരുന്നതായും സംശയമുണ്ട്. ഇത്തരം കാര്യങ്ങളിലെല്ലാം സമഗ്രമായ അന്വേഷണം അനിവാര്യമാണ്. ഉത്രയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞയുടൻ മകൻ ഒരുവയസുകാരൻ ധ്രുവിനെ സൂരജ് കൂട്ടിക്കൊണ്ടുപോയി. കുട്ടിയുടെ സുരക്ഷയുടെയും സംരക്ഷണത്തിന്റെയും കാര്യത്തിൽ ആശങ്കയുണ്ട്.ഈ സാഹചര്യത്തിൽ സൂരജിന്റെ മാതാപിതാക്കൾക്കൊപ്പം കഴിയുന്ന ധ്രുവിനെ വിട്ടുകിട്ടണം.

അഞ്ചൽ വെള്ളശേരി വീട്ടിലെ സമ്പന്നതയിൽ നിന്നാണ് ഇടത്തരം കുടുംബാംഗമായ സൂരജിന്റെ വീട്ടിലേക്ക് ഉത്ര വധുവായെത്തിയത്. മാനസികമായി ചെറിയ വെല്ലുവിളി നേരിട്ട ഉത്രയെ സ്വീകരിച്ച സൂരജ് എല്ലാവർക്കും പ്രിയങ്കരനായിരുന്നു. സ്ത്രീധനമായി 100 പവൻ സ്വർണവും ലക്ഷങ്ങളുടെ സ്വത്തും നൽകി.

നല്ലൊരാളാണെന്ന് കരുതിയാണ് പെങ്ങളെ വിവാഹം കഴിച്ചുനൽകിയതെന്നും അതൊരു തെറ്റായിപ്പോയെന്നും സഹോദരൻ വിഷു പറയുന്നു.

Loading...