മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ശ്രീറാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന കേസിലെ പ്രതി വഫ ഫിറോസിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ് ഫിറോസ്. ശ്രീറാം വെങ്കിട്ടരാമനുമായുള്ള്‌ള യാത്രയും അപകടവും തന്നോട് പറയാന്‍ പോലും തയ്യാറായില്ലെന്നും ഭാര്യയുടെ വഴിവിട്ട ജീവിതം കാരണം താന്‍ മാനസികമായി തളര്‍ന്നുവെന്നുമാണ് ഫിറോസ് പറയുന്നത്.

തനിക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നയാളാണ് ഭര്‍ത്താവ് എന്നാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ വഫ വിശദീകരിച്ചിരുന്നത്. ഭര്‍ത്താവുമായി ഒരു പ്രശ്നവുമില്ലെന്നും വിശദീകരിച്ചു. ഇതെല്ലാം തെറ്റെന്ന് തെളിയിക്കും വിധമാണ് വഫയുടെ ഭര്‍ത്താവിന്റെ വിവാഹ മോചന നോട്ടീസ്. ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് അറിഞ്ഞ് അബുദാബിയില്‍ നിന്നും നാട്ടിലെത്തിയിട്ടും ഭാര്യ കാണാന്‍ കൂട്ടാക്കിയില്ലെന്നും പറയുന്നു. പരപുരുഷ ബന്ധവും പരോക്ഷമായി വിവാഹ മോചന ഹര്‍ജിയില്‍ പറയുന്നു. ബഹറിനിലെ ബിസിനസ് തകരാന്‍ കാരണം വഫയാണെന്നും ആരോപിക്കുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ ആരോപണങ്ങള്‍ ശരിയല്ലെന്നാണ് വഫയുടെ നിലപാട്. അതുകൊണ്ട് തന്നെ വിവാഹ മോചന ഹര്‍ജിയില്‍ വഫ നിയമ പോരാട്ടം തുടരും.

ചാനല്‍ അഭിമുഖത്തില്‍ താന്‍ വളരെ ചെറിയ പ്രായത്തില്‍ വിവാഹം കഴിച്ചതിനാല്‍ ആഗ്രഹിച്ച രീതിയില്‍ പഠിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. മകള്‍ പന്ത്രണ്ടാം ക്ലാസിലാണ് ഇപ്പോള്‍ പഠിക്കുന്നത് വഫ ഫിറോസ് പറയുന്നു. അടുത്തിടെയാണ് പ്ലസ് ടു എഴുതിയെടുത്തത്. ഇപ്പോള്‍ പ്രൈവറ്റായി ബി എ ഇംഗ്ലീഷ് പഠിക്കുകയാണ് താനെന്ന് പറഞ്ഞ വഫ ഫിറോസ് പരീക്ഷയെഴുതാന്‍ വേണ്ടിയാണ് താന്‍ നാട്ടിലെത്തിയതെന്നും വിശദീകരിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം സംശയ നിഴലിലാകുന്ന തരത്തിലാണ് ഇപ്പോള്‍ ഫിറോസിന്റെ വിവാഹ മോചന നോട്ടീസ്.

ഡൈവേഴ്സ് നോട്ടീസില്‍ ഫിറോസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഈ വിധത്തിലാണ്…2000ല്‍ നാവായിക്കുളത്ത് വെള്ളൂര്‍കോണം ജമായത്തില്‍ ആയിരുന്നു വിവാഹം. അന്ന് തനിക്ക് ജോലി ഇല്ലായിരുന്നു. അതിന് ശേഷം കഠിനമായി പ്രയത്നിച്ച് വിദേശ രാജ്യങ്ങളില്‍ ജോലി നോക്കി. ഭാര്യയുടെ ആഗ്രഹ അഭിലാഷങ്ങള്‍ പാലിച്ചു. ഇതിനിടെ വഫയുടെ പേരില്‍ പട്ടം മരപ്പാലത്ത് അവരുടെ അച്ഛന്‍ ഭൂമി വാങ്ങി. ഇവിടെ തന്റെ ചെലവില്‍ വീടു വച്ചു. ദാമ്പത്യ ജീവിതം തുടങ്ങിയതു മുതല്‍ വഫയ്ക്ക് പിടിവാശിയായിരുന്നു. വിചിത്രമായ സങ്കല്‍പ്പമായിരുന്നു കൊണ്ടു നടന്നതെന്നും ഫിറോസ് ആരോപിക്കുന്നു.

താന്‍ മുസ്ലിം രീതികള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന ഒരാളായിരുന്നെങ്കിലും വഫ ഒരിക്കലും അങ്ങനെയൊരാളായിരുന്നില്ലെന്ന് ഫിറോസ് പറയുന്നു. പൊതു സ്ഥലങ്ങളില്‍ പര്‍ദ ധരിക്കാതെ സഞ്ചരിച്ച് അന്യ പുരുഷന്മാരോട് ഇടപെഴുകിയും തന്റെ ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ട് പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചും അവയുടെ ഫോട്ടോകള്‍ പൊതു ജനമധ്യത്തില്‍ പ്രദര്‍ശിപ്പിച്ചും ഇസ്ലാമിന് അനുവദനീയമല്ലാത്ത രീതിയില്‍ വിദേശത്തും സ്വദേശത്തും ജീവിച്ച് വരുന്നുവെന്നും ഫിറോസ് ആരോപിക്കുന്നു.

2007ല്‍ വഫ രണ്ടാമതും ഗര്‍ഭിണിയായെന്നും എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം ഗര്‍ഭം അലസിപ്പിച്ച് ജീവനെ നശിപ്പിക്കുകയായിരുന്നുവെന്നും ഫിറോസ് ആരോപിക്കുന്നു. മൂന്നാം മാസത്തിലെ ഗര്‍ഭം അലസിപ്പിക്കലിന് ശേഷവും യാതൊരു പശ്ചാത്തപവും കൂടാതെ പഴയ പടി ഒരു ആഡംബര ജീവിതം നയിച്ചുവെന്നും ആരോപിക്കുന്നു. അതിന് ശേഷം ഭാര്യ എന്ന നിലയില്‍ എല്ലാ കടമകളും എനിക്ക് നിഷേധിച്ചു കൊണ്ട് ബഹറിനില്‍ എനിക്കും മകള്‍ക്കും വേണ്ട പരിചരണങ്ങള്‍ നല്‍കാതെ തിരുവനന്തപുരത്തേക്ക് അടിക്കടി യാത്ര ചെയ്തിട്ടുള്ളതും സമൂഹവും ഇസ്ലാമും അംഗീകരിക്കാത്ത തരത്തില്‍ ധാരാളം പുരുഷ സുഹൃത്തുക്കളോടൊപ്പം ഇടപഴകി ജീവിച്ചെന്നും ആരോപിക്കുന്നു.

വഫ കാരണം ബഹറിനിലെ ബിസിനസില്‍ നഷ്ടമുണ്ടായെന്നും ഫിറോസ് പറയുന്നു. തുടര്‍ന്ന് വലിയ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടായതു കൊണ്ട് തിരികെ തിരുവനന്തുപുരത്ത് എത്തി. തൊഴില്‍ രഹിതനായി തിരുവനന്തപുരത്ത് കഴിഞ്ഞപ്പോള്‍ 2014 സെപ്റ്റംബറില്‍ അബുദാബിയില്‍ ജോലി ലഭിച്ചു. ഇതിന് ശേഷം വഫയേയും കുട്ടിയേയും അബുദാബിയില്‍ കൊണ്ടു പോയി. ഈ സമയത്ത് ലൈംഗിക ബന്ധം പൂര്‍ണ്ണമായും നിഷേധിച്ച് തന്നിഷ്ടപ്രകാരം ജീവിച്ചു. അടിക്കടി അബുദാബിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത് തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളില്‍ അന്യപുരുഷന്മാരോടൊപ്പം നൃത്ത ചുവടുകള്‍ വച്ച് സായാഹ്നങ്ങളില്‍ ഉല്ലസിച്ചു. ഇത് അറിയുമ്പോഴെല്ലാം ഉപദേശിച്ച് ഇസ്ലാമിക രീതിയിലെ ജീവിതം നയിക്കാന്‍ ഉപദേശിച്ചു. ഇതെല്ലാം തന്നെ ഏറെ തളര്‍ത്തിയെന്ന് ഫിറോസ് പറയുന്നു.

Loading...