വൈക്കം: മകൾ ഗർഭിണിയായതറിഞ്ഞ് മാതാപിതാക്കൾ ജീവനൊടുക്കി. അച്ഛനമ്മമാരെ മരിച്ച നിലയിൽ കണ്ട മകളും ആത്മഹത്യ ചെയ്തു. മകളെ പീഡിപ്പിച്ച യുവാവിനെതിരെ ശനിയാഴ്ച മാതാപിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് അന്ന് രാത്രിയോടെ ഇവർ ജീവനൊടുക്കുകയായിരുന്നു. മാതാപിതാക്കള്‍ ആത്മഹത്യചെയ്തത് അറിഞ്ഞ പെൺകുട്ടിയും ജീവനൊടുക്കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ജിഷ്ണുദാസിനെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. പോക്സോ നിയമപ്രകാരമാണ് ജിഷ്ണുവിനെതിരെ കേസെടുത്തത്. 

പതിനേഴുകാരിയായ പെൺകുട്ടിക്കു ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു ഒന്നരമാസം ഗര്‍ഭിണിയാണെന്നു കണ്ടെത്തിയത്. മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ വെള്ളൂർ പൊലീസ് ജിഷ്ണുദാസിനെ കസ്റ്റഡിയിലെടുത്തു. ഇതിനുശേഷം രാത്രിയാണ് വീട്ടിലെ കിടപ്പുമുറിയില്‍ പെൺകുട്ടിയുടെ അച്ഛനും അമ്മയും തൂങ്ങിമരിച്ചത്. 

രാവിലെ ഉറക്കം ഉണർന്ന പെൺകുട്ടി, മാതാപിതാക്കളെ കിടപ്പുമുറിയിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടു. തുടർന്ന് പെണ്‍കുട്ടി പിറവത്ത് താമസിക്കുന്ന സഹോദരിയെ വിളിച്ചു വിവരം അറിയിച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് പൊലീസും നാട്ടുകാരും വീട്ടിലെത്തിയപ്പോൾ വിദ്യാർഥിനിയെയും മാതാപിതാക്കളെയും വീടിനുള്ളിൽ മരിച്ച നിലയില്‍  കണ്ടെത്തി. വീടിന്റെ വാതിൽ അകത്തുനിന്നു കുറ്റിയിട്ട നിലയിലായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം നടത്തി.

പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ മുന്‍ വിദ്യാര്‍ഥിയാണ് പിടിയിലായ ജിഷ്ണുദാസ്. പെണ്‍കുട്ടിയെ വീട്ടില്‍വച്ച് ഒട്ടേറെ തവണ പീഡിപ്പിച്ചതായി ജിഷ്ണുദാസ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നും നല്‍കി. ഈ വിവരമറിയാതെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയത്. 

Loading...