വൈക്കം വിജയലക്ഷ്മി നിശ്ചയിച്ചവിവാഹം വേണ്ടെന്നു വെച്ചത് വലിയ വാര്‍ത്തയായിരുന്നു .എന്നാല്‍ അതിനു പിന്നില്‍ താന്‍ അനുഭവിച്ച സംഘര്‍ഷങ്ങളെ കുറിച്ചു വിജയലക്ഷ്മി മനോരമ ടിവിയിലെ  നേരേചൊവ്വേയില്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി.വിവാഹം വേണ്ടെന്നു വച്ചതിനു ശേഷം വലിയ ആശ്വാസം തോന്നുന്നു എന്നാണു ഇതിനെ കുറിച്ച് അവതാരകന്റെ ചോദ്യത്തിന് വിജയലക്ഷ്മി മറുപടി പറഞ്ഞത് .

ഗായത്രി വീണ വായിച്ചു റെക്കോര്‍ഡ് സ്വന്തമാക്കിയ സന്തോഷത്തില്‍ ആയിരുന്നു വിജയലക്ഷ്മി .കല്യാണത്തിന്റെ ടെൻഷനോ മറ്റു ചിന്തകളോ ഇല്ലാതെ പൂർണമായി അർപ്പിച്ച് വീണ വായിക്കാനായി. ആ ചിന്തകളോടെയാണ് ഞാനിരുന്നതെങ്കിൽ ഇത്രയും നന്നാകുമായിരുന്നോ എന്നു സംശയമുണ്ട് എന്നും അവര്‍ പറയുന്നു . സ്ത്രീയുടെ കലാജീവിതം പൂർണതയിലെത്താൻ വിവാഹം തടസ്സമാകുമെന്നാണിപ്പോൾ തോന്നുന്നത്. മറിച്ച് സംഭവിക്കണമെങ്കിൽ അത്രയും അർപ്പണമനോഭാവമുള്ള പങ്കാളിയെ കിട്ടണം. നമ്മളെ അറിയുകയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന മനസ്സുള്ള ഒരാളായാൽ കുഴപ്പമില്ല. എല്ലാ ബന്ധങ്ങളും നമ്മളെ പിന്തുണയ്ക്കണമെന്നില്ല. ഈ വിവാഹം വേണ്ടെന്നുവയ്ക്കുന്നതു വരെ ടെൻഷനായിരുന്നു. ആദ്യം ടെൻഷനുണ്ടായിരുന്നെങ്കിൽ പിന്നീട് അദ്ദേഹത്തിന്റെ നല്ല പെരുമാറ്റം കാരണം ടെൻഷൻ മാറി, പക്ഷെ വിവാഹനിശ്ചയത്തിന് ശേഷം പെരുമാറ്റം ക്രൂരമായിരുന്നു. ഓരോ നിമിഷവും എനിക്ക് സങ്കടമായിരുന്നു. പൂജാമുറിയിൽ പ്രാർഥിക്കുമ്പോഴും ഇത് വേണ്ട വേണ്ട എന്ന് മനസുപറഞ്ഞു. ഞാനത് കേൾക്കുക മാത്രമാണ് ചെയ്തത്. ആദ്യം വീട്ടുകാരോടാണ് ചോദിച്ചത്, അവർക്ക് വിഷമം ആകരുതല്ലോ. ഇത് വേണ്ട എന്നു പറഞ്ഞപ്പോൾ ഞങ്ങൾക്ക് വിഷമം ആകില്ല മോൾ തീരുമാനം എടുത്തോളൂ എന്നാണ് വീട്ടുകാർ പറഞ്ഞത്.

ആഗ്രഹവും പ്രതീക്ഷയും ഉണ്ടായിരുന്നിട്ടും അത്രയും വേദനിച്ചതു കൊണ്ടാണ് വിവാഹം വേണ്ടെന്നു തീരുമാനിച്ചത്. അതുകൊണ്ട് ഉടനേ ഏതായാലും മറ്റൊരു വിവാഹം ചിന്തയിലില്ല. എന്റെ സംഗീതത്തെയും കഴിവിനെയും അംഗീകരിക്കാൻ പറ്റുന്ന ആളാണെന്നു ബോധ്യപ്പെടണം. അങ്ങനെ ബോധ്യം വന്നാൽ ചിലപ്പോൾ ആലോചിച്ചേക്കാം. അല്ലെങ്കിൽ വിവാഹം വേണ്ട എന്നു തീരുമാനിക്കും. വിവാഹം വേണ്ടെന്നത് എന്റെ സ്വന്തം തീരുമാനമായിരുന്നു. നമ്മളാരെയും പേടിച്ച് ജീവിക്കേണ്ട കാര്യമില്ല. സ്വന്തം ജീവിതത്തെക്കുറിച്ച് സ്വന്തമായിത്തന്നെ തീരുമാനങ്ങളെടുക്കുക. അതിൽ മടി വിചാരിക്കരുത്. കഴിവുകൾ തിരിച്ചറിയാനും അത് വേണ്ടപോലെ പ്രയോജനപ്പെടുത്താനും ധൈര്യം കാണിക്കണം.

Loading...