വളാഞ്ചേരി പോക്സോ കേസിൽ എൽഡിഎഫ് നഗരസഭാ കൗൺസിലർ ഷംസുദ്ദീന് മന്ത്രി കെ ടി ജലീലുമായി അടുത്ത ബന്ധമെന്ന് പെൺകുട്ടിയുടെ സഹോദരി. ഉന്നത സ്വാധീനം കൊണ്ടാണ് പരാതി നൽകി ഒരാഴ്ച്ചയായിട്ടും പ്രതിയെ പിടികൂടാത്തത്. പ്രതി ഷംസുദ്ദീന്‍റെ സഹായികൾ നിരന്തരം ഭീഷണിപ്പെടുത്തുകയും സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും ഒത്തുതീർപ്പിന് വഴങ്ങാനാണ് പൊലീസിനെക്കൊണ്ട് ഭർത്താവിനെതിരെ കേസെടുപ്പിച്ചതെന്നും പെൺകുട്ടിയുടെ സഹോദരി പറ‌‌ഞ്ഞു.

“ഭർത്താവിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി അനിയത്തി വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല. ഭർത്താവിനെതിരെ കള്ളക്കേസെടുത്ത് വരുതിയിൽ നിർത്തിക്കാനും പരാതി പിൻവലിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. ചൈൽഡ് ലൈന്‍റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ കാണാനോ സംസാരിക്കാനോ വീട്ടുകാരെ അനുവദിക്കുന്നില്ല” പെൺകുട്ടിയുടെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പീഡനത്തെ അതിജീവിച്ച 16കാരിയുടെ സഹോദരീഭർത്താവിനെതിരെ ഇന്നലെയാണ് പോക്സോ പ്രകാരം കേസെടുത്തത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരിയുടെ ഭർത്താവ് പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേ സമയം കേസിലെ പ്രതിയായ എൽഡിഎഫ് നഗരസഭാ കൗൺസിലർ ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പതിനാറ് വയസുകാരിയായ പെൺകുട്ടിയെ ഒരു വർഷമായി പീഡിപ്പിച്ചുവെന്നാണ് ഇയാൾക്കെതിരായ കേസ്. ഷംസുദ്ദീൻ വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയ സൂചന.

വളാഞ്ചേരി നഗരസഭ 32ആം വാർഡിലെ ഇടതുപക്ഷത്തിന്‍റെ സ്വതന്ത്ര കൗൺസിലറായ ഷംസുദ്ദീൻ നടക്കാവിലിനെതിരെ പതിനാറ് വയസുകാരിയായ പെൺകുട്ടി പരാതി നൽകിയിരുന്നു. ഒരു വർഷമായി ഷംസുദ്ദീൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെൺകുട്ടി ചൈൽഡ് ലൈനോട് വെളിപ്പെടുത്തിയത്. തനിക്കെതിരെ പരാതി വരുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഷംസുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു. ഇയാൾ മലേഷ്യയിലേക്കോ തായ്‍ലന്‍റിലേക്കോ കടന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഈ രണ്ട് രാജ്യങ്ങളിലും ഷംസുദ്ദീന് ചില ബിസിനസ് ബന്ധങ്ങളുണ്ട്.

Loading...